Connect with us

Siraj Article

ബാഡ് ബേങ്കുകള്‍ പരിഹാരമാകുമോ?

താത്കാലികമായ ആവശ്യത്തിന് വേണ്ടി ബാഡ് ബേങ്കുകള്‍ സ്ഥാപിക്കുന്നുണ്ടെങ്കിലും അത് എന്നെന്നേക്കുമായി തുടര്‍ന്ന് പോകുന്നത് നല്ല കാര്യമല്ല എന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഒരു രാജ്യത്തെ മാക്രോ ഇക്കണോമിക് സംവിധാനത്തില്‍ ഇത്തരം നോണ്‍ പെര്‍ഫോമിംഗ് അസറ്റുകള്‍ ഭാരമായി വരികയും സാമ്പത്തിക സംവിധാനങ്ങള്‍ താറുമാറാകുകയും ചെയ്യുന്ന സമയത്ത് ബാഡ് ബേങ്കുകള്‍ ഒരാശ്വാസമാണ്. എന്നാല്‍ ആ പ്രത്യേക സാഹചര്യം മാറിയാലുടന്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കലാണ് നല്ലത്

Published

|

Last Updated

നാഷനല്‍ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി ലിമിറ്റഡ് (NARCL) എന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയൊരു ബാഡ് ബേങ്ക് (Bad Bank) സ്ഥാപിക്കാനുള്ള ഒരുക്കങ്ങളുമായി മുന്നോട്ട് പോകുകയാണ്. രാജ്യത്തെ വിവിധ ബേങ്കുകളിലുള്ള നോണ്‍ പെര്‍ഫോമിംഗ് അസറ്റ് അഥവാ കിട്ടാക്കടങ്ങള്‍ ഉള്ള ബേങ്കുകളെ സഹായിക്കാനും കടങ്ങള്‍ നേടിയെടുക്കാനുമുള്ള പുതിയൊരു സംവിധാനമാണിത്. രാജ്യത്തെ സാധാരണ ബേങ്കുകളില്‍ നിന്ന് എല്ലാ വിധത്തിലും വ്യത്യസ്തമായാണ് ബാഡ് ബേങ്കുകളുടെ പ്രവര്‍ത്തന രീതികള്‍.

ഇന്ന് കാണുന്ന ബേങ്കിംഗ് മേഖലയെ പരിശോധിക്കുകയാണെങ്കില്‍ പ്രധാനമായും രണ്ട് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതായി കാണാന്‍ സാധിക്കും. ജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുകയും ആവശ്യമുള്ളവര്‍ക്ക് അവ ലോണുകളായി നല്‍കുകയും ചെയുന്നു. നിക്ഷേപകര്‍ക്ക് വരുമാനമെന്നോണം പലിശ നല്‍കുകയും ലോണ്‍ എടുത്തവരില്‍ നിന്ന് താരതമ്യേന ഉയര്‍ന്ന നിരക്കില്‍ പലിശ ഈടാക്കുകയും ചെയ്യുന്നു. ഈ പ്രവര്‍ത്തനങ്ങളില്‍ നിന്നാണ് ബേങ്കിന് ലാഭം ഉണ്ടാകുന്നത്. ഈ കൊടുക്കല്‍ വാങ്ങല്‍ പ്രവര്‍ത്തനങ്ങളെ ബേങ്കുകളുടെ ആസ്തികള്‍, ബാധ്യതകള്‍ എന്നീ ഗണത്തില്‍ പെടുത്താവുന്നതാണ്. ഓരോ ബേങ്കിനെയും സംബന്ധിച്ചിടത്തോളം അവര്‍ സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കുന്ന ലോണുകള്‍, മറ്റു ബേങ്കുകള്‍ക്ക് നല്‍കുന്ന ലോണുകള്‍, റിസര്‍വ് ബേങ്കിന് നല്‍കുന്ന പണം തുടങ്ങിയവയൊക്കെ അവരുടെ ആസ്തികളില്‍ പെടുത്താവുന്നതാണ്. അതേസമയം അവര്‍ക്ക് ലഭിച്ച നിക്ഷേപങ്ങള്‍, മറ്റു ബേങ്കുകളില്‍ നിന്ന് സ്വീകരിച്ച ലോണുകള്‍ ഒക്കെ അവരുടെ ബാധ്യതയിലും ഉള്‍ക്കൊള്ളിക്കാവുന്നതാണ്.

ലോണെടുത്ത മുതലും പലിശയും തിരിച്ചടക്കുകയെന്നത് സ്വാഭാവികമായ രീതിയാണെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ ഇന്ത്യന്‍ ബേങ്കുകളെ സംബന്ധിച്ചിടത്തോളം നല്ലൊരു ശതമാനം നോണ്‍ പെര്‍ഫോമിംഗ് അസറ്റ് അഥവാ കിട്ടാക്കടമായി അവരുടെ ആസ്തികളില്‍ ഉണ്ട്. ഒരു വായ്പയെ എപ്പോഴാണ് കിട്ടാക്കടമായി പ്രഖ്യാപിക്കുക എന്നതിനെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യക്ക് കീഴിലുള്ള ബേങ്കിംഗ് ഓപറേഷന്‍സ് ആന്‍ഡ് ഡെവലപ്‌മെന്റ് വിഭാഗം പ്രസിദ്ധീകരിച്ചതാണ്. കൂടാതെ കിട്ടാക്കടങ്ങളെ തന്നെ സബ് സ്റ്റാന്‍ഡേര്‍ഡ്, ഡൗട്ട്ഫുള്‍, ലോസ് അസറ്റ് തുടങ്ങിയ വിഭാഗങ്ങളായി തരം തിരിച്ചിട്ടുമുണ്ട്. ഇത്തരത്തില്‍ ഓരോ ബേങ്കിന്റെയും ഉടമസ്ഥതയിലുള്ള കിട്ടാക്കടങ്ങള്‍ക്ക് പരിഹാരമായാണ് ബാഡ് ബേങ്കുകള്‍ വരുന്നത്.

സാമ്പത്തിക മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ബേങ്കുകള്‍ നല്‍കുന്ന ലോണുകള്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്ന് മനസ്സിലായാല്‍ മാത്രമേ കിട്ടാക്കടങ്ങള്‍ എങ്ങനെ ബേങ്കുകളുടെ പ്രവര്‍ത്തനക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയൂ. ഓരോ ബേങ്കും തങ്ങളുടെ പക്കല്‍ വരുന്ന നിക്ഷേപങ്ങളെ ലോണുകളായി മാറ്റുകയും അതില്‍ നിന്ന് വരുമാനം കണ്ടെത്തുകയും ചെയ്താണ് പ്രവര്‍ത്തനം മുന്നോട്ട് നയിക്കുന്നത്. അപ്പോള്‍ കിട്ടാക്കടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അവരുടെ ബാധ്യതകള്‍ വീട്ടാന്‍ കഴിയാതെ വരികയും മറ്റു സ്വകാര്യ വ്യക്തികള്‍, സ്ഥാപനങ്ങള്‍, സംരംഭങ്ങള്‍, സര്‍ക്കാറുകള്‍ തുടങ്ങിയവര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള പണം നല്‍കാന്‍ സാധിക്കാതെ വരികയും ചെയ്യുന്നു. അതിലൂടെ മൊത്തം സാമ്പത്തിക രംഗത്ത് ഒരു കിതപ്പ് സംഭവിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ പൊതുമേഖലാ ബേങ്കുകളില്‍ കിട്ടാക്കടം ഉയര്‍ന്നുവരുന്ന അവസരത്തില്‍ സര്‍ക്കാറാണ് അവര്‍ക്ക് വേണ്ട സാമ്പത്തിക സഹായങ്ങള്‍ നല്‍കാറുള്ളത്. സര്‍ക്കാറിന് ലഭിക്കുന്ന മറ്റു നികുതി വരുമാനത്തില്‍ നിന്നോ അല്ലെങ്കില്‍ മറ്റേതെങ്കിലും വരുമാനത്തില്‍ നിന്നോ ഒരു വിഹിതം ബേങ്കുകള്‍ക്ക് നല്‍കും. രാജ്യത്തെ മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന പണമാണ് ഇത്തരത്തില്‍ ചെലവഴിക്കപ്പെടുന്നത് എന്നതാണ് വസ്തുത. ഇന്ത്യയിലെ നോണ്‍ പെര്‍ഫോമിംഗ് അസറ്റുകള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ബേങ്കുകളുടെ ഭാവി ആശങ്കാവഹമാണ്.

കിട്ടാക്കടങ്ങള്‍ ഉള്ള ബേങ്കുകളില്‍ നിന്ന് അവരുടെ നോണ്‍ പെര്‍ഫോമിംഗ് അസറ്റുകള്‍ വിലക്കു വാങ്ങുകയാണ് ബാഡ് ബേങ്കുകളുടെ പ്രവര്‍ത്തന രീതി. കിട്ടാക്കടം വില്‍ക്കുന്നവനും വാങ്ങുന്നവനും ഒരേ സംവിധാനത്തിനകത്തു തന്നെ നില്‍ക്കുന്നു എന്നതാണ് പരമ്പരാഗത അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനികളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. ലോണ്‍ നല്‍കിയ ബേങ്ക് തന്നെ ലോണ്‍ തിരിച്ചടപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് വിജയകരമായിക്കൊള്ളണമെന്നില്ല. അതുകൊണ്ട് ഈ ഇനത്തില്‍ എത്ര കിട്ടിയാലും അതാണ് നല്ലത് എന്ന മനോഭാവത്തില്‍ ബേങ്കുകള്‍ അവരുടെ കിട്ടാക്കടങ്ങള്‍ ബാഡ് ബേങ്കുകള്‍ക്ക് കൈമാറുകയും തുക കൈപ്പറ്റുകയും ചെയ്യുന്നു. മൊത്തം തുകയുടെ പതിനഞ്ച് ശതമാനം ആദ്യം നല്‍കുകയും ബാക്കി 85 ശതമാനം പിന്നീട് നല്‍കുകയും ചെയ്യുന്ന രീതിയിലാണ് പ്രവര്‍ത്തനം നടത്തുക. കിട്ടാക്കടം വാങ്ങിയ ബാഡ് ബേങ്ക് ലോണ്‍ എടുത്ത വ്യക്തി അല്ലെങ്കില്‍ സംരംഭങ്ങളെ കൊണ്ട് പരമാവധി തിരിച്ചടപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യും. ഇതിനായി ഈടുവെച്ച വസ്തുക്കള്‍ ഉയര്‍ന്ന വിലക്ക് വില്‍ക്കും. ബിസിനസ്സ് പോലെയുള്ള സ്ഥാപനമാണെങ്കില്‍ അവ ഏറ്റെടുത്ത് നടത്തും. അല്ലെങ്കില്‍ ഓഹരികളായി മാറ്റും. തിരിച്ചടവിനുള്ള കാലാവധി ദീര്‍ഘിപ്പിക്കുക, പലിശയുടെ ശതമാനത്തില്‍ കുറവ് വരുത്തുക തുടങ്ങിയ മാര്‍ഗങ്ങളും ഇവര്‍ സ്വീകരിക്കും. ഇതിനായി രണ്ട് ലക്ഷം കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.

ഇത്തരം ബാഡ് ബേങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ വളരെയേറെ റിസ്‌ക് ഉള്ളത് കൊണ്ടുതന്നെ എന്തെങ്കിലും സാഹചര്യത്തില്‍ കിട്ടാക്കടം വാങ്ങിയ ബാങ്കിന് തുക നല്‍കാന്‍ ബാഡ് ബേങ്കിന് പറ്റിയില്ലെങ്കില്‍ അതിനു വേണ്ടി സര്‍ക്കാര്‍ സഹായം നല്‍കുന്നതാണ്. ഇതിനായി മുപ്പത്തിയാറായിരം കോടിയുടെ ഗ്യാരണ്ടിയാണ് സര്‍ക്കാര്‍ നല്‍കുന്നത്. അങ്ങനെ ബേങ്കുകളെ കിട്ടാക്കടത്തില്‍ നിന്ന് മുക്തമാക്കി ബാഡ് ബേങ്കുകള്‍ തുക പരമാവധി തിരിച്ചടപ്പിക്കുന്ന സംവിധാനമാണിത്. ഇന്ത്യയിലെ ബാഡ് ബേങ്കായ നാഷനല്‍ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി ലിമിറ്റഡ് എന്ന സ്ഥാപനം കമ്പനി ആക്ടിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കമ്പനിയാണ്. ഏതൊരു കമ്പനിയെയും പോലെ കൂടുതല്‍ ഓഹരി കൈവശമുള്ളവര്‍ തന്നെയാണ് അതിന്റെ ഉടമസ്ഥന്‍. എന്‍ എ ആര്‍ സി എല്ലിലെ കൂടുതല്‍ ഓഹരി കൈവശം ഉള്ളത് ഇന്ത്യയിലെ പൊതുമേഖലാ ബേങ്കുകളുടെ കൂട്ടായ്മക്കാണ്. അതുകൊണ്ടുതന്നെ അവരാണ് ഇതിന്റെ ഉടമസ്ഥര്‍ എന്ന് വേണമെങ്കില്‍ പറയാം. അപ്പോള്‍ സര്‍ക്കാറിന്റെ കീഴിലുള്ള എന്നാല്‍ നേരിട്ടുള്ള നിയന്ത്രണം ഇല്ലാത്ത ഒരു സംവിധാനമാണ് ഈ ബാഡ് ബേങ്ക്.

നിശ്ചിത കാലയളവിനുള്ളില്‍ തന്നെ ബാഡ് ബേങ്കുകളുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാകുക എന്നതാണ് ഇത്തരം സ്ഥാപനങ്ങളുടെ വിജയമായി കണക്കാക്കുന്നത്. നിലവിലെ പരിഹാര മാര്‍ഗങ്ങളായ ഇന്‍സോള്‍വെന്‍സി ആന്‍ഡ് ബേങ്ക്‌റാപ്റ്റസി കോഡ് തുടങ്ങിയവ ഉണ്ടെങ്കിലും ഈയൊരു ബദല്‍ മാര്‍ഗം പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. എന്നാല്‍ താത്കാലികമായ ആവശ്യത്തിന് വേണ്ടി ബാഡ് ബേങ്കുകള്‍ സ്ഥാപിക്കുന്നുണ്ടെങ്കിലും അത് എന്നെന്നേക്കുമായി തുടര്‍ന്ന് പോകുന്നത് നല്ല കാര്യമല്ല എന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഒരു രാജ്യത്തെ മാക്രോ ഇക്കണോമിക് സംവിധാനത്തില്‍ ഇത്തരം നോണ്‍ പെര്‍ഫോമിംഗ് അസറ്റുകള്‍ ഭാരമായി വരികയും സാമ്പത്തിക സംവിധാനങ്ങള്‍ താറുമാറാകുകയും ചെയ്യുന്ന സമയത്ത് ബാഡ് ബേങ്കുകള്‍ ഒരാശ്വാസമാണ്. എന്നാല്‍ ആ പ്രത്യേക സാഹചര്യം മാറിയാലുടന്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കലാണ് നല്ലത്. ഒരു ഭാഗത്ത് ഇത്തരം രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ തേടുകയും മറു ഭാഗത്ത് രാഷ്ട്രീയ സ്വാധീനം ഉപയോഗപ്പെടുത്തി വീണ്ടും വായ്പകള്‍ ഉണ്ടാക്കിവെക്കുകയും ചെയ്താല്‍ ഇതൊരു തുടർക്കഥയായി കൊണ്ടുപോകേണ്ടിവരും. അങ്ങനെ വരുമ്പോള്‍ ബാഡ് ബേങ്കുകള്‍ ചെയ്യുന്ന കാര്യങ്ങള്‍ സാമ്പത്തിക രംഗത്ത് യാതൊരു ഫലവും ചെലുത്താതെ വരും.

---- facebook comment plugin here -----

Latest