Connect with us

Articles

കാനഡയിലെ ഉപരിപഠനം ബാലികേറാ മലയാകുമോ?

നയതന്ത്ര സംഘര്‍ഷത്തിന് പിന്നാലെ കാനഡയിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ഥി വിസയുടെ എണ്ണത്തില്‍ 86 ശതമാനം ഇടിവ് വന്നതായി പുതിയ റിപോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ മൂന്നാം പാദത്തില്‍ 1.08 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥി വിസക്കാണ് കാനഡ അനുമതി നല്‍കിയത്. നാലാം പാദത്തിന്റെ അവസാനമായ ഡിസംബര്‍ 21ന് ഇത് 14,910 ആയി കുറഞ്ഞു. 86 ശതമാനത്തിന്റെ ഇടിവ്.

Published

|

Last Updated

പ്രതിവര്‍ഷം ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാര്‍ എത്തുന്ന രാജ്യമാണ് കാനഡ. 2001ലെ കനേഡിയന്‍ സെന്‍സസ് പ്രകാരം രാജ്യത്തെ ജനസംഖ്യയുടെ 0.834 ശതമാനത്തോളം കുടിയേറ്റക്കാരാണ്. 2007ല്‍ 25 ലക്ഷത്തോളം കുടിയേറ്റക്കാര്‍ കാനഡയിലെത്തി. ഇവരില്‍ കൂടുതല്‍ പേര്‍ ചൈന, ഇന്ത്യ, ഫിലിപ്പൈന്‍സ്, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നാണ്.

ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനും വിവിധ
പ്രൊഫഷനല്‍ കോഴ്‌സുകള്‍ക്കുമായി കാനഡ അടക്കമുള്ള രാജ്യങ്ങളിലേക്ക് കൂട്ടത്തോടെ ചേക്കേറിക്കൊണ്ടിരിക്കുകയാണ്. പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്യുന്നതിനും കോഴ്‌സുകള്‍ കഴിഞ്ഞതിനു ശേഷം ജോലി ലഭിക്കുന്നതിനുമുള്ള സാധ്യതയാണ് കൂട്ടത്തോടെയുള്ള ഈ ചേക്കേറലിന്റെ കാരണം. എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് പാര്‍ട്ട് ടൈം ജോലി ചെയ്യുന്നതിനുള്ള സമയത്തിലെ പുതിയ നിയന്ത്രണം വലിയ ദോഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. കാനഡയില്‍ വിദേശ വിദ്യാര്‍ഥികള്‍ കൂടുതലുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഇതില്‍ തന്നെ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കൂടുതല്‍.

ഇന്ത്യ-കാനഡ ബന്ധം ഇപ്പോള്‍ തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. ഇതിന്റെ ഭാഗമായിട്ടാണെന്ന് കരുതുന്നു, ഏറ്റവും ഒടുവില്‍ കാനഡ സര്‍ക്കാര്‍ വിദേശ വിദ്യാര്‍ഥികളുടെ കുടിയേറ്റത്തിന് എതിരായ ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുന്നു.

വിസാ നടപടികള്‍ ലളിതമായതിനാല്‍ വിദേശ വിദ്യാര്‍ഥികളുടെ പ്രിയ കേന്ദ്രമായിരുന്നു കാനഡ. കാനഡയില്‍ ഗുരുതരമായ ഭവന പ്രതിസന്ധിയും തൊഴിലില്ലായ്മയും നിലനില്‍ക്കുന്നതിനിടെയാണ് വിദ്യാര്‍ഥി വിസാ ചാര്‍ജ് വര്‍ധന നേരത്തേ പ്രഖ്യാപിച്ചത്. ജനുവരി ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള വിദേശ വിദ്യാര്‍ഥികള്‍ക്ക് കാനഡ വിസക്ക് കുറഞ്ഞത് 20,635 കനേഡിയന്‍ ഡോളറാണ് ആവശ്യം. ഇത് ഏകദേശം 12 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ വരും. കുടുംബാംഗങ്ങൾ കൂടെയുണ്ടെങ്കില്‍ തുക കൂടും.

കാനഡയിലെ ഇപ്പോഴത്തെ കുറഞ്ഞ തൊഴില്‍ സാധ്യതയും വിദ്യാര്‍ഥികള്‍ക്ക് വെല്ലുവിളിയാണ്. ടൊറന്റോ പോലുള്ള നഗരങ്ങളിലെ ഉയര്‍ന്ന ജീവിതച്ചെലവ്, സൗകര്യം കുറഞ്ഞ സാഹചര്യങ്ങളില്‍ ജീവിക്കാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിതരാക്കും. തൊഴിലില്ലായ്മയും വീടുകളുടെ ലഭ്യതക്കുറവും വര്‍ധിക്കുന്നതുകൊണ്ട് കാനഡയില്‍ വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ പരിധി ഏര്‍പ്പെടുത്തുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക് മില്ലര്‍ നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. കാനഡയില്‍ വിദേശ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ മന്ത്രി കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2022ല്‍ എട്ട് ലക്ഷത്തില്‍ പരം വിദേശ വിദ്യാര്‍ഥികളാണ് കാനഡയിലുണ്ടായിരുന്നത്. 2012ല്‍ ഇത് 2,75,000 ആയിരുന്നു.

കാനഡയിലെ വിദേശ വിദ്യാര്‍ഥികളുടെ പാര്‍ട്ട് ടൈം ജോലി സമയത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ലക്ഷക്കണക്കായ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ബാധിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനാണെന്ന് കാനഡ സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഇന്ത്യ-കാനഡ ബന്ധം വഷളായതുമായി ഈ നടപടിക്ക് ബന്ധം ഉണ്ടോ എന്ന് സംശയിക്കുന്നു. നിലവിലുണ്ടായിരുന്ന ആഴ്ചതോറുമുള്ള 40 മണിക്കൂര്‍ ജോലി സമയം വരുന്ന സെപ്തംബര്‍ മുതല്‍ 24 മണിക്കൂറാകും. കനേഡിയന്‍ ബ്യൂറോ ഫോര്‍ ഇന്ത്യന്‍ നാഷനല്‍ എജ്യുക്കേഷന്റെ 2022 കണക്ക് പ്രകാരം 3,19,130 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് കാനഡയിലുള്ളത്.

ഒരു വിദ്യാര്‍ഥിക്ക് 30-35 ലക്ഷം രൂപയോളമാണ് രണ്ട് വര്‍ഷത്തെ ഉന്നത പഠനത്തിനായി വേണ്ടിവരുന്നത്. വിദ്യാഭ്യാസത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി കൂടിയാകുമ്പോള്‍ ജീവിതച്ചെലവുമായി ഒത്തുപോകുമായിരുന്നു. തദ്ദേശീയരായ വിദ്യാര്‍ഥികളേക്കാള്‍ മൂന്നര ഇരട്ടിയാണ് വിദേശ വിദ്യാര്‍ഥികള്‍ക്ക് കോളജ് ട്യൂഷന്‍ ഫീസുകള്‍. തൊഴിലവസരങ്ങളുടെ കാര്യത്തില്‍ അനുഭവപ്പെടുന്ന ദൗര്‍ലഭ്യം ഇരു രാജ്യങ്ങളും തമ്മിലുള്ള അകല്‍ച്ചയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ രൂക്ഷമാകുമോ എന്നാണ് വിദ്യാര്‍ഥികളുടെ ഉത്കണ്ഠ.

നയതന്ത്ര സംഘര്‍ഷത്തിന് പിന്നാലെ കാനഡയിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ഥി വിസയുടെ എണ്ണത്തില്‍ 86 ശതമാനം ഇടിവ് വന്നതായി പുതിയ റിപോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ മൂന്നാം പാദത്തില്‍ 1.08 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥി വിസക്കാണ് കാനഡ അനുമതി നല്‍കിയത്. നാലാം പാദത്തിന്റെ അവസാനമായ ഡിസംബര്‍ 21ന് ഇത് 14,910 ആയി കുറഞ്ഞു. 86 ശതമാനത്തിന്റെ ഇടിവ്.
വിദ്യാര്‍ഥികള്‍ക്ക് പെര്‍മിറ്റ് നല്‍കുന്ന കനേഡിയന്‍ നയതന്ത്രജ്ഞരെ ഇന്ത്യയില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം അവസാനം വിദ്യാര്‍ഥി വിസ അനുവദിക്കുന്നതില്‍ വന്‍ കുറവുണ്ടായതായി കനേഡിയന്‍ ഇമിഗ്രേഷന്‍ മന്ത്രി പറഞ്ഞിരുന്നു. അടുത്തൊന്നും വിദ്യാര്‍ഥി വിസയില്‍ വര്‍ധനവ് ഉണ്ടാകാന്‍ സാധ്യതയില്ലെന്നും വിദേശ വിദ്യാര്‍ഥികള്‍ കൂടുതലായി കാനഡയിലേക്ക് വരുന്നത് വലിയ വെല്ലുവിളിയാണെന്നും അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണം പകുതിയായി കുറക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു.

നയതന്ത്ര പ്രതിനിധികളുടെ സുരക്ഷ പിന്‍വലിക്കുമെന്ന് ഇന്ത്യ ഭീഷണി ഉയര്‍ത്തിയതിന് പിന്നാലെ കഴിഞ്ഞ ഒക്‌ടോബറില്‍ ഇന്ത്യയിലുള്ള 62 നയതന്ത്ര പ്രതിനിധികളില്‍ 41 പേരെ കാനഡ തിരിച്ച് വിളിച്ചിരുന്നു.

എന്തായാലും ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ വിദ്യാര്‍ഥികളുടെ സ്വപ്‌നമായ കാനഡ അടക്കമുള്ള രാജ്യങ്ങളിലെ പഠനം ബാലികേറാ മലയായി മാറുകയാണെന്നുള്ളതാണ് വസ്തുത. കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ താത്പര്യം സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ ഏറ്റവും ശക്തമായ ഇടപെടല്‍ അടിയന്തരമായി ഉണ്ടാകണം. കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഭാവി ലക്ഷ്യമാക്കിയുള്ള നടപടികളാണ് കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് രാജ്യം പ്രതീക്ഷിക്കുന്നത്.

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428

Latest