Editorial
അധ്യാപകന് ക്ലാസ്സില്‍ വടിയെടുക്കാമോ?
വിദ്യാഭ്യാസ അവകാശ നിയമത്തിലെ നിലപാടിനെ തിരുത്തുന്നതാണ് കഴിഞ്ഞ ദിവസത്തെ കേരള ഹൈക്കോടതി വിധി. കുട്ടികളുടെ നന്മ ലക്ഷ്യമിട്ടും സ്ഥാപന അച്ചടക്ക സംരക്ഷണത്തിനും വിദ്യാര്‍ഥികളെ ശിക്ഷിക്കുന്നത് ക്രിമിനല്‍ കുറ്റമായി കരുതാനാകില്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
ക്ലാസ്സില്‍ വിദ്യാര്‍ഥികളോടുള്ള അധ്യാപകന്റെ സമീപനമെന്തായിരിക്കണം? അനുസരണക്കേട് കാണിക്കുകയും പഠനത്തില്‍ അശ്രദ്ധ പുലര്‍ത്തുകയും ചെയ്യുന്ന കുട്ടികള്‍ക്ക് ചെറിയ തോതിലുള്ള ശിക്ഷ നല്‍കാമോ? അതോ ശാരീരികമായ ശിക്ഷ പൂര്‍ണമായും ഒഴിവാക്കണോ? ഒന്നേയുള്ളൂവെങ്കിലും ഉലക്ക കൊണ്ട് അടിച്ചു വളര്‍ത്തണമെന്നതായിരുന്നു പഴമക്കാരുടെ സിദ്ധാന്തം. ഇന്നു പക്ഷേ സമൂഹവും മനഃശാസ്ത്രജ്ഞരും അക്കാദമീഷ്യരും ഇക്കാര്യത്തില്‍ രണ്ട് പക്ഷക്കാരാണ്. അധ്യാപന മേഖലയില്‍ ശാരീരിക ശിക്ഷയും മാനസിക പീഡനവും തീരെ പാടില്ലെന്നതാണ് ഒരുപക്ഷം. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് വിദ്യാര്‍ഥികളെ ശാരീരിക ഉപദ്രവവും മാനസിക പീഡനവും ഏല്‍പ്പിക്കുന്നതും എന്തിന്റെയെങ്കിലും പേരില്‍ വിവേചനം കാണിക്കുന്നതും കുട്ടികള്‍ക്കെതിരെയുള്ള ശിക്ഷാ നടപടികളായി കണക്കാക്കുകയും അതിനുത്തരവാദികളായ അധ്യാപകര്‍ നിയമ നടപടികള്‍ക്ക് വിധേയരാകുകയും ചെയ്യും.
സ്‌കൂളില്‍ കുട്ടി ശിക്ഷിക്കപ്പെട്ടതായി പരാതി ഉയര്‍ന്നാല്‍ സര്‍വീസ് ചട്ടപ്രകാരമുള്ള നടപടിയാണ് അധ്യാപകനെതിരെ ആദ്യം സ്വീകരിക്കുക. തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍, ബാലനീതി നിയമത്തിലെ വകുപ്പുകള്‍ തുടങ്ങിയവ പ്രകാരവും നടപടിയുണ്ടാകും. വേദനിക്കുന്ന വിധം അടിക്കുക, പിച്ചുക, ചെവിക്കു പിടിക്കുക, മുടിയില്‍ പിടിച്ചു വലിക്കുക, ബഞ്ചില്‍ കയറ്റി നിര്‍ത്തുക, ഭിത്തിയിലേക്ക് തിരിച്ചു നിര്‍ത്തുക, സ്‌കൂള്‍ ബാഗ് തലയില്‍ വെച്ചു നിര്‍ത്തുക, മുട്ടുകുത്തി നിര്‍ത്തുക തുടങ്ങിയവയെല്ലാം ശാരീരിക ഉപദ്രവമാണ് വിദ്യാഭ്യാസ അവകാശ നിയമത്തില്‍. കുട്ടികളുടെ ആത്മാഭിമാനത്തിന് കോട്ടം വരുത്തുന്ന തരത്തില്‍ ഉപമകള്‍ ഉപയോഗിക്കുക, അപകീര്‍ത്തികരമായ അപരനാമങ്ങളോ വിശേഷണങ്ങളോ ചേര്‍ത്തു വിളിക്കുക, രക്ഷിതാക്കളുടെ തൊഴില്‍- കുടുംബ പശ്ചാത്തലം- ജാതി എന്നിവയുടെ പേരില്‍ അപഹസിക്കുക തുടങ്ങിയവ മാനസിക പീഡനങ്ങളാണ്. അധ്യാപനത്തില്‍ ശിക്ഷാ നടപടികള്‍ പാടേ ഒഴിവാക്കി കൗണ്‍സലിംഗും ബോധവത്കരണവും ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെയാണ് പഠിപ്പിക്കേണ്ടതെന്നാണ് വിദ്യാഭ്യാസ അവകാശ നിയമത്തില്‍ പറയുന്നത്.
വിദ്യാഭ്യാസ അവകാശ നിയമത്തിലെ ഈ നിലപാടിനെ തിരുത്തുന്നതാണ് കഴിഞ്ഞ ദിവസത്തെ കേരള ഹൈക്കോടതി വിധി. കുട്ടികളുടെ നന്മ ലക്ഷ്യമിട്ടും സ്ഥാപന അച്ചടക്ക സംരക്ഷണത്തിനും വിദ്യാര്‍ഥികളെ ശിക്ഷിക്കുന്നത് ക്രിമിനല്‍ കുറ്റമായി കരുതാനാകില്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ക്ലാസ്സ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ പെരുമ്പാവൂര്‍ തോട്ടുവയില്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ഥിയെ തല്ലിയ അധ്യാപകനെതിരെ കോടനാട് പോലീസ് 2018ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ നടപടികള്‍ റദ്ദാക്കുകയും ചെയ്തു ജസ്റ്റിസ് എ ബദ്റുദ്ദീന്‍. അധ്യാപകനെതിരെ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലുള്ള അന്തിമ റിപോര്‍ട്ടിലെ തുടര്‍ നടപടികളും ഹൈക്കോടതി റദ്ദ് ചെയ്തു.
സ്‌കൂളുകളില്‍ കുട്ടികളെ ചേര്‍ക്കുമ്പോള്‍ അവരുടെ വ്യക്തിത്വ വികാസത്തിന്റെയും വിദ്യാലയത്തിന്റെ അച്ചടക്കത്തിന്റെയും ഭാഗമായി ശിക്ഷിക്കാനുള്ള അനുമതിയും രക്ഷിതാക്കള്‍ പരോക്ഷമായി അധ്യാപകര്‍ക്ക് നല്‍കുന്നുണ്ടെന്നാണ് കോടതിയുടെ വീക്ഷണം. അച്ചടക്ക നടപടികളുടെ ഭാഗമായി അധ്യാപകന്‍ സ്വീകരിക്കുന്ന ലഘുതരവും ലളിതവുമായ ശിക്ഷാ നടപടികളെ ബാലനീതി വകുപ്പിന്റെ കീഴില്‍ കൊണ്ടുവന്നാല്‍ സ്‌കൂളുകളും സ്ഥാപനങ്ങളും കഷ്ടത്തിലാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. പെട്ടെന്നുള്ള ദേഷ്യം കൊണ്ട് കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന വിധത്തില്‍ മര്‍ദിക്കുന്നത് മാത്രമേ കുറ്റകരമായി കണക്കാക്കാന്‍ സാധിക്കുകയുള്ളൂവെന്നും സാഹചര്യങ്ങളും ശിക്ഷയുടെ ആഴവും ഗൗരവവും കൂടി കണക്കിലെടുത്ത് മാത്രമേ ഇത്തരം സംഭവങ്ങളില്‍ ക്രിമിനല്‍ കുറ്റം നിര്‍ണയിക്കാനാകുകയുള്ളൂവെന്നും കോടതി വിലയിരുത്തി.
ഹൈക്കോടതിയുടെ ഈ നിലപാടാണ് ശാസ്ത്രീയം. അനുസരണക്കേട് കാണിക്കുകയും പഠനത്തില്‍ വിമുഖത കാണിക്കുകയും ചെയ്യുന്ന വിദ്യാര്‍ഥികളെ തീരെ ശിക്ഷിക്കരുതെന്ന നിലപാട് ശരിയല്ല. കുട്ടികളെ ഗുണദോഷിക്കുകയോ ഉപദേശിക്കുകയോ ചെയ്യാതെ അവരുടെ വഴിക്കു വിടുന്നത് കുട്ടികളുടെ ഭാവിക്കും നാടിനും ദോഷം ചെയ്യുമെന്ന് വിദ്യാഭ്യാസ അവകാശ നിയമത്തില്‍ തന്നെ പറയുന്നുണ്ട്. അതിനു പരിഹാരമായി കൗണ്‍സലിംഗും ബോധവത്കരണവുമാണ് നിര്‍ദേശിക്കുന്നതെന്നു മാത്രം. എന്നാല്‍ കൗണ്‍സലിംഗും ബോധവത്കരണവും ഫലപ്രദമല്ലാതെ വന്നാലോ? ലഘുതരമായ ശിക്ഷ തന്നെയാണ് പരിഹാരം. കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള ഐക്യരാഷ്ട്ര കണ്‍വെന്‍ഷന്റെ (യു എന്‍ സി ആര്‍ സി) നിലപാടും ഇതുതന്നെയാണ്. യു എന്‍ സി ആര്‍ സി ആര്‍ട്ടിക്കിള്‍ 28(2) പ്രകാരം കുട്ടികളുടെ മാനുഷിക അന്തസ്സുമായി പൊരുത്തപ്പെടുന്ന രീതിയില്‍ ശിക്ഷ നല്‍കുന്നതില്‍ തെറ്റില്ല. അതേസമയം അധ്യാപകന്‍ തന്റെ ദേഷ്യം തീര്‍ക്കാനോ വികാരം പ്രകടിപ്പിക്കാനോ ഉള്ള ഉപകരണമായി വിദ്യാര്‍ഥികളെ ഉപയോഗപ്പെടുത്തുകയും അരുത്. കഴിഞ്ഞ സെപ്തംബറില്‍ ഉത്തര്‍ പ്രദേശിലെ അമേഠിയില്‍ ഒരു അധ്യാപകന്‍ 13 വയസ്സുള്ള ഒരു വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചു. കുട്ടിയുടെ ചെവി പൊട്ടി ചോര ഒലിക്കുകയും കേള്‍വി ശക്തിയെ തന്നെ അത് ബാധിക്കുകയും ചെയ്തു. ഇംഗ്ലീഷ് ക്ലാസ്സില്‍ കുട്ടി സഹപാഠിയോട് സംസാരിച്ചതിനായിരുന്നു ഈ ശിക്ഷാമുറ. കഴിഞ്ഞ വര്‍ഷം മധ്യപ്രദേശിലെ ബേതുല്‍ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളിലും സമാന സംഭവമുണ്ടായി. അബദ്ധത്തില്‍ ഒരു ബക്കറ്റ് പൊട്ടിപ്പോയതിന് രണ്ട് അധ്യാപകര്‍ ചേര്‍ന്ന് ഒരു വിദ്യാര്‍ഥിയെ മര്‍ദിക്കുകയും കുട്ടിയുടെ കഴുത്തിനും നട്ടെല്ലിനും സാരമായ പരുക്കേല്‍ക്കുകയും ചെയ്തു. ഝാര്‍ഖണ്ഡിലെ പലമു ജില്ലയില്‍ വാച്ച് മോഷ്ടിച്ചുവെന്ന സംശയത്തില്‍ അധ്യാപകന്‍ നടത്തിയ മര്‍ദനത്തില്‍ ആറാം ക്ലാസ്സുകാരനായ വിദ്യാര്‍ഥിയുടെ നെഞ്ചിലെ അസ്ഥി പൊട്ടി. കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു സംഭവം. ഇത്തരം ശിക്ഷാമുറകളെ ഒരു വിധത്തിലും അംഗീകരിക്കാനാകില്ല. എന്നാല്‍ വിദ്യാര്‍ഥിയുടെ നല്ല ഭാവിക്കു വേണ്ടിയുള്ള ചെറിയ ശിക്ഷാ മുറകള്‍ക്ക് അധ്യാപകന് അനുമതി നല്‍കുകയും വേണം. ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണ്.