Health
ഹൃദ്രോഗികള്‍ നോമ്പ് നോല്‍ക്കാമോ?
ഡോക്ടറുടെ അനുമതിയോടെ നോമ്പെടുക്കുന്ന രോഗികള്‍ നോമ്പു തുറന്നശേഷം മരുന്നുകള്‍ കഴിക്കണം.
ഹൃദ്രോഗികള്‍ നോമ്പ് എടുക്കാമോ എന്നത് സ്ഥിരമായി എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണ്. ഭൂരിഭാഗം വരുന്ന രോഗികള്‍ക്കും നോമ്പ് എടുക്കാവുന്നതാണ്. ഹൃദയത്തില്‍ ബ്ലോക്ക് ഉള്ളവര്‍, ആന്‍ജിയോ പ്ലാസ്റ്റി കഴിഞ്ഞ് ബ്ലോക്ക് മാറ്റി സാധാരണ ജീവിതത്തിലേക്ക് വന്നവര്‍, സര്‍ജറികള്‍ എല്ലാം കഴിഞ്ഞിട്ടും പമ്പിംഗ് സാധാരണനിലയിലേക്ക് എത്തിയിട്ടില്ലെങ്കിലും ജോലികളെല്ലാം ചെയ്യാന്‍ സാധിക്കുന്ന ആളുകള്‍ എന്നിവര്‍ക്കെല്ലാം മരുന്ന് കഴിച്ചുകൊണ്ട് നോമ്പെടുക്കാവുന്നതാണ്. ഹാര്‍ട്ടിന്റെ വാല്‍വ് സര്‍ജറി കഴിഞ്ഞവര്‍, പേസ്‌മേക്കര്‍ വെച്ചവര്‍ എന്നിവര്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം നോമ്പ് തുറന്ന ഉടനെ മരുന്നുകള്‍ കൃത്യമായി കഴിക്കുക എന്നതാണ്. ഹൃദ്രോഗികള്‍ കുറച്ചുദിവസം നോമ്പെടുത്തു കഴിഞ്ഞാല്‍ ഡോക്ടറെ സമീപിക്കുകയും വ്രതമെടുക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. എന്നാല്‍ അറ്റാക്ക് വന്ന് മസിലിന്റെ പമ്പിംഗ് കുറഞ്ഞ് ഇടക്കിടെ ഭക്ഷണം കഴിക്കാന്‍ പറഞ്ഞിട്ടുള്ള ആളുകളും കുറേയധികം മരുന്നുകള്‍ കഴിക്കുന്നവരും നോമ്പ് ഒഴിവാക്കേണ്ടതാണ്.
ഡോക്ടറുടെ അനുവാദമില്ലാതെ നോമ്പെടുക്കുന്ന രോഗികള്‍ക്ക് ആദ്യത്തെ കുറച്ചുദിവസങ്ങളില്‍ യാതൊരു പ്രയാസവും അനുഭവപ്പെടുകയില്ല. എന്നാല്‍ പിന്നീട് ക്ഷീണം വര്‍ധിക്കുകയും ശ്വാസം മുട്ടല്‍ അനുഭവപ്പെടുകയും ചെയ്യുന്നു. തുടര്‍ന്ന് അസുഖം കൂടി സ്ഥിതി വഷളാകാനും കാരണമാകുന്നു. എന്നാല്‍ ഡോക്ടറുടെ അനുമതിയോടെ നോമ്പെടുക്കുന്ന രോഗികള്‍ നോമ്പു തുറന്നശേഷം ക്ഷീണമാണെന്ന് കരുതി മരുന്നുകള്‍ ഒഴിവാക്കരുത്. രാവിലെ അത്താഴത്തിനും നോമ്പ് തുറന്നതിനുശേഷവും മരുന്നുകള്‍ കൃത്യമായി കഴിക്കേണ്ടതാണ്. ഒപ്പം അത്താഴം ഒഴിവാക്കിക്കൊണ്ട് നോമ്പ് എടുക്കാനും ശ്രമിക്കരുത്. നോമ്പ് തുറന്ന ഉടനെ ഒരുപാട് വെള്ളം കുടിക്കാതെ അല്‍പാല്‍പമായി കുടിക്കുകയാണ് വേണ്ടത്. നോമ്പ് തുറന്ന ഉടനെ ലഘുഭക്ഷണം കഴിക്കുക. രണ്ട് മണിക്കൂര്‍ ഇടവിട്ട് ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുകയും വേണം. എണ്ണമയമുള്ളതും ഫാസ്റ്റ്ഫുഡുകളും കഴിക്കാതിരിക്കുക. ഈ സമയത്ത് മിതമായ ഭക്ഷണ രീതിയിലേക്ക് മാറുക. പ്രമേഹരോഗികള്‍ നോമ്പ് തുറക്കുമ്പോള്‍ ഈത്തപ്പഴം ഒന്ന് മാത്രം കഴിക്കുക. മിതമായ രീതിയില്‍ മാത്രം പഴങ്ങള്‍ കഴിക്കുക. ഇങ്ങനെ ശ്രദ്ധിച്ചുകൊണ്ട് മുന്നോട്ടുപോയാല്‍ നോമ്പെടുക്കുന്നതിന് യാതൊരു തടസ്സവുമുണ്ടാകുകയില്ല.
വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. സുഹൈല്‍ മുഹമ്മദ്
കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ്
ആസ്റ്റര്‍ മിംസ്, കോട്ടക്കല്‍