Connect with us

Articles

ജനാധിപത്യം ഓര്‍മയാകുമോ?

ലോകത്തേറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് മേനിയുള്ള നാടിന്റെ ഏറ്റവും മുതിര്‍ന്ന പ്രതിപക്ഷ നേതാവ് ഇവിടെ ജനാധിപത്യം നശിച്ചു എന്ന് പറയുന്നതിനേക്കാള്‍ വലിയ മുന്നറിയിപ്പോ അപകട മണിയോ ഇനി ഉണ്ടാകാനില്ല. പാര്‍ലിമെന്റ് മുതല്‍ പൊതു നിരത്തും സ്വകാര്യ കിടപ്പറകള്‍ വരെയും കൈയടക്കിയും പോലീസ് മുഷ്ടിയിറക്കിയും ചാരനോട്ടത്തിലാക്കിയും ഏകാധിപത്യത്തിന്റെ സവിശേഷതകള്‍ പ്രകടിപ്പിക്കുകയാണ് സര്‍ക്കാര്‍ എന്ന വിമര്‍ശനത്തെയാണ് രാഹുല്‍ വിളിച്ചു പറയുന്നത്.

Published

|

Last Updated

വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ്സ് ദേശവ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി അടിച്ചമര്‍ത്താന്‍ തലസ്ഥാന നഗരിയുടെ ഭരണസിരാ പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്. യൂത്ത് കോണ്‍ഗ്രസ്സ് പാര്‍ലിമെന്റിലേക്കും കോണ്‍ഗ്രസ്സ് നേതാക്കളും പ്രവര്‍ത്തകരും പ്രധാനമന്ത്രിയുടെ വസതിയിലേക്കും മാര്‍ച്ച് ചെയ്യുമെന്നായിരുന്നു പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ എ ഐ സി സി ആസ്ഥാനത്തിന് ചുറ്റും പോലീസ് സന്നാഹം വളഞ്ഞു നിന്നു. പാര്‍ലിമെന്റിലേക്കുള്ള റോഡുകളും ഡല്‍ഹി പോലീസിന്റെ ബാരിക്കേഡുകളാല്‍ നിറഞ്ഞു. അതോടെ കോണ്‍ഗ്രസ്സ് എം പിമാര്‍ സമരം പാര്‍ലിമെന്റില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്കാക്കി.

കോണ്‍ഗ്രസ്സ് എം പിമാരുടെ വസ്ത്രവും ഭാവവും മുദ്രാവാക്യവും പ്രതിഷേധത്തിന്റെ കറുപ്പായിരുന്നു. ആഗസ്റ്റ് മാസം മണ്‍സൂണ്‍ തകര്‍ത്തിറങ്ങുമ്പോഴും വിലക്കയറ്റത്തിനെതിരെ കരിദിനമായി പ്രതിഷേധം കൊടുമ്പിരികൊണ്ടു. വിജയ് ചൗക്കില്‍ നിന്ന് എം പിമാരെ പോലീസ് തടങ്കലിലാക്കി. രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ ഡല്‍ഹി പോലീസ് കൈയേറ്റം ചെയ്തു. എം പിമാരും ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള ബലപ്രയോഗത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് രാഹുല്‍ ഗാന്ധി എഴുതിയ അടിക്കുറിപ്പ് “ജനാധിപത്യം ഒരോര്‍മയായി’ എന്നായിരുന്നു. സമരത്തിനിറങ്ങും മുന്നേ എ ഐ സി സി ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിലും രാഹുല്‍ ഇതേ ആശയം തുറന്നടിച്ചു.

പത്രസമ്മേളനത്തിന് വന്നിരുന്ന രാഹുല്‍ ഗാന്ധി പത്രപ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തുകൊണ്ട് ചോദിച്ചതുതന്നെ “നാട്ടിലെ ഏകാധിപത്യം നിങ്ങളെങ്ങനെ ആസ്വദിക്കുന്നു?’ എന്നായിരുന്നു. ജനാധിപത്യം ഇല്ലാതായെന്നും ഇവിടെ ഏകാധിപത്യം വാഴുകയാണെന്നും രാഹുല്‍ തറപ്പിച്ചു പറഞ്ഞു. ലോകത്തേറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് മേനിയുള്ള നാടിന്റെ ഏറ്റവും മുതിര്‍ന്ന പ്രതിപക്ഷ നേതാവ് ഇവിടെ ജനാധിപത്യം നശിച്ചു എന്ന് പറയുന്നതിനേക്കാള്‍ വലിയ മുന്നറിയിപ്പോ അപകട മണിയോ ഇനി ഉണ്ടാകാനില്ല. പാര്‍ലിമെന്റ് മുതല്‍ പൊതു നിരത്തും സ്വകാര്യ കിടപ്പറകള്‍ വരെയും കൈയടക്കിയും പോലീസ് മുഷ്ടിയിറക്കിയും ചാരനോട്ടത്തിലാക്കിയും ഏകാധിപത്യത്തിന്റെ സവിശേഷതകള്‍ പ്രകടിപ്പിക്കുകയാണ് സര്‍ക്കാര്‍ എന്ന വിമര്‍ശനത്തെയാണ് രാഹുല്‍ വിളിച്ചു പറയുന്നത്.

പ്രതിപക്ഷ നേതാക്കളെ വേട്ടയാടാനും കച്ചവടക്കാരെ കൂടെ നിര്‍ത്താനും സര്‍ക്കാറുകളെ അട്ടിമറിക്കാനും നേരുപറയാന്‍ തുനിയുന്ന മാധ്യമങ്ങളുടെ വായ മൂടാനും കേന്ദ്ര ഏജന്‍സികളെയും സംവിധാനങ്ങളെയും ഉപയോഗിക്കുന്ന “രാജാവാ’ണ് മോദി എന്നതാണ് രാഹുലിന്റെ വിമര്‍ശനം. ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഈ വര്‍ഷക്കാല സമ്മേളനത്തില്‍ നേരാംവണ്ണം സഭ സമ്മേളിച്ചത് ഒരു ദിവസം മാത്രമാണ്. ഒന്നാം ദിവസം മുതല്‍ തന്നെ വിലക്കയറ്റം സംബന്ധിച്ച ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധിക്കുന്നുണ്ട്.

ഇ ഡിയെ ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള പ്രതിഷേധങ്ങളും സഭയെ പ്രക്ഷുബ്ധമാക്കി. ഭക്ഷ്യവസ്തുക്കള്‍ക്ക് വില കുതിച്ചു കയറിയത് ചര്‍ച്ച ചെയ്യാന്‍ തയ്യാറാകണം എന്ന പ്രതിപക്ഷ ആവശ്യം ലോക്‌സഭയില്‍ ടി എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, മാണിക്കം ടാഗോര്‍, ജ്യോതിമണി സെന്നിമലൈ തുടങ്ങിയ നാല് കോണ്‍ഗ്രസ്സ് എം പിമാരുടെയും രാജ്യസഭയില്‍ എ എ റഹീം, വി ശിവദാസന്‍, സന്തോഷ് കുമാര്‍ തുടങ്ങിയ 19 എം പിമാരുടെയും സസ്പെന്‍ഷനിലാണ് കലാശിച്ചത്. വിലക്കയറ്റത്തെ കുറിച്ചുള്ള ചര്‍ച്ചക്ക് സര്‍ക്കാര്‍ പെട്ടെന്ന് തയ്യാറല്ലെന്നും കൊവിഡ് ബാധിതയായ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ രോഗം ഭേദമായി സഭയിലെത്തിയാലെ ചര്‍ച്ച സാധ്യമാകൂ എന്നും ബി ജെ പി സര്‍ക്കാര്‍ “ന്യായം’ പറഞ്ഞു. മന്ത്രിക്ക് രോഗമാണെങ്കില്‍ സഹമന്ത്രിമാര്‍ക്കൊക്കെ എന്താണ് പണി എന്ന ചോദ്യം പ്രതിപക്ഷം തിരിച്ചു ചോദിച്ചു. ഒടുവില്‍ നിര്‍മലാ സീതാരാമന്‍ വന്ന ദിവസം ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറായി. മനീഷ് തിവാരിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ അക്കമിട്ട് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി. പക്ഷേ, തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഇവിടെ ഒരു പ്രശ്‌നവുമില്ലെന്ന മട്ടിലാണ് ധനമന്ത്രി മറുപടി പറഞ്ഞത്. യു പി എ കാലത്തെ കണക്കുകള്‍ പറഞ്ഞ് നേരം കളയാനായിരുന്നു അവര്‍ക്ക് താത്പര്യം.

വിലക്കയറ്റം മാത്രമല്ല, നേരത്തേ ചൈനീസ് അധിനിവേശം, പെഗാസസ്, അഗ്‌നിപഥ് തുടങ്ങിയ വിഷയങ്ങളില്‍ ഒന്നും തന്നെ ഏതെങ്കിലും തരത്തില്‍ ഒരു ചര്‍ച്ച സഭക്കകത്ത് വെക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. രാജ്യത്തെ ഏറ്റവും വലിയ നിയമ നിര്‍മാണ സഭക്കകത്ത് ആള്‍ബലത്തിന്റെ അഹങ്കാരം കാണിച്ച് ആവശ്യമുള്ള നിയമ നിര്‍മാണങ്ങള്‍ നടത്തിയെടുക്കുകയാണ് ബി ജെ പി സര്‍ക്കാര്‍ ചെയ്യുന്നത്. പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങളോ പ്രതിഷേധങ്ങളോ കാണിച്ചുപോകരുതെന്ന നിര്‍ദേശം കിട്ടിയതു പോലെയാണ് സന്‍സദ് ടി വിയുടെ പ്രക്ഷേപണം. ഭരണപക്ഷത്തിന്റെ മുഖം കാണിക്കാന്‍ മാത്രമായി അവര്‍ സഭാ ചാനലുകളെ മാറ്റിയെടുത്തിട്ടുണ്ട്. ദൂരദര്‍ശനും ആകാശവാണിയും വരെ സംഘ്പരിവാരത്തിന്റെ പ്രചാരണത്തിന് വേണ്ടി ഉപയോഗിക്കുന്ന സര്‍ക്കാറിന് സന്‍സദ് ടി വിയുടെ ദൃശ്യങ്ങള്‍ എന്താകണമെന്ന് തീരുമാനിക്കാന്‍ തെല്ലും പ്രയാസം കാണില്ല.

സാധാരണ നിലയില്‍ വിമര്‍ശനങ്ങള്‍ക്ക് ഉപയോഗിക്കുന്ന അറുപത്തിയഞ്ചോളം പദങ്ങള്‍ സഭ തുടങ്ങുന്നതിനുമുന്നെ അണ്‍പാര്‍ലിമെന്ററി പദങ്ങളായി പട്ടികപ്പെടുത്തപ്പെട്ടു. അതില്‍ അഴിമതി, ലജ്ജാകരം, ഒറ്റുകാരന്‍, നുണയന്‍, വഞ്ചന, ഇരട്ടത്താപ്പ് തുടങ്ങിയ പദങ്ങള്‍ കൂടിയുണ്ടെന്ന കാര്യം വായ പൊത്തിയിരിക്കുന്ന അടിമകളെയാണ് അവര്‍ക്ക് പ്രതിപക്ഷത്ത് വേണ്ടത് എന്നതിന്റെ തെളിവാണ്. സര്‍ക്കാറിന്റെ എല്ലാ കൊള്ളരുതായ്മകള്‍ക്കും ഒന്നും എതിരുപറയാത്ത ഒരു സഭ എന്നത് ഏകാധിപതികകളുടെ കൊട്ടാര സദസ്സില്‍ മാത്രം കേട്ടുകേള്‍വിയുള്ള കാര്യങ്ങളാണല്ലോ. പോലീസ് രാജിന്റെ മുകളില്‍ വിരാജിതനായ രാജാവാണ് മോദി എന്ന പ്രതിപക്ഷ വിമര്‍ശനത്തെ സാധൂകരിക്കും വിധമാണ് ഭരണകൂടത്തിന്റെ എല്ലാ സമീപനങ്ങളും.
നേരത്തേ ഇ ഡി തന്നെ അടച്ചുപൂട്ടിയ നാഷനല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ അഞ്ച് ദിവസം ചോദ്യം ചെയ്ത ഇ ഡി പിന്നീട് പാര്‍ലിമെന്റ് സമ്മേളനം നടക്കുന്നതിന്റെ ഇടയിലാണ് സോണിയാ ഗാന്ധിയെയും രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഖെയെയും ചോദ്യം ചെയ്യാന്‍ വിളിക്കുന്നത്. സോണിയാ ഗാന്ധിയെ മൂന്ന് ദിവസവും ഖാര്‍ഖെയെ ഏഴ് മണിക്കൂറും ഇ ഡി ചോദ്യം ചെയ്യുകയും സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ പൈതൃകമുള്ള നാഷനല്‍ ഹെറാള്‍ഡിന്റെ യംഗ് ഇന്ത്യ ഓഫീസ് സീല്‍ വെക്കുകയും ചെയ്യുന്നത് പ്രതിപക്ഷത്തെയും നേതാക്കളെയും മാനസികമായി തളര്‍ത്താനും തകര്‍ക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമല്ലാതെ പിന്നെന്താണ്?
പ്രതിപക്ഷം പറയുന്നതു പോലെ എന്‍ ഡി എ ഭരണം ജനദ്രോഹപരമെങ്കില്‍ എന്തുകൊണ്ടാണ് വീണ്ടും വീണ്ടും ബി ജെ പിയും മോദിയും ജയിക്കുന്നത് എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് രാഹുല്‍ ഗാന്ധി മറുപടി പറഞ്ഞത് ജര്‍മനിയിലെ നാസി ഭരണത്തെ ഉദാഹരിച്ചുകൊണ്ടാണ്: “എല്ലാ സംവിധാനങ്ങളെയും കൈയടക്കി വെച്ച് അധികാരം നിലനിര്‍ത്താന്‍ ആര്‍ക്കാണ് കഴിയാത്തത്? ഇതുതന്നെയല്ലേ ഹിറ്റ്‌ലറും ചെയ്തത്. ജര്‍മനിയില്‍ ഹിറ്റ്‌ലറും ജയിച്ചിരുന്നല്ലോ. അവരും ഇതുതന്നെ പറഞ്ഞിരുന്നല്ലോ. സംവിധാനങ്ങളെല്ലാം എന്റെ കൈയില്‍ തന്നുനോക്ക്, നിങ്ങള്‍ പറയുന്നതു പോലെ എനിക്കും ആവര്‍ത്തിച്ചു ജയിക്കാമല്ലോ.’ കോണ്‍ഗ്രസ്സിന്റെയും പ്രതിപക്ഷത്തിന്റെയും പോരാട്ടം ഒരു രാഷ്ട്രീയ പാര്‍ട്ടിയോടല്ലെന്നും രാജ്യത്ത് ആര്‍ എസ് എസ് വത്കരിച്ച മുഴുവന്‍ സംവിധാനങ്ങളോടും കൂടിയാണെന്നും രാഹുല്‍ ഗാന്ധി അടിവരയിടുന്നുണ്ട്.
പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിയും അന്വേഷണ ഏജന്‍സികളെ വിട്ട് ഭീഷണിപ്പെടുത്തിയും അഴിമതി ചാപ്പകള്‍ അടിച്ചേല്‍പ്പിച്ചും നുണ പ്രചാരണങ്ങള്‍ നടത്തിയും ഭയപ്പെടുത്താന്‍ നോക്കുകയാണെങ്കില്‍ അങ്ങനെ ഭയപ്പെടില്ല എന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. മോദി നിങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണോ, നിങ്ങള്‍ക്ക് പേടിയുണ്ടോ എന്ന് ചോദിക്കുന്ന മാധ്യമ പ്രവര്‍ത്തകനോട് രാഹുല്‍ ഗാന്ധി പറയുന്നു: “എനിക്കാരെയും ഭയമില്ല. അശേഷം പേടിയില്ല. നോക്കൂ, എന്തുകൊണ്ടാണ് ഗാന്ധി കുടുംബത്തെ അവരിങ്ങനെ ആക്രമിക്കുന്നത്? കാരണം, ഗാന്ധി കുടുംബം ഒരാശയത്തിന് വേണ്ടിയാണ് പോരാടുന്നത്. ഇത് ഞാന്‍ തുടങ്ങിയതല്ല. അതിവിടെ കാലങ്ങളായി ഉള്ളതാണ്. ഞങ്ങളെ പോലെ ഇവിടെ കോടിക്കണക്കിനാളുകളുണ്ട്. നമ്മുടെ നാടിനെ വിഭജിക്കാന്‍ അവര്‍ ശ്രമിക്കുമ്പോള്‍, ഹിന്ദു-മുസ്‌ലിം സംഘര്‍ഷങ്ങളുണ്ടാകുമ്പോള്‍, ദളിതരെ ആക്രമിക്കുമ്പോള്‍, സ്ത്രീകള്‍ക്കു നേരേ അതിക്രമം കാണിക്കുമ്പോള്‍ ഞങ്ങള്‍ക്ക് വേദനിക്കും. അപ്പോള്‍ പോരാട്ടം ഞങ്ങളുടെ ഉത്തരവാദിത്വമാണ്. ഞങ്ങള്‍ പോരാടുന്നത് അതുകൊണ്ടാണ്. ഗാന്ധി കുടുംബം ഒരു കുടുംബമല്ല, ഇതൊരു ആശയമാണ്.’ സത്യം പറഞ്ഞുകൊണ്ടിരിക്കുന്ന കാലത്തോളം അവര്‍ തന്നെ അക്രമിക്കുമെന്നും അതില്‍ തനിക്ക് യാതൊരു ഭയവുമില്ലെന്നും രാഹുല്‍ ആവര്‍ത്തിക്കുന്നുണ്ട്.

രാജ്യത്ത് ജനാധിപത്യം ഒരോര്‍മയായി മാറുന്ന വേളയില്‍, ഇന്ത്യ എന്നൊരു ജനാധിപത്യ രാജ്യമുണ്ടായിരുന്നു എന്ന് ഭാവിയില്‍ പഠിക്കേണ്ട ഗതികേടിലേക്ക് കാര്യങ്ങള്‍ എത്താതിരിക്കാന്‍ പോരാടുന്ന ഓരോരുത്തര്‍ക്കും രാഹുല്‍ ഗാന്ധിയുടെ ഈ വാക്കുകള്‍ വലിയ പ്രതീക്ഷയാണ് എന്ന് തോന്നി. ദീപ മെഹ്ത സംവിധാനം ചെയ്ത് നെറ്റ്ഫ്‌ലിക്‌സ് അവതരിപ്പിച്ച സീരീസാണ് “ലൈല.’ 2040 ആകുമ്പോഴേക്കും ഇവിടെ ആര്യവര്‍ത്ത എന്നൊരു ഹിന്ദുത്വ രാജ്യം സ്ഥാപിക്കപ്പെടും എന്ന് വിരല്‍ചൂണ്ടുന്ന, ആര്യവര്‍ത്ത എന്ന നരകദേശത്തെ ഭീകരതകള്‍ പറയുന്ന സീരീസ് സത്യമായി ഭവിക്കുന്ന ഒരു പ്രവചനമാകാതിരിക്കട്ടെ. ഏകാധിപത്യത്തിന്റെ പ്രോപഗണ്ടാ ചുഴിയില്‍ വീഴാതെ നില്‍ക്കുന്നവരൊക്കെ പറയുന്നതുപോലെ സത്യം ജയിക്കട്ടെ.

Latest