Connect with us

Kerala

അടിയന്തര ഘട്ടത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍ക്ക് സ്വകാര്യ ഡോക്ടറുടെ സേവനം തേടാമോ?; വ്യക്തത തേടി മനുഷ്യാവകാശ കമ്മീഷന്‍

15 ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണം. ഫെബ്രുവരി 28ന് രാവിലെ 11ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

Published

|

Last Updated

കോഴിക്കോട്  | രോഗിയുടെ ജീവന്‍ അപകടത്തിലാകുന്ന സന്ദര്‍ഭത്തില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് സ്വകാര്യാശുപത്രിയിലെ ഡോക്ടറുടെ സേവനം തേടുന്നതില്‍ നിരോധനമുണ്ടോ എന്നതില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ ഒരു സന്ദര്‍ഭത്തിലും സ്വകാര്യാശുപത്രിയിലെ ഡോക്ടറെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തരുതെന്ന പൊതു ധാരണ തിരുത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആരോഗ്യ വകുപ്പ് ഡയറക്ടറില്‍ നിന്നും റിപോര്‍ട്ട് ആവശ്യപ്പെട്ടത്.

മണ്ണാര്‍ക്കാട്ടെ സ്വകാര്യാശുപത്രിയിലെ മുതിര്‍ന്ന ഗൈനക്കോളജിസ്റ്റിനെ ഒരു രോഗിയുടെ ജീവന്‍ രക്ഷിക്കുന്നതിനായി ഇവിടുത്തെ തന്നെ ഗവ. ആശുപത്രിയിലെ ഡോക്ടര്‍ വിളിച്ചുവരുത്തിയ സംഭവത്തെ തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് കമ്മീഷന്‍ സര്‍ക്കാരില്‍ നിന്നും വ്യക്തത തേടിയത്.

സിസേറിയന്‍ ശസ്ത്രക്രിയക്കിടയിലാണ് സ്വകാര്യാശുപത്രിയിലെ മുതിര്‍ന്ന ഡോക്ടറെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് വിളിച്ചത്. രോഗിയുടെ സ്ഥിതി ഗുരുതരമായപ്പോള്‍ വര്‍ഷങ്ങളുടെ അനുഭവ പരിചയമുള്ള മുതിര്‍ന്ന സ്വകാര്യ ഡോക്ടറെ വിളിക്കുന്നതിനു പകരം ഉയര്‍ന്ന സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് റഫര്‍ ചെയ്യണമായിരുന്നുവെന്ന അഭിപ്രായമാണ് ഉണ്ടായതെന്നും പരാതിക്കാരി അറിയിച്ചു. മുതിര്‍ന്ന ഡോക്ടര്‍ സ്ഥലത്തെത്തി അമ്മയെയും കുഞ്ഞിനെയും രക്ഷിച്ചു. ഇത് പ്രാദേശികതലത്തില്‍ വാര്‍ത്തയായതോടെയാണ് സ്വകാര്യാശുപത്രിയിലെ ഡോക്ടറെ വിളിപ്പിച്ച സര്‍ക്കാര്‍ ഡോക്ടര്‍ വിമര്‍ശന വിധേയനായത്.

മണ്ണാര്‍ക്കാട്ടെ ന്യൂ അല്‍മ ആശുപത്രി ഉടമ ഡോ. കമ്മപ്പയാണ് രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ ഓടിയെത്തിയത്. അദ്ദേഹത്തിന്റെ മകള്‍ ഡോ. കെ കെ ലാമിയയാണ് കമ്മീഷനെ സമീപിച്ചത്. ജീവിക്കാനുള്ള അവകാശം ഭരണഘടനാദത്തമായതിനാല്‍ ജീവന്‍ രക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്ന് പരാതിയില്‍ പറയുന്നു.

സ്വകാര്യാശുപത്രിയിലെ ഡോക്ടറുടെ സേവനം തേടാന്‍ പാടില്ലെങ്കില്‍ ഇതുസംബന്ധിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലും പൊതുജനങ്ങള്‍ക്കിടയിലും ബോധവത്ക്കരണം നല്‍കിയിട്ടുണ്ടോ എന്നും ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിക്കണം. അഥവാ ഇത് മിഥ്യാധാരണയാണെങ്കില്‍ അത് തിരുത്താനായി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികളും അറിയിക്കണം. രോഗികള്‍ക്ക് യഥാസമയം ചികിത്സ ഉറപ്പാക്കാന്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

15 ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണം. ഫെബ്രുവരി 28ന് രാവിലെ 11ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

 

---- facebook comment plugin here -----

Latest