തെളിയോളം
അറിവില്ലായ്മ കൊണ്ട് അർമാദിക്കാമോ?
"അറിയാത്ത കാര്യങ്ങൾ പഠിക്കുന്നത് ബലഹീനതയല്ല, ശക്തിയുടെ അടയാളമാണ്' എന്ന് ഉൾക്കൊള്ളാൻ പരിശീലിപ്പിക്കുകയാണ് ഡണിംഗ് ക്രൂഗർ ഇഫക്റ്റിനെ മറികടക്കാൻ തുടങ്ങുന്നതിനുള്ള ഒരു നല്ല മാർഗം.
“അജ്ഞതയാണ് അറിവിനേക്കാൾ ആത്മവിശ്വാസം വളർത്തുന്നത്’ എന്ന് ചാൾസ് ഡാർവിൻ ദി ഡിസെന്റ് ഓഫ് മാൻ എന്ന കൃതിയിൽ പ്രസ്താവിച്ചിട്ടുണ്ട്. സാമൂഹിക ബൗദ്ധിക മേഖലകളിൽ സ്വന്തം കഴിവുകൾ സംബന്ധിച്ച് ചിലർ യഥാർഥത്തിൽ അവർക്കുള്ളതിനേക്കാൾ വളരെ ഉയർന്നതാണെന്ന തെറ്റായ വിചാരമുള്ളവരാണെന്ന് ചില പഠനങ്ങൾ തെളിയിക്കുന്നു.
വൈജ്ഞാനിക കലാ ശേഷികളിലും ജനപ്രീതിയിലും ഉള്ള ഈ “ആത്മവിശ്വാസത്തിന്റെ മിഥ്യാധാരണ’ (ഡണിംഗ് ക്രൂഗർ ഇഫക്ട്) ബാധിച്ച ആളുകളും സ്ഥാപനങ്ങളും സ്വയം കൊച്ചാവുന്ന വിധം സാമൂഹിക മാധ്യമങ്ങളിൽ തകർത്താടുന്നത് നമുക്ക് കാണാനാവുന്നുമുണ്ടല്ലോ. 80 ശതമാനം ഡ്രൈവർമാരും അവരുടെ ഡ്രൈവിംഗ് സ്കിൽ ശരാശരിയേക്കാൾ കൂടുതലാണെന്ന് വിശ്വസിക്കുന്നതു പോലെ, സ്ഥാപനങ്ങളും സംഘടനകളും അവരുടെ ബിസിനസ് തന്ത്രങ്ങളും പ്രചാരണ രീതികളും ഏറ്റവും മികച്ചതാണെന്നു കരുതുന്നു.
കഴിവില്ലായ്മയെ പറ്റി അജ്ഞരായവർക്ക് അവരുടെ ബലഹീനത തിരിച്ചറിയാൻ കഴിയില്ലെന്ന് മാത്രമല്ല, മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ അവർ അവരുടെ കഴിവുകൾക്ക് അമിതമായി മൂല്യം കൽപ്പിക്കുകയും മറ്റുള്ളവരുടെ കഴിവുകൾ തിരിച്ചറിയാതിരിക്കുകയും ചെയ്യും. ഇത്തരക്കാർ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന സഹപ്രവർത്തകരേക്കാൾ താൻ മികച്ചവനാണെന്ന് വിശ്വസിക്കുന്നുവെന്ന് മാത്രമല്ല കൈകാര്യം ചെയ്യുന്ന കാര്യത്തിലെ അറിവില്ലായ്മ സ്വന്തം തെറ്റുകൾ കാണാനാകാത്ത വിധം “അന്ധമായ ആത്മവിശ്വാസ’മായി തങ്ങളുടെ വളർച്ചയുടെ എല്ലാ സാധ്യതകളെയും അടച്ചിടുന്നുണ്ടെന്നും മനസ്സിലാക്കുന്നുമില്ല.
ഒരു സെമസ്റ്റർ പൂർത്തിയായ ശേഷം ഒരു കോളജ് വിദ്യാർഥിക്ക് അവന്റെ ആപേക്ഷിക സ്കോറുകളെയും പെർസെന്റൈലുകളെയും കുറിച്ച് ഫീഡ്‌ബാക്ക് നൽകി ഭാവിയിലെ പരീക്ഷകളിൽ അവന്റെ പ്രകടനം നന്നായി മെച്ചപ്പെടുത്താൻ കഴിയും. എന്നാൽ ഒരു വിഷയത്തിൽ തങ്ങളുടെ പ്രകടനത്തെ അമിതമായി വിലയിരുത്തുന്ന വിദ്യാർഥികൾ, ആ തെറ്റിദ്ധാരണമൂലം അധ്യാപകരുടെയോ സഹപാഠികളുടെയോ സഹായം ചോദിക്കുന്നത് ഒഴിവാക്കുകയോ അധിക പഠന സെഷനുകൾ ഒഴിവാക്കുകയോ ചെയ്തേക്കാം.
തങ്ങളുടെ പ്രകടനം മോശമാകുന്നതിലേക്ക് നയിച്ച തെറ്റായ വഴികളെക്കുറിച്ച് ആശയക്കുഴപ്പമോ ആശങ്കയോ തോന്നുന്നതിനുപകരം, ഇത്തരക്കാർ അവരുടെ ഇപ്പോൾ മുന്നോട്ടു പോകുന്ന വഴികൾ ശരി തന്നെയാണെന്ന് ശഠിക്കുകയാണ് ചെയ്യുക. താനിനി ഒന്നും മാറാനില്ല എന്ന് ആവർത്തിച്ച് ആത്മവിശ്വാസം കൊള്ളുന്നവർ, തിരുത്തുന്നത് വലിയ മാനഹാനിയായിട്ടാണ് കണക്കാക്കുക.
“അറിയാത്ത കാര്യങ്ങൾ പഠിക്കുന്നത് ബലഹീനതയല്ല, ശക്തിയുടെ അടയാളമാണ്’ എന്ന് ഉൾക്കൊള്ളാൻ പരിശീലിപ്പിക്കുകയാണ് ഡണിംഗ് ക്രൂഗർ ഇഫക്റ്റിനെ മറികടക്കാൻ തുടങ്ങുന്നതിനുള്ള ഒരു നല്ല മാർഗം. നിങ്ങളുടെ സഹപ്രവർത്തകർ അവരുടെ സ്വന്തം പ്രകടനത്തിന്റെ അപര്യാപ്തതയെക്കുറിച്ച് അജ്ഞരാണെന്നോ സ്വന്തത്തെപ്പറ്റി പക്ഷപാതപരമായ വിധികർത്താക്കളാണെന്നോ ഉള്ള അറിവ് ഉപയോഗിച്ച് അവരെ ശരിയാം വിധം സമീപിക്കുന്നത് ശക്തമായ ഒരു പ്രാരംഭ ഘട്ടമായിരിക്കും. മറ്റുള്ളവരുടെ പ്രകടനങ്ങൾ ശ്രദ്ധിക്കുകയും അവയിൽ ഉൾക്കാഴ്ച നേടുകയും ചെയ്യുന്നതിലൂടെ സ്വന്തം പ്രകടനത്തെക്കുറിച്ച് അജ്ഞരാകുന്നത് ഒഴിവാക്കാനാകും.
സ്ഥാപനങ്ങളിൽ ജീവനക്കാരെ വ്യത്യസ്ത വീക്ഷണങ്ങളിലേക്കും വൈദഗ്ധ്യത്തിലേക്കും തുറന്നുകാട്ടുന്നതിന് പിയർ റിവ്യൂ പ്രക്രിയകളും ടീം വർക്കുകളും നടപ്പിലാക്കാം. സഹകരിച്ചുള്ള പരിതസ്ഥിതികൾ വ്യക്തികളെ വ്യത്യസ്ത നൈപുണ്യ തലങ്ങളെ തിരിച്ചറിയാനും ഫീഡ്‌ബാക്ക് കൂടുതൽ സ്വീകരിക്കാനും സഹായിക്കും. കൃത്യമായ ഒരു ഫീഡ്‌ബാക്ക് സെഷനിലൂടെ അവർ കേൾക്കാൻ പ്രയാസമുള്ള ഫീഡ്‌ബാക്ക് എങ്ങനെ തുറന്ന് സ്വീകരിക്കാമെന്നും അവർ എപ്പോഴും ന്യായമായ സ്വയം വിലയിരുത്തലല്ല നടത്തുന്നതെന്നും സമ്മതിച്ചുകൊണ്ട് അവരെ പഠിപ്പിക്കാനാകും.
ജോലിസ്ഥലത്ത് നിരന്തരപഠന കോഴ്സുകളും വാഗ്ദാനം ചെയ്യാം. ആത്യന്തികമായി, അവർ കൂടുതൽ പഠിക്കുമ്പോൾ, ഒരു വിഷയത്തിൽ വിദഗ്ധരാണെന്ന് അവർ കരുതാനുള്ള സാധ്യത കുറവാണ്. വിജയങ്ങൾ മാത്രമല്ല, പഠിക്കാനും തെറ്റുകൾ സമ്മതിക്കാനും സഹായം തേടാനുമുള്ള സന്നദ്ധതയും സ്ഥാപനങ്ങൾ ആഘോഷിക്കണം. ഈ പെരുമാറ്റങ്ങൾ തിരിച്ചറിയുകയും പ്രതിഫലം നൽകുകയും ചെയ്യുന്നതിലൂടെ, “വിജയം’ എന്ന് വിളിക്കപ്പെടുന്നിടത്ത് നിശ്ചലമായി നിൽക്കുന്നതിനുപകരം, പഠനം തുടരാൻ ജീവനക്കാർ ആവേശഭരിതരാകുംവിധം അവരെ പ്രോത്സാഹിപ്പിക്കാനാകും.