From the print
പൗരത്വദാനം വോട്ടാകുമോ?
സി എ എ വിരുദ്ധ ഹരജികൾ സുപ്രീം കോടതി തീർപ്പാക്കുന്നതിന് കാത്തിരിക്കാതെ നടത്തിയ പൗരത്വദാനം ബി ജെ പിയുടെ രാഷ്ട്രീയ ദുഷ്ടലാക്ക് വെളിപ്പെടുത്തുന്നുണ്ട്
സി എ എ പ്രകാരം 14 പേർക്ക് കഴിഞ്ഞ ദിവസം പൗരത്വം നൽകിയത് വോട്ടായി മാറുമോ എന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ ഇപ്പോൾ ചർച്ച ചെയ്യുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് തിടുക്കപ്പെട്ട് കേന്ദ്ര സർക്കാർ സി എ എ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തപ്പോൾ തന്നെ ഇത് രാഷ്ട്രീയ ഗിമ്മിക്കാണെന്ന് വ്യാപക വിമർശമുയർന്നിരുന്നു. അതിനെ ശരിവെക്കുന്ന വിധത്തിൽ വളരെ വേഗത്തിലാണ് അപേക്ഷകളിൽ തീരുമാനമെടുത്തത്.
സാധാരണയിൽ ഒരു സർക്കാർ ഓഫീസിൽ നിന്ന് സേവനങ്ങൾ ലഭിക്കാൻ എടുക്കുന്ന കാലദൈർഘ്യം പോലും കാത്തിരിക്കേണ്ടി വന്നില്ല പൗരത്വ അപേക്ഷകർക്ക്. കേന്ദ്രസർക്കാർ “പ്രത്യേക’ താത്പര്യമെടുത്ത് നടപടിക്രമങ്ങൾ വേഗത്തിലാക്കി എന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.
സി എ എ വിരുദ്ധ ഹരജികൾ സുപ്രീം കോടതി തീർപ്പാക്കുന്നതിന് കാത്തിരിക്കാതെ നടത്തിയ പൗരത്വദാനം ബി ജെ പിയുടെ രാഷ്ട്രീയ ദുഷ്ടലാക്ക് വെളിപ്പെടുത്തുന്നുണ്ട്. സി എ എ വിഷയത്തിൽ ഇന്ത്യ മുന്നണിയെ വെല്ലുവിളിച്ച് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദി യു പിയിൽ രംഗത്തെത്തിയിരുന്നു.
മോദി ഗ്യാരന്റിയുടെ ഭാഗമാണ് സി എ എ എന്നും ആരൊക്കെ ശ്രമിച്ചാലും നിയമം നടപ്പാക്കുന്നത് തടയാൻ ആകില്ലെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. സി എ എ പ്രകാരം പൗരത്വം ലഭിച്ചവർ മതത്തിന്റെ പേരിൽ രാജ്യം വിഭജിക്കപ്പെട്ടതിന്റെ ഇരകളാണെന്ന്, തിടുക്കപ്പെട്ടുള്ള പൗരത്വദാനത്തെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു. “ഉടൻ’ പൗരത്വം തിരഞ്ഞെടുപ്പ് വിഷയമാക്കാൻ ബി ജെ പി ഉദ്ദേശിക്കുന്നു എന്നാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്. അത് വോട്ടായി മാറുമോ എന്നതിൽ രാഷ്ട്രീയ നിരീക്ഷകർക്ക് സന്ദേഹമുണ്ട്.
ഇന്ത്യയിലെ പൗരൻമാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് ഏതെങ്കിലും തരത്തിൽ സഹായിക്കില്ല എന്നതിനാൽ മോദിയുടെ പൗരത്വ ദാനം വോട്ടാകില്ല എന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. അതേസമയം, സി എ എ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തിട്ടും പൗരത്വത്തിനായി അപേക്ഷിച്ചവരുടെ എണ്ണം നന്നേ കുറവാണ്.
അപേക്ഷ നിരസിക്കപ്പെട്ടാൽ എന്ത് സംഭവിക്കും എന്നതിനെ കുറിച്ച് ചട്ടങ്ങളിൽ വ്യക്തത ഇല്ലാത്തതിനാലാണ് കൂടുതൽ പേർ അപേക്ഷിക്കാൻ മടിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. ഇപ്പോൾ അനുഭവിച്ചുവരുന്ന അവകാശങ്ങൾ നിഷേധിക്കപ്പെടുമോ എന്ന പേടി കാരണം, വർഷങ്ങളായി രാജ്യത്ത് സ്ഥിര താമസക്കാരായ പലരും പൗരത്വ സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നില്ല. അതുകൊണ്ടുതന്നെ ബി ജെ പി കേന്ദ്രങ്ങൾ പ്രതീക്ഷിക്കുന്ന പോലെ തിരഞ്ഞെടുപ്പിനെ ഇപ്പോഴത്തെ പൗരത്വദാനം സ്വാധീനിക്കാനിടയില്ല.