Connect with us

SRILANKA

ലങ്കയുടെ പ്രതീക്ഷയാകാന്‍ റെനിലിന് സാധിക്കുമോ?

ജനകീയ വികാരം ശമിപ്പിക്കാന്‍ റെനില്‍ വിക്രമസിംഗെ നന്നായി പാടുപെടേണ്ടി വരും. ഗോട്ടാ ഗോ ഹോം എന്ന മുദ്രാവാക്യത്തിന് പകരം "റെനില്‍ ഗോ ഹോം' എന്ന മുദ്രാവാക്യം ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഉത്തരവാദിത്വമുള്ള അയല്‍ രാജ്യമെന്ന നിലയില്‍ ഇന്ത്യ കരുതലോടെ നീങ്ങേണ്ട ഘട്ടമാണിത്.

Published

|

Last Updated

ഗൊതാബയ രാജപക്‌സേ സ്ഥാനഭ്രഷ്ടനാകുകയും പ്രധാനമന്ത്രിപദം കൈയാളിയിരുന്ന സഹോദരന്‍ മഹീന്ദ രാജപക്‌സേയുമായി ചേര്‍ന്ന് അദ്ദേഹം കൊണ്ടുവന്ന വികല നയങ്ങളില്‍ ചിലത് റദ്ദാക്കുകയും ചെയ്തതോടെ ശ്രീലങ്കയില്‍ രാഷ്ട്രീയ പ്രതിസന്ധി നീങ്ങുമെന്ന പ്രതീക്ഷയുണര്‍ന്നിരിക്കുന്നു. പുതിയ പ്രസിഡന്റായി റെനില്‍ വിക്രമ സിംഗെ സ്ഥാനമേറ്റിട്ടുണ്ട്. മാസങ്ങള്‍ നീണ്ട ഉപരോധ സമരത്തിന് പിറകേ പ്രസിഡന്റിന്റെ ഓഫീസും അനുബന്ധ സംവിധാനങ്ങളും പ്രവര്‍ത്തനമാരംഭിച്ചിട്ടുമുണ്ട്. ഐ എം എഫില്‍ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പ തരപ്പെടുത്താനുള്ള ശ്രമം ഊര്‍ജിതമായി തുടരുകയാണ്.
പുതിയ പ്രസിഡന്റായി ചുമതലയേറ്റ റെനില്‍ വിക്രമസിംഗെക്ക് ദുഷ്‌കരമായ ദൗത്യമാണ് പൂര്‍ത്തിയാക്കാനുള്ളത്. സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കണം. സാമൂഹിക രംഗത്ത് സംഭവിക്കുന്ന അരക്ഷിതാവസ്ഥയും നിരാശയും വകഞ്ഞ് മാറ്റി ആത്മവിശ്വാസം പകരണം. ക്രമസമാധാന നില ശക്തമാക്കണം. എന്നാല്‍ അതിലേക്കൊക്കെ തലകൊടുക്കും മുമ്പ് സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്തേണ്ട ഗതികേടിലാണ് അദ്ദേഹം. സത്യത്തില്‍, ശ്രീലങ്ക സമാനതകളില്ലാത്ത ദുരിതം ഏറ്റുവാങ്ങി തകര്‍ന്നടിയുമ്പോള്‍ നേതൃസ്ഥാനത്തിരിക്കാന്‍ ലഭ്യമായതില്‍ പരമ യോഗ്യനാണ് റെനില്‍ വിക്രമ സിംഗെ. റെനിലിന്റെ പാര്‍ട്ടിയായ യു എന്‍ പിക്ക് ഒരേയൊരു അംഗമേ പാര്‍ലിമെന്റിലുള്ളൂവെങ്കിലും അന്താരാഷ്ട്ര തലത്തില്‍ പേരുള്ളയാളാണ് അദ്ദേഹം. ഇന്ത്യയുമായും ചൈനയുമായും ഒരു പോലെ നല്ല ബന്ധമുണ്ട്. ഐ എം എഫ് പോലുള്ള ധനകാര്യ സ്ഥാപനങ്ങളുമായി സംസാരിക്കാന്‍ അദ്ദേഹത്തിന് സവിശേഷമായ കഴിവുണ്ടെന്നാണ് വിലയിരുത്തല്‍. വിദേശ നാണ്യ പ്രതിസന്ധി പരിഹരിക്കാന്‍ കടമെടുപ്പല്ലാതെ വഴിയില്ലാതിരിക്കുന്ന ശ്രീലങ്കക്ക് ഇപ്പോള്‍ വേണ്ടത് ഈ കഴിവുള്ള നേതാവ് തന്നെയാണ്. പലതവണ പ്രധാനമന്ത്രിയായതിന്റെ അനുഭവ സമ്പത്തുമുണ്ട്. ഒറ്റ പ്രശ്‌നമേയുള്ളൂ. രാജപക്‌സേമാരുമായുള്ള ബന്ധം. മഹിന്ദ രാജപക്‌സേ പ്രധാനമന്ത്രി സ്ഥാനം വിട്ടൊഴിഞ്ഞ് ഒളിവില്‍ പോകുമ്പോള്‍ മുന്നോട്ട് വെച്ചത് റെനില്‍ വിക്രമ സിംഗെയുടെ പേരായിരുന്നു. റെനില്‍ ഭരണ തലപ്പത്തെത്തുന്നതിനെ ഗൊതാബയയും പിന്തുണച്ചു. രാജപക്‌സേയുടെ പൊതുജന പെരമുന സഖ്യം പാര്‍ലിമെന്റില്‍ റെനില്‍ വിക്രമ സിംഗെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. രാജപക്‌സേ കുടുംബവുമായി റെനിലിന് ഗാഢബന്ധമാണുള്ളത്.

അതുകൊണ്ട്, ആദ്യം പ്രധാനമന്ത്രിയായും ഇപ്പോള്‍ പ്രസിഡന്റായും നിയുക്തനായ റെനിലിനെ വിശ്വാസത്തിലെടുക്കാന്‍ പ്രക്ഷോഭകര്‍ തയ്യാറാകുന്നില്ല. അംഗബലമില്ലാത്ത പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ രാജപക്‌സേമാരുടെ റബ്ബര്‍ സ്റ്റാമ്പ് മാത്രമാകാനേ റെനിലിന് സാധിക്കൂവെന്നാണ് ആക്ഷേപം. കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും തോറ്റയാളാണ് റെനില്‍. ജനങ്ങള്‍ തിരഞ്ഞെടുത്ത പ്രസിഡന്റല്ല, തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണ് അദ്ദേഹമെന്ന് പ്രക്ഷോഭകര്‍ പറയുന്നു. ആള് മാറാനല്ല, നയം മാറാനാണ് സമരം ചെയ്യുന്നതെന്നും സമരം അടിച്ചമര്‍ത്താനാണ് റെനില്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. സമരം അല്‍പ്പമൊന്ന് തണുത്തപ്പോള്‍ അടിച്ചമര്‍ത്തല്‍ നയം പുറത്തെടുക്കുകയാണ് സര്‍ക്കാര്‍. ഗാലി ഫേസ് അടക്കമുള്ള പ്രക്ഷോഭ കേന്ദ്രങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. കൊളംബോയില്‍ വിവിധയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. അടിയന്തരാവസ്ഥ കൂടുതല്‍ ശക്തമാക്കി. ഈ ഭയപ്പെടുത്തല്‍ ഒരു സമന്വയ രാഷ്ട്രത്തലവനില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതല്ല.

പ്രക്ഷോഭത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. പുതിയ പ്രസിഡന്റിനെതിരെയും സമരം തുടരാന്‍ തന്നെയാണ് തീരുമാനം. രാജപക്‌സേമാര്‍- മഹിന്ദ, ഗൊതാബയ, ചമല്‍, ബേസില്‍- ശിക്ഷ അനുഭവിക്കണമെന്ന തുടര്‍ മുദ്രാവാക്യമാണ് ഇപ്പോള്‍ തെരുവിലുയരുന്നത്. അതിന്റെ ഭാഗമാണ് സുപ്രീം കോടതിയില്‍ ഹരജിയെത്തിയതും രാജപക്‌സേമാര്‍ രാജ്യം വിടുന്നത് തടയണമെന്ന് വിധി വന്നതും. ഒരു അര്‍ധവിരാമം സമരത്തിന് വന്നിട്ടുണ്ടെങ്കിലും തെരുവിലെ സമര ഭടന്‍മാര്‍ അത്ര എളുപ്പത്തില്‍ പിന്‍വാങ്ങില്ല. മനുഷ്യരുടെ ജീവിത പ്രയാസങ്ങള്‍ ഒരു മാറ്റവുമില്ലാതെ തുടരുമ്പോള്‍ രാജപക്‌സേമാര്‍ കസേരവിട്ടു എന്ന ഒറ്റ നേട്ടം ആഘോഷിച്ച് മടങ്ങാന്‍ പ്രക്ഷോഭകരെ കിട്ടില്ല. പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ രാപ്പകല്‍ നിര നീളുകയാണ്. ഭക്ഷ്യ റേഷന്‍ പുനഃസ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. രാജ്യത്തെ 86 ശതമാനം പേരും ആവശ്യത്തില്‍ കുറച്ച് ഭക്ഷണം മാത്രമേ കഴിക്കുന്നുള്ളൂവെന്നാണ് യു എന്‍ ഫുഡ് പ്രോഗ്രാം പുറത്തുവിട്ട കണക്ക്. സര്‍ക്കാര്‍ ജീവനക്കാരില്‍ പോലീസിനും സൈന്യത്തിനുമൊഴിച്ചുള്ളവര്‍ക്കെല്ലാം ശമ്പളം വൈകുകയാണ്. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും നിര്‍ബാധം തുടരുന്നു. ഈ യാഥാര്‍ഥ്യങ്ങള്‍ മുന്നിലുള്ളപ്പോള്‍ ജനകീയ വികാരം ശമിപ്പിക്കാന്‍ റെനില്‍ വിക്രമസിംഗെ നന്നായി പാടുപെടേണ്ടി വരും. ഗോട്ടാ ഗോ ഹോം എന്ന മുദ്രാവാക്യത്തിന് പകരം “റെനില്‍ ഗോ ഹോം’ എന്ന മുദ്രാവാക്യം ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു.

ഉത്തരവാദിത്വമുള്ള അയല്‍ രാജ്യമെന്ന നിലയില്‍ ഇന്ത്യ കരുതലോടെ നീങ്ങേണ്ട ഘട്ടമാണിത്. ഇപ്പോള്‍ സാധ്യമായ ശാന്തത അവസരമായെടുത്ത് രാഷ്ട്രീയ വ്യവസ്ഥ പുനഃസ്ഥാപിക്കാനായി ഇടപെടണം. അശാന്തമായ ശ്രീലങ്ക ഇന്ത്യക്ക് ഭീഷണിയാണ്. എല്‍ ടി ടി ഇക്ക് സമാനമായ ഗ്രൂപ്പുകള്‍ അവിടെ തലപൊക്കുമെന്ന റിപോര്‍ട്ടുകളുണ്ട്. ചൈനയുടെ വഴിവിട്ട ഇടപെടല്‍ അവസാനിച്ചിട്ടില്ല. ശ്രീലങ്കയെ ജനാധിപത്യത്തിന്റെ വഴിയില്‍ മുന്നേറാന്‍ സഹായിക്കുകയാണ് ഇത്തരുണത്തില്‍ അന്താരാഷ്ട്ര സമൂഹം ചെയ്യേണ്ടത്. യുദ്ധക്കുറ്റമടക്കമുള്ളവയില്‍ രാജപക്‌സേമാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും വേണം. രാഷ്ട്രീയ സുസ്ഥിരത സാധ്യമാകണമെങ്കില്‍ സാമ്പത്തിക സുരക്ഷ അനിവാര്യമാണ്. കടുത്ത വ്യവസ്ഥകള്‍ വെച്ച് സാമ്പത്തിക സഹായം തടയാനുള്ള പഴുത് നോക്കുകയല്ല, അയവേറിയ സമീപനമെടുക്കുകയാണ് അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍ ചെയ്യേണ്ടത്.

Latest