Connect with us

Editors Pick

ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിച്ചേക്കുമോ?

എട്ടു ബില്ലുകള്‍ ഗവര്‍ണറുടെ ഒപ്പിനായി കാത്തിരിക്കുന്നുണ്ടെന്ന് ഓര്‍മപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു കത്തയച്ചത് നിയമ നടപടികള്‍ക്കു മുന്നോടിയായാണെന്നാണു വിവരം.

Published

|

Last Updated

കോഴിക്കോട് | നിയമ സഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ സര്‍ക്കാര്‍ നിയമ നടപടികളിലേക്കു നീങ്ങിയേക്കും എന്നു സൂചന. എട്ടു ബില്ലുകള്‍ ഗവര്‍ണറുടെ ഒപ്പിനായി കാത്തിരിക്കുന്നുണ്ടെന്ന് ഓര്‍മപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു കത്തയച്ചത് നിയമ നടപടികള്‍ക്കു മുന്നോടിയായാണെന്നാണു വിവരം. ലോകായുക്ത, സര്‍വകലാശാലാ ബില്ലുകളാണ് ഒപ്പിടാത്തതില്‍ പ്രധാനം. ഈ രണ്ടു ബില്ലുകളിലും ഗവര്‍ണര്‍ പരസ്യമായ വിയോജിപ്പുകള്‍ പ്രകടിപ്പിച്ചിരുന്നു. ഇതടക്കം എട്ട് ബില്ലുകളാണ് ഒപ്പിടാനുള്ളത്. എതിര്‍പ്പില്ലാത്ത ബില്ലുകളും പിടിച്ചുവച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി കത്തയച്ചത്.

സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനുള്ള ഭരണഘടനാ ബാധ്യത ഗവര്‍ണര്‍ക്കുണ്ടെങ്കിലും വിയോജിക്കാനും പുനഃപ്പരിശോധന ആവശ്യപ്പെടാനും കഴിയും. നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ ഒപ്പിടുമ്പോഴാണ് നിയമമാകുന്നത്. ഒപ്പിടുന്നില്ലെങ്കില്‍ പുനഃപ്പരിശോധനക്ക് നിയമസഭയിലേക്ക് തിരിച്ചയക്കാം. അതല്ലെങ്കില്‍ രാഷ്ട്രപതിയുടെ പരിഗണനക്ക് വിടാം.

ബില്ലുകളുടെ കാര്യത്തില്‍ ഒപ്പിടാനുള്ള കാലയളവ് ഭരണഘടന നിഷ്‌കര്‍ഷിക്കുന്നില്ല. ഒപ്പിടുന്നതിനുള്ള കാലയളവ് ഗവര്‍ണര്‍ക്ക് തീരുമാനിക്കാം. രാഷ്ട്രപതിക്ക് വേണമെങ്കില്‍ ബില്‍ ഭേദഗതി വരുത്തി തിരിച്ചയക്കാമെങ്കിലും ആ ഭേദഗതി അംഗീകരിക്കണോയെന്ന് നിയമസഭക്ക് തീരുമാനിക്കാം. മാറ്റം വരുത്താതെ വീണ്ടും ബില്‍ സഭ ഗവര്‍ണര്‍ക്ക് അയച്ചാല്‍ അതില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണ്.

ഇന്ത്യന്‍ ഭരണഘടനയിലെ 153 മുതല്‍ 164 വരെയുള്ള അനുച്ഛേദങ്ങളിലാണ് ഗവര്‍ണറുടെ തെരഞ്ഞെടുപ്പും ചുമതലകളും പ്രതിപാദിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെയും അതിന്റെ നേതാവായ മുഖ്യമന്ത്രിയുടെയും സഹായവും ഉപദേശവും അനുസരിച്ച് ഗവര്‍ണര്‍ അദ്ദേഹത്തിന്റെ ചുമതലകള്‍ നിര്‍വഹിക്കണമെന്നാണ് ഈ വകുപ്പുകള്‍ അനുശാസിക്കുന്നത്.

നിയമസഭ വിളിച്ചുകൂട്ടുക, നയപ്രഖ്യാപനപ്രസംഗം നടത്തുക, സര്‍ക്കാര്‍ ഓര്‍ഡിനന്‍സുകളിലും ബില്ലുകളിലും ഒപ്പുവയ്ക്കുക തുടങ്ങിയ ഔപചാരികമായ ചുമതലകള്‍ നിര്‍വഹിക്കുകയാണ് ഗവര്‍ണറുടെ അധികാരം. ഭരണഘടനയെ സംരക്ഷിക്കാനും നിലനിര്‍ത്താനും അതിനുവേണ്ടി പ്രവര്‍ത്തിക്കാനും താന്‍ തയ്യാറാണെന്നാണ് അധികാരം ഏല്‍ക്കുന്നതിനു മുമ്പു സംസ്ഥാന ഹൈക്കോടതി ചീഫ് ജസ്റ്റിസിനു മുമ്പില്‍ ഗവര്‍ണര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്.

കക്ഷിരാഷ്ട്രീയത്തിന് അതീതനായിരിക്കണം ഗവര്‍ണര്‍ എന്നതാണ് പൊതുസങ്കല്‍പ്പം. ഭരണഘടന അനുശാസിക്കുന്നതും അതാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളയാളെ ഗവര്‍ണറായി നിയമിക്കുകയെന്ന കീഴ്വഴക്കത്തിനു പിന്നിലും സംസ്ഥാന രാഷ്ട്രീയത്തില്‍ ഇടപഴകാതിരിക്കുകയെന്ന സങ്കല്‍പ്പമാണുള്ളത്. സര്‍ക്കാര്‍ കോടതിയെ സമീപിച്ചാല്‍ ഇക്കാര്യങ്ങളെല്ലാം കോടതിക്കുമുമ്പാകെ എത്തും. ഗവര്‍ണര്‍ ഇതുവരെ രാഷ്ട്രീയമായി നടത്തിയ നീക്കങ്ങളും കോടതിക്കുമുമ്പില്‍ അക്കമിട്ടു നിരത്തേണ്ടിവരും.

ബില്‍ ഒപ്പിടാതെ അനന്തമായി വച്ചുതാമസിപ്പിക്കുന്നതിനുള്ള അധികാരം ഗവര്‍ണര്‍ക്കില്ലെന്നും ബില്ലില്‍ ഒപ്പിടാതെ താമസിപ്പിക്കുന്നത് ജനങ്ങളോടു ചെയ്യുന്ന ക്രൂരതയാണെന്നുമാണു സര്‍ക്കാര്‍ നിലപാട്. നിയമസഭ പാസാക്കിയ രണ്ട് ബില്‍ വായിച്ചു നോക്കുക പോലും ചെയ്യാതെയാണ് ഒപ്പിടില്ലെന്ന ഗവര്‍ണര്‍ പ്രഖ്യാപിച്ചത്. ഇതെല്ലാം നിയമ പ്രശ്‌നമായി ഉയര്‍ന്നുവരും.
ബിജെപി ഇതര സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ ബില്ലില്‍ ഒപ്പിടാതെ താമസിപ്പിക്കുന്നത് പതിവാക്കിയിരിക്കുകയാണെന്നു സര്‍ക്കാര്‍ പറയുന്നത്.

ബില്‍ ഒപ്പിടാതെ വച്ചു താമസിപ്പിക്കുന്നതു കോടതിയില്‍ എത്തിയാല്‍ അതു ഭരണഘടനാ വിഷയങ്ങളിലെ നിയമ പ്രശ്‌നങ്ങളിലുള്ള വലിയ സംവാദത്തിനു വഴിതുറക്കും.

Latest