Connect with us

articles

ട്രാക്ടറുകള്‍ ടാങ്കുകളാകുമോ?

കര്‍ഷകര്‍ വീണ്ടും ഡല്‍ഹി അതിര്‍ത്തിയിലേക്കും ജന്തര്‍ മന്തിറിലേക്കും ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുന്നു. എട്ട് മാസങ്ങള്‍ക്ക് മുമ്പ് ഏതാണ്ട് ഒരു വര്‍ഷത്തോളം നീണ്ട, സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ സമരത്തിന് ശേഷം കേന്ദ്ര സര്‍ക്കാറിന്റെ നിഷേധാത്മക നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ഇപ്പോഴാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് തിരികെ വരുന്നത്. ട്രാക്ടറുകള്‍ കര്‍ഷകരുടെ ടാങ്കുകളാകുമെന്നാണ് രാകേഷ് ടികായത്ത് ഡല്‍ഹിയില്‍ നടന്ന സെമിനാറില്‍ പ്രഖ്യാപിച്ചത്.

Published

|

Last Updated

എട്ട് മാസങ്ങള്‍ക്ക് ശേഷം തലസ്ഥാന നഗരിയില്‍ വീണ്ടും കര്‍ഷക പ്രക്ഷോഭത്തിന്റെ മണി മുഴങ്ങിക്കഴിഞ്ഞിരിക്കുകയാണ്. സ്വാതന്ത്ര്യാനന്തരം ഇന്ത്യ ദര്‍ശിച്ച ഏറ്റവും ദീര്‍ഘവും ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയവുമായ സമരമവസനാപ്പിച്ച് കര്‍ഷകര്‍ സ്വന്തം നാടുകളിലേക്കും വയലേലകളിലേക്കും മടങ്ങുമ്പോള്‍, തങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ വീണ്ടും ഡല്‍ഹിയിലേക്ക് വരുമെന്ന് കര്‍ഷകര്‍ വിളിച്ചു പറഞ്ഞിരുന്നു.

കര്‍ഷകര്‍ വീണ്ടും ഡല്‍ഹി അതിര്‍ത്തിയിലേക്കും ജന്ദര്‍ മന്ദിറിലേക്കും ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുന്നു. എട്ട് മാസങ്ങള്‍ക്ക് മുമ്പ് ഏതാണ്ട് ഒരു വര്‍ഷത്തോളം നീണ്ട, സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ സമരത്തിന് ശേഷം കേന്ദ്ര സര്‍ക്കാറിന്റെ നിഷേധാത്മക നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് ഇപ്പോഴാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് തിരികെ വരുന്നത്. ന്യായവില സംഭരണമടക്കമുള്ള ആവശ്യങ്ങളോട് മുഖം തിരിച്ചു നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ കണ്ണ് തുറപ്പിക്കുന്ന പ്രക്ഷോഭത്തിന് സജ്ജരായാണ് കര്‍ഷകര്‍ വീണ്ടും ഡല്‍ഹിയിലെത്തുന്നത്. ട്രാക്ടറുകള്‍ കര്‍ഷകരുടെ ടാങ്കുകളാകുമെന്നാണ് രാകേഷ് ടികായത്ത് ഡല്‍ഹിയില്‍ നടന്ന സെമിനാറില്‍ പ്രഖ്യാപിച്ചത്.

കഴിഞ്ഞ സമരമവസാനിപ്പിക്കുന്ന ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന എന്‍ ഡി എ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്ന് ഇന്ന് കര്‍ഷക നേതാക്കള്‍ രോഷം കൊള്ളുന്നു. കാര്‍ഷികോത്പന്നങ്ങള്‍ക്ക് താങ്ങുവില ഉറപ്പാക്കുക, സമരത്തെ തുടര്‍ന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ കര്‍ഷകര്‍ക്കെതിരെ എടുത്ത എല്ലാ കേസുകളും റദ്ദാക്കുക, സമരത്തിനിടെ മരിച്ച നൂറുകണക്കിന് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങി സര്‍ക്കാര്‍ അംഗീകരിച്ച കാര്യങ്ങളൊന്നും പ്രാവര്‍ത്തികമായില്ലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. ജന്ദര്‍ മന്ദിറില്‍ പ്രതിഷേധത്തെ നേരിടാന്‍ ബാരിക്കേഡുകളും നിരോധനാജ്ഞയും ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഏതാണ്ട് 200ഓളം കര്‍ഷക സംഘടനകളുടെ സംയുക്ത സമിതിയാണ് 2020 നവംബര്‍ 26ന് കര്‍ഷക സമരം ആരംഭിച്ചത്. “ദില്ലി ചലോ’ മാര്‍ച്ചായാണ് സമരം ആരംഭിച്ചതെങ്കിലും സമരത്തെ ഡല്‍ഹി സംസ്ഥാനാതിര്‍ത്തി കടത്താന്‍ കേന്ദ്ര സര്‍ക്കാറിന്റെ ഡല്‍ഹി പോലീസ് അനുവദിച്ചില്ല. ഇതേ തുടര്‍ന്ന് ഡല്‍ഹിയുടെ അതിര്‍ത്തികളായ ഗാസിയാബാദിലും മറ്റും തമ്പടിച്ച ആയിരക്കണക്കിന് കര്‍ഷകര്‍ കുടുംബത്തോടൊപ്പം അവിടെ താമസിച്ച് ഒരു വര്‍ഷത്തോളം സമരം തുടരുകയായിരുന്നു.

ആയിരക്കണക്കിന് ട്രാക്ടറുകളില്‍ കര്‍ഷകര്‍ പിന്നെയും ഡല്‍ഹി അതിര്‍ത്തികളിലേക്ക് ഒഴുകിയെത്തി. എന്നാല്‍, കര്‍ഷകരെ കേള്‍ക്കാന്‍ മാത്രം കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. പകരം, വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും കര്‍ഷകരുടെ നന്മക്കാണെന്ന് ആവര്‍ത്തിക്കുക മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൊവിഡ് വ്യാപനത്തെ പോലും ഭയക്കാതെ കര്‍ഷകര്‍ ഡല്‍ഹിയുടെ അതിര്‍ത്തികളിലേക്ക് ഒഴുകി.

കര്‍ഷകര്‍ക്കെതിരെ കേസുകള്‍ ചുമത്തിയും കര്‍ഷക സംഘടനയില്‍ തീവ്രവാദി സ്വാധീനം ആരോപിച്ചും കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തിന് ശ്രമിച്ചെങ്കിലും പിന്നോട്ട് പോകാന്‍ കര്‍ഷകര്‍ തയ്യാറായില്ല. പഞ്ചാബില്‍ നിന്നായിരുന്നു ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ സമരത്തിന് പങ്കെടുത്തത്. ഇത് ഖാലിസ്ഥാന്‍ വാദമുയര്‍ത്തി പ്രതിരോധിക്കാനായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ നീക്കം. എന്നാല്‍ ഈ നീക്കവും വിലപ്പോയില്ല. ഇതിനിടെ റിപബ്ലിക്ക് ദിനത്തില്‍ ചെങ്കോട്ട കൈയേറി കൊടിയുയര്‍ത്തിയ കര്‍ഷകര്‍ക്കെതിരെ അന്വേഷണവും വേട്ടയാടലും ആരംഭിച്ചു. ഈ സംഭവത്തിലെ പ്രധാന പ്രതിയായ ദീപ് സിദ്ദു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് ഒപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു കര്‍ഷകര്‍ സര്‍ക്കാറിന്റെ ആരോപണങ്ങളെ പ്രതിരോധിച്ചത്.

സമരം ശക്തമാകുന്ന കാഴ്ചയായിരുന്നു പിന്നീട് ലോകം കണ്ടത്. നിരവധി രാജ്യങ്ങളുടെ ഭരണാധികാരികള്‍, പ്രത്യേകിച്ചും ജോ ബൈഡനെയും ജസ്റ്റിന്‍ ട്രൂഡോയെയും പോലുള്ള ലോക നേതാക്കള്‍ പോലും കര്‍ഷക സമരത്തെ അനുകൂലിച്ച് രംഗത്തെത്തി. ഇന്ത്യയുടെ ആഭ്യന്തരകാര്യം നോക്കാന്‍ ഇന്ത്യക്കറിയാമെന്നായിരുന്നു ഇതിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മറുപടി. ഇതിനിടെ ഉത്തര്‍ പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഇതോടെ ഭാരതീയ കിസാന്‍ മോര്‍ച്ച നേതാവ് വീടുകയറി ബി ജെ പിക്കെതിരെ വോട്ട് ചോദിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിനായി അദ്ദേഹം “മിഷന്‍ യു പി’ പദ്ധതി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ മഹാ പഞ്ചായത്തുകള്‍ വിളിച്ച് ചേര്‍ത്തു. അതിനിടെയാണ് ഉത്തര്‍ പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ ഉപമുഖ്യമന്ത്രിയുടെ പരിപാടി തടയാനെത്തിയ കര്‍ഷകര്‍ക്ക് നേരേ ആശിഷ് മിശ്ര ജീപ്പോടിച്ച് കയറ്റിയത്. ഈ കേസില്‍ നാല് കര്‍ഷകര്‍ക്ക് ജീവഹാനി സംഭവിച്ചു.

സംഭവത്തിന് ഉത്തരവാദികളായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും മകന്‍ ആശിഷ് മിശ്രയെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. കര്‍ഷകര്‍ വിവിധ സംസ്ഥാനങ്ങളില്‍ വിളിച്ചു ചേര്‍ത്ത മഹാ പഞ്ചായത്തുകളിലേക്ക് ആയിരക്കണക്കിനാളുകളാണ് ഒഴുകിയെത്തിയത്. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കര്‍ഷകര്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ ബി ജെ പിക്കെതിരെ തിരിയുമെന്നായതോടെ കേന്ദ്ര സര്‍ക്കാര്‍ വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളിലും പുനര്‍വിചിന്തനത്തിന് തയ്യാറായി. കര്‍ഷകരുടെ ആവശ്യങ്ങള്‍ നിരുപാധികം അംഗീകരിക്കാന്‍ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ രേഖാമൂലം അറിയിച്ചു.

ഒരു വര്‍ഷത്തോളം നീണ്ടുനിന്ന കര്‍ഷക സമരത്തിനിടെ ഏതാണ്ട് പന്ത്രണ്ടോളം തവണയാണ് കര്‍ഷക സംഘടനാ പ്രതിനിധികളും കേന്ദ്ര സര്‍ക്കാറും തമ്മില്‍ ചര്‍ച്ച നടത്തിയത്. ഈ ചര്‍ച്ചകളെല്ലാം ഒന്നിന് പിറകെ ഒന്നായി പരാജയപ്പെട്ടിരുന്നു. ഒടുവില്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതോടെ കര്‍ഷകര്‍ സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഒടുവില്‍ വിജയശ്രീലാളിതരായി ആഘോഷത്തോടെ ഡല്‍ഹി അതിര്‍ത്തി വിട്ട് സ്വന്തം ഗ്രാമങ്ങളിലേക്ക് കര്‍ഷകര്‍ തിരികെ പോകുമ്പോള്‍ ഏതാണ്ട് 358 ദിവസങ്ങള്‍ കഴിഞ്ഞിരുന്നു.
മാനസിക സമ്മര്‍ദം താങ്ങാനാകാതെ ആത്മഹത്യ ചെയ്ത കര്‍ഷകരടക്കം 719 ജീവനുകള്‍ ആ സമരപ്പന്തലില്‍ പൊലിഞ്ഞിരുന്നു. എന്നാല്‍, എട്ട് മാസങ്ങള്‍ക്കിപ്പുറം കര്‍ഷകര്‍ വീണ്ടുമൊരു സമരത്തിന് ഒരുങ്ങുകയാണ്. അന്ന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാഴ് വാക്കായിരുന്നെന്ന് കര്‍ഷകര്‍ ഇന്ന് ആരോപിക്കുന്നു. ഇതിന്റെ ഭാഗമായിരുന്നു ജന്ദര്‍ മന്ദിറില്‍ നടത്തിയ മഹാ പഞ്ചായത്ത്.

ഡല്‍ഹിയിലെ ഈ ശക്തി പ്രകടനം നടത്തിയത് കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗമാണ് എന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ വര്‍ഷം കണ്ടത് പോലെ തന്നെ പടുകൂറ്റന്‍ കര്‍ഷക റാലിയാണ് രാജ്യതലസ്ഥാനത്ത് അരങ്ങേറിയത്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള കര്‍ഷകരും ഈ റാലിയുടെ ഭാഗമായി. ഈ സമരത്തിനും പതിവ് പോലെ ഡല്‍ഹി പോലീസ് അനുമതി നല്‍കിയിരുന്നില്ല. പക്ഷേ, സമരക്കാര്‍ പോലീസിന്റെ ബാരിക്കേഡുകള്‍ മാറ്റി തങ്ങളുടെ വഴി സ്വയം തുറന്നു. ഒടുവില്‍, അവര്‍ സമരഭൂമിയായ ജന്ദര്‍ മന്ദിറില്‍ ഒത്തുകൂടി. ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നീതി ഉറപ്പാക്കുക, കേന്ദ്ര മന്ത്രി അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുക എന്ന സമരകാല ആവശ്യം കര്‍ഷകര്‍ വീണ്ടും ആവര്‍ത്തിച്ചു. എം എസ് പി അഥവാ കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കുക, രാജ്യത്തെ എല്ലാ കര്‍ഷകരെയും കടത്തില്‍ നിന്ന് മുക്തരാക്കുക എന്നീ ആവശ്യങ്ങളും അവര്‍ ഉയര്‍ത്തി.

2022ലെ വൈദ്യുതി ഭേദഗതി ബില്‍ റദ്ദാക്കുക, കരിമ്പിന്റെ താങ്ങുവില വര്‍ധിപ്പിക്കുക, ഇന്ത്യ ഡബ്ല്യു ടി ഒയില്‍ നിന്ന് പുറത്തുവരിക, എല്ലാ സ്വതന്ത്ര വ്യാപാര കരാറുകളും റദ്ദാക്കുക, കര്‍ഷക സമരകാലത്ത് രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും പിന്‍വലിക്കുക, പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന പ്രകാരം കര്‍ഷകര്‍ക്കുള്ള കുടിശ്ശിക നഷ്ടപരിഹാരം ഉടന്‍ അനുവദിക്കുക, രാജ്യത്ത് തൊഴിലില്ലായ്മ ഓരോ വര്‍ഷവും രൂക്ഷമാകുമ്പോള്‍ അവതരിപ്പിച്ച അഗ്‌നിപഥ് പദ്ധതി പിന്‍വലിക്കുക തുടങ്ങിയ കുറേകൂടി വിശാലമായ ആവശ്യങ്ങളാണ് ഇത്തവണ കര്‍ഷക സംഘടനകള്‍ ഉന്നയിച്ചിരിക്കുന്നത്.

അതെ, ഡല്‍ഹിയില്‍ വീണ്ടും കര്‍ഷക പ്രക്ഷോഭത്തിന്റെ പടഹധ്വനി മുഴങ്ങിക്കഴിഞ്ഞു. ട്രാക്ടറുകള്‍ ടാങ്കുകളാക്കി മോദി സര്‍ക്കാറിന്റെ കോര്‍പറേറ്റനുകൂല നയങ്ങള്‍ക്കെതിരെ വിജയം വരെയും പോരാടുമെന്ന പ്രഖ്യാപനവുമായാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് എത്തിയത്. ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ കര്‍ഷക സമരത്തിന്റെ പ്രതിഫലനമുണ്ടാകുമെന്ന പ്രഖ്യാപനവും കിസാന്‍ സംഘടനാ നേതാക്കള്‍ നടത്തിക്കഴിഞ്ഞിട്ടുണ്ട്.

Latest