Kerala
എനിക്കാവതില്ലേ പൂക്കാതിരിക്കാൻ...
ഗ്രാമീണ കാർഷിക ഉത്സവമായ വിഷു മലയാളക്കരയുടെ വിളവെടുപ്പ് ഉത്സവമാണ്.

“എനിക്കാവതില്ലേ പൂക്കാതിരിക്കാൻ
എനിക്കാവതില്ലേ കണിക്കൊന്നയല്ലേ
വിഷുക്കാലമല്ലേ പൂക്കാതിരിക്കാൻ
എനിക്കാവതില്ലേ വിഷുക്കാലമെത്തി’
– അയ്യപ്പ പണിക്കർ
മലയാളികളുടെ മനസ്സിൽ ഗൃഹാതുരതയുടെ മഞ്ഞപ്പൂക്കൾ വിരിയിച്ചു കൊണ്ട് മറ്റൊരു വിഷുക്കാലം കൂടി എത്തുമ്പോൾ അതിരു വിടുന്ന ന്യൂജെൻ ആഘോഷങ്ങളുടെ ഇടയിലും പോയ കാലത്തിന്റെ മാമ്പഴ ഭരണിയിൽ ഇപ്പോഴും ബാക്കി നിൽക്കുകയാണ് പഴയ തലമുറയുടെ വിഷു ഓർമകൾ. പ്രകൃതിയും മനുഷ്യനും തമ്മിൽ സഹജമായുള്ള കൂടിച്ചേരലിന്റെ മഹോത്സവങ്ങളിലൊന്നാണ് വിഷു. ഗ്രാമീണ കാർഷിക ഉത്സവമായ വിഷു മലയാളക്കരയുടെ വിളവെടുപ്പ് ഉത്സവമാണ്. അന്യം നിന്നുപോകുന്ന മനോഹരമായ ഗ്രാമീണ കാർഷിക സംസ്കാരത്തിന്റെ പുനർവായനകളാണ് ഓരോ വിഷുക്കാലവും മലയാളികൾക്ക് സമ്മാനിക്കുന്നത്. ചീരയും വെള്ളരിയും മത്തനുമൊക്കെ സമൃദ്ധമായി വിളഞ്ഞുകിടക്കുന്ന പാടം….. പാടത്തേക്ക് നീളുന്ന പറമ്പിൽ പൂത്ത കൊന്നക്ക് താഴെ വീണ പൂക്കൾക്കിടയിലൂടെയാണ് ഓരോ മലയാളിയുടെയും വിഷു പരന്നുകിടക്കുന്നത്.
ഒരോ വിഷുക്കാലവും മലയാളിക്ക് ഒരുപാട് ഗൃഹാതുരമായ ഓർമകളാണ്. വിഷു കവിതകളും കാർഷിക സമൃദ്ധിയും പൂത്തു നിന്ന വിഷുക്കാലം തിരിച്ചു കിട്ടാത്ത ഒന്നായി മാറുമ്പോൾ വിരിഞ്ഞ മാവിൽ എറിഞ്ഞ് പഴുത്ത മാങ്ങ വീഴ്ത്തിയും ചക്ക പറിച്ച് തിന്നും നടന്ന ബാല്യത്തിന്റെ മണം മുറ്റിയ വിഷുക്കാലത്തെ എങ്ങനെ ഓർമകൾക്ക് വിട്ടു നൽകാൻ പറ്റും. ഇന്നത്തെ പുതിയ കാലത്തിൽ നിന്നും വ്യത്യസ്തമായി മുറ്റത്തെ മാമ്പഴവും പറമ്പിലെ ചക്കയും വെള്ളരിയും ഒരു രൂപ നാണയവും സമൃദ്ധമായ സദ്യയുമായാൽ വേനലിന്റെ ഏറ്റവും വലിയ ആഘോഷം പൂർത്തിയാകുന്നിടത്ത് ഇന്ന് വിഷു വലിയ ആഘോഷങ്ങളുടെ കാലമായി മാറിയിരിക്കുകയാണ്.
വർണാഭമായ ആഘോഷം എന്നതിനപ്പുറം കൊടും ചൂടിനെയും ചൂടിന്റെ ദാനമായ പൂക്കളെയും പഴങ്ങളെയും പക്ഷികളെയും ആഘോഷമാക്കിമാറ്റുന്ന പ്രതിരോധ തന്ത്രം കൂടിയായിരുന്നു അന്ന് വിഷുക്കാലം. കൃഷിയും കവിതകളും കൂട്ടായ്മകളും ചേർന്നുള്ള പഴയ വിഷുക്കാലം പുതിയ തലമുറക്ക് അന്യമാകുമ്പോൾ വിഷുവിന്റെ വരവറിയിച്ച് പാടുന്ന വിഷുപക്ഷിയുടെ പാട്ടിൽ ഉണ്ട് പോയ്പ്പോയ നന്മനിറഞ്ഞ വിഷുക്കാല ഓർമകൾ.
വിഷു അടുത്തെത്തിയാൽ വിഷുപക്ഷിയുടെ പാട്ടായി ആദ്യം ഓർമയിൽ എത്തുക വൈലോപ്പിള്ളിയുടെ വിഷുക്കണി എന്ന കവിതയിലെ “ധൂസര സങ്കൽപ്പം’ ആണ്. പ്രശസ്തമായ ആ വരികൾ ഇങ്ങനെയാണ്: “ഏത് ധൂസര സങ്കൽപ്പങ്ങളിൽ വളർന്നാലും ഏത് യന്ത്രവത്കൃത ലോകത്തിൽ പുലർന്നാലും മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിൻ വെളിച്ചവും മണവും മമതയും ഇത്തിരിക്കൊന്നപ്പൂവും.’ മറുനാട്ടിൽ ജീവിക്കുന്ന മലയാളികൾക്ക് ഈ വരികൾ ഏറെ ഇഷ്ടമായതിൽ അത്ഭുതമില്ല. ദൂരദേശങ്ങളിൽ നിന്ന് ഓണമെന്നും വിഷുവെന്നും അവനവന്റെ ചെറുപ്പകാലത്തെ പിടിച്ചെടുക്കാൻ വെമ്പുന്ന മലയാളികൾ മതഭേദമൊന്നും കൂടാതെ ഈ വരികളെ നെഞ്ചിലേറ്റുന്നത് കാണാം.
ഉത്സവങ്ങളെ അതിരുവിട്ട ആഘോഷമാക്കുന്ന പുതിയ തലമുറയോടുള്ള ഓർമപ്പെടുത്തലായാണ് വൈലോപ്പിള്ളിയുടെ കവിത നമ്മളോട് സംസാരിക്കുന്നത്. വിഷുക്കണി എന്ന പേരിൽ വൈലോപ്പിള്ളിയുടെ മറ്റൊരു കവിതയുണ്ട്.
“കനകക്കിങ്ങിണി, വള കൈമോതിര-
മണിഞ്ഞു വായുണ്ണി കണി കാണാൻ.
കതിരവൻ കിഴക്കുദിക്കുമ്പോൾ, വിഷു-
ക്കണി കാണാനമ്മ വിളിക്കുമ്പോൾ,
പഴയൊരീരടി കരളിൽ മൂളി ഞാൻ’
കണികാണുംനേരം കമലനേത്രന്റെ എന്ന കവിത നമ്മുടെയെല്ലാം ഉള്ളിൽ വളർത്തുന്നത് കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓർമകളും, ഗ്രാമജീവിതവുമൊക്കെത്തന്നെയാണെന്ന് പറയുന്നു. “പഴയൊരീരടി കരളിൽ മൂളി’ക്കുന്ന ആഘോഷമാണ് വിഷു. അത് ഗൃഹാതുരതയുടെ ആഘോഷം കൂടിയാണ്. പണ്ടുകാലം നല്ലതായിരുന്നു എന്ന ആലോചന അത്ര നല്ലതല്ലെങ്കിലും മനുഷ്യർക്ക് ഗൃഹാതുരത നീക്കിവെച്ചൊരു ജീവിതമില്ലല്ലോ.
സച്ചിദാനന്ദൻ എഴുതിയ ഒരു വിഷുക്കവിതയുണ്ട്. “വെറുതെ ഒരു വിഷു’ എന്ന ഈ കവിതയെക്കൂടാതെ “വിഷു പിന്നെയും’ എന്ന കവിത കുറെക്കൂടി നമുക്ക് പരിചിതമാണ്.
ശരി; മാമ്പഴക്കാല –
മോർത്തു പേ പിടിക്കാതെ
വെയിലിൻ കൊന്നപ്പൂവേ
മൂടുകെൻ വിരഹങ്ങൾ.’
പാടവും വിഷുച്ചൂടുമെല്ലാം അനുഭവിക്കാൻ കഴിയുന്ന മറ്റൊരു കവിതയാണ് ആലങ്കോട് ലീലാകൃഷ്ണൻ എഴുതിയ വിഷുക്കതിർ.
“വിണ്ടപാടത്തിൻ മീന –
പ്രളയപ്പൊരിച്ചിലിൽ
മുണ്ടകൻ വയൽക്കരെ
മഴനൂലിരങ്ങുബോൾ
പിന്നെയും മേടത്തിന്റെ
സൂര്യസംക്രമത്തേരിൽ
പൊന്നണിഞ്ഞെത്തുന്നുവോ
മണ്ണിന്റെ വിഷുക്കതി വിണ്ടപാടത്തിൻ മീന –
പ്രളയപ്പൊരിച്ചിലിൽ
മുണ്ടകൻ വയൽക്കരെ
മഴനൂലിരങ്ങുന്പോൾ
പിന്നെയും മേടത്തിന്റെ
സൂര്യസംക്രമത്തേരിൽ
പൊന്നണിഞ്ഞെത്തുന്നുവോ
മണ്ണിന്റെ വിഷുക്കതിർ’
കവിയും ഗാനരചയിതാവുമായ യൂസഫലി കേച്ചേരി വിഷുവിനെ കാണുന്നത് നോക്കുക:”പഞ്ചാഗ്നി മധ്യത്തില്‍പ്പൊന്‍വൈജയന്തിയുമേന്തി-
പ്പുഞ്ചിരി പെയ്‌തേ നില്‍ക്കും നിന്റെയീ തിതിക്ഷയെ’
ജി ശങ്കരക്കുറുപ്പ് വിഷുവിന്റെ കാർഷികജീവിത സൗന്ദര്യത്തെയാണ് എടുത്തുകാണിക്കുന്നത്.
“കാലിക്കിടാങ്ങളെച്ചാലെത്തെളിച്ചുനല്‍-
ക്കോലക്കുഴലിടയ്ക്കൂതിയൂതി
മായാകുമാരന്‍ നടക്കവേ കോമള-
മായ തൃക്കാലേറ്റ മണ്‍തരിയില്‍
മായാതെയിന്നും കിടക്കുന്നുണ്ടാവാമാ
മാധുര്യമേറുന്ന പാടോരോന്നും’
ഇന്ന് കാലം മാറി റെഡിമെയ്ഡ് പാക്കറ്റുകളിലും അണുകുടുംബങ്ങളിലും പുറത്തുനിന്നുമുള്ള വിഷു സദ്യയിലും ഒക്കെ ഒതുങ്ങുന്ന ഇന്നത്തെ വിഷുക്കാലത്തും നമ്മുടെ പുതിയ തലമുറക്ക് നാം പകർന്നു കൊടുക്കേണ്ട നന്മകളാണ് , അറിവുകളാണ് ആ പഴയവിഷുക്കാലത്തിന്റെ അനുഭവങ്ങൾ. എല്ലാ ആഘോഷങ്ങളും ഒപ്പം വിഷുവും ഒക്കെ നമ്മൾ കാലമാറ്റത്തിന്റെ പടിക്കൽ നിന്നുകൊണ്ട് ഇന്നും സന്തോഷപൂർവം ആഘോഷിക്കുന്നുണ്ട്. അവയിലൊക്കെ ആഹ്ലാദം കണ്ടെത്തുന്നുണ്ട്. എന്നാൽ ആഘോഷങ്ങളിൽ, ആചാരങ്ങളിൽ സങ്കൽപ്പങ്ങളിലൊക്കെ കുറച്ചു വ്യത്യാസങ്ങളും വിഭിന്നതകളും വന്നു എന്ന് മാത്രം!
ഇന്ന് വിഷുക്കണി റെഡിമെയ്ഡ് പാക്കറ്റുകളിൽ നാം വാങ്ങുന്നു. ഓട്ടുരുളി കാലപ്പഴക്കത്തിൽ മറഞ്ഞുപോയിരിക്കുന്നു. കൂട്ടുകുടുംബങ്ങൾ ഓർമകളിൽ മാത്രമായി ഒതുങ്ങുന്നു. നഗരങ്ങളിൽ കൂടുതലും വിഷു സദ്യയും പാക്കറ്റുകൾ കൈയടക്കി. വിഷുപ്പായസം റെഡിമെയ്ഡ് ആയി. എല്ലാം ഒറ്റ ദിവസത്തെ ചടങ്ങുകളിൽ നമ്മളൊക്കെ നാലാൾക്കൊപ്പം ചടുലമായി തന്നെ ആഘോഷിക്കുന്നു.
വിഷു എന്ന കാർഷികോത്സവം ഇന്ന് വ്യാപാരോത്സവമായി. വിഷുക്കണിയും വിഷുസദ്യയും കണിക്കൊന്നയുംവരെ വാങ്ങാവുന്ന വിഭവങ്ങളായി. പടിവാതിലിനപ്പുറം വന്ന് കണിവെള്ളരി കാഴ്ചവെച്ച കനകനിലാവുകൾ കേട്ടുമറന്ന പാട്ടിലെ പഴകിയ കാവ്യകൽപ്പനയായി, ഓൺലൈൻ വിഷുക്കണിക്കുമുന്നിൽ ഒരു പുതിയ തലമുറ വിഷുവേലയുടെ അവകാശികളായി വന്നുകഴിഞ്ഞു.
ഋതുചംക്രമണങ്ങളുടെ മാറ്റങ്ങൾക്കൊപ്പം കൊന്നമരം പൂചൂടുന്നു.
വിഷുപ്പക്ഷികൾ പാടാനും ചിറകടിക്കാനും വരാതെയായിരിക്കുന്നു. എങ്കിലും ചുട്ടുപൊള്ളുന്ന വേനലിലും നമ്മൾ വിഷുവിന്റെ ഉള്ള മധുരം കേമമായി തന്നെ നുകരുന്നു. വിഷുപ്പുലരിയിൽ കണികാണുന്നു. വിഷുവിന്റെ നന്മകളെ നെഞ്ചിലേറ്റുന്നു. വരികളിൽ പകർത്തുന്നു. ആഘോഷമാക്കാൻ ആ ദിനം കാത്തുവെക്കുന്നു. കാത്തിരിക്കുന്നു. എല്ലാ ആഘോഷങ്ങളിലും നമ്മൾ സന്തോഷം കണ്ടെത്തുന്നു. വരൂ…വരവേൽക്കാം നമുക്കൊരുമിച്ചു കൈകോർത്ത് പിടിച്ചാ വിഷുപ്പുലരിയെ..
അയ്യപ്പ പണിക്കർ പാടിയതു പോലെ
“വിഷുക്കാലമല്ലേ പൂക്കാതിരിക്കാൻ
എനിക്കാവതില്ലേ വിഷുക്കാലമെത്തി.