Eranakulam
നാറ്റം സഹിക്കാൻ വയ്യ; രണ്ട് കണ്ടെയ്നർ പുഴുവരിച്ച മത്സ്യം പിടികൂടി
മത്സ്യത്തിന് ഒരു മാസമെങ്കിലും പഴക്കമുണ്ടാകുമെന്ന് പരിശോധനാ ഫലം
കൊച്ചി | ദുർഗന്ധം സഹിക്കാൻ വയ്യാത്തതിനെ തുടർന്ന് നാട്ടുകാർ നൽകിയ വിവരമനുസരിച്ച് ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ പുഴുവരിച്ച മത്സ്യ ശേഖരം പിടികൂടി. രണ്ട് കണ്ടെയ്നറിലായി സൂക്ഷിച്ച 60ൽ പരം പെട്ടി മീനാണ് ആരോഗ്യ വിഭാഗം പിടികൂടിയത്. ആന്ധ്രയിൽ നിന്നെത്തിയ ലോറികളാണ് കൊച്ചി മരടിലാണ് പിടിയിലായത്.
മത്സ്യം കൊണ്ടുവരുമ്പോൾ പാലിക്കേണ്ട മുൻകരുതൽ നടപടികൾ സ്വീകരിച്ചില്ലെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു. കുറഞ്ഞ താപനില നിയന്ത്രിക്കാൻ കഴിയുന്ന ലോറിയിൽ ഐസുകൾക്കിടയിൽ വെച്ചാണ് മീൻ കൊണ്ടുവരാറുള്ളത്. എന്നാൽ, ഇത്തരം യാതൊരു സംവിധാനവും പിടിയിലായ ലോറികളിൽ ഉണ്ടായിരുന്നില്ല.
ലോറിയുടെ നിലത്തും വശങ്ങളിലും ഉൾപ്പെടെ പുഴുവരിക്കുന്ന നിലയിലായിരുന്നു.
ദിവസങ്ങളോളം പ്രദേശത്ത് ഇത്തരം ലോറികൾ നിർത്തിയിടാറുള്ളതായി നാട്ടുകാർ പറഞ്ഞു. ഓട്ടോറിക്ഷകളിലും മറ്റും വിവിധയിടങ്ങളിൽ നിന്നെത്തുന്നവർ ലോറികളിൽ നിന്ന് മത്സ്യം മൊത്തമായി വാങ്ങിക്കൊണ്ടു പോകാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
മത്സ്യത്തിന് ഒരു മാസമെങ്കിലും പഴക്കമുണ്ടാകുമെന്ന് പരിശോധനാ ഫലം. ഒരു ലോറിയിലെ മീൻ ഒറ്റനോട്ടത്തിൽ തന്നെ ഉപയോഗ ശൂന്യമെന്ന് മനസ്സിലായതിനാൽ നശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ രണ്ടാമത്തെ ലോറിയിൽ പരിശോധന നടത്തിയാണ് മീൻ നശിപ്പിച്ചത്.