Kerala
പോലീസ് വിചാരിച്ചാല്‍ ജോര്‍ജിനെ ചങ്ങലക്കിടാന്‍ കഴിയില്ലേ?; മതവിദ്വേഷ പരാമര്‍ശം സഭയിലുന്നയിച്ച് എം എല്‍ എ
ജോര്‍ജിന് എന്തും പറയാനുള്ള ലൈസന്‍സാണ് സര്‍ക്കാര്‍ നല്‍കിയതെന്ന് ആക്ഷേപം

തിരുവനന്തപുരം | ലൗ ജിഹാദ് ആരോപണം ഉന്നയിച്ച് വീണ്ടും മതവിദ്വേഷ പ്രസംഗം നടത്തിയ ബി ജെ പി നേതാവ് പി സി ജോര്‍ജിനെതിരെ നിയമസഭയില്‍ പ്രതിഷേധം. പോലീസ് വിചാരിച്ചാല്‍ പി സി ജോര്‍ജിനെ ചങ്ങലക്കിടാന്‍ കഴിയില്ലേയെന്ന് എ കെ എം അശ്്‌റഫ് എം എല്‍ എ ആരാഞ്ഞു. പി സി ജോര്‍ജ് നടത്തിയത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന്. പി സി ജോര്‍ജിന് എന്തും പറയാനുള്ള ലൈസന്‍സാണ് സര്‍ക്കാര്‍ നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിന്റെ മതേതരത്വം തകര്‍ക്കുന്ന പി സി ജോര്‍ജിനോട് കര്‍ക്കശ നിലപാടെടുക്കാന്‍ എന്താണ് കഴിയാത്തത്. പോലീസ് പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത് മനസ്സില്ലാ മനസ്സോടെയാണ്. കര്‍ണാടക സര്‍ക്കാര്‍ ഇത്തരത്തിലുള്ളവരെ തുറുങ്കിലടച്ചുവെന്നും അശ്്‌റഫ് സഭയില്‍ വ്യക്തമാക്കി.
ലൗ ജിഹാദിലൂടെ മീനച്ചില്‍ താലൂക്കില്‍ മാത്രം നാനൂറോളം ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ നഷ്ടമായെന്നായിരുന്നു പി സി ജോര്‍ജ് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന. മതവിദ്വേഷ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു വീണ്ടും കടുത്ത മുസ്ലിം വിരുദ്ധ പരാമര്‍ശവുമായി ജോര്‍ജ് രംഗത്തെത്തിയത്.