Aksharam Education
ഭൂമിയിലൂടെ സഞ്ചരിക്കാം
ഭൂമിയുടെ ഏറ്റവും പുറമേയുള്ള പാളിയാണ് ഭൂവല്‍ക്കം. ഇത് ദുര്‍ബലമാണ്. ശിലകളുടെയും ധാതുക്കളുടെയും കലവറയാണിത്.
സൗരയുഥത്തില്‍ സൂര്യനെ ചുറ്റുന്ന എട്ട് ഗ്രഹങ്ങളില്‍ ഒന്ന് ഭൂമിയാണ്. ഉപരിതലത്തില്‍ ജലവും വായുവില്‍ ഓക്‌സിജനും ഉള്ളതിനാല്‍ സൗരയുഥത്തിലെ ജീവനെ പിന്തുണക്കുന്ന ഒരേയൊരു ഗ്രഹം ഭൂമിയാണ്. ഭൂമിയുടെ ഉപരിതലത്തിന്റെ 71 ശതമാനവും വെള്ളത്താല്‍ മൂടപ്പെട്ടിരിക്കുന്നതിനാല്‍, മുകളിലുള്ള സ്ഥലത്ത് നിന്ന് നോക്കുമ്പോള്‍ ഭൂരിഭാഗവും തിളക്കമുള്ളതും നീല നിറവുമാണ്.
ഏകദേശം 4.5 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഭൂമി രൂപപ്പെട്ടത്. നമ്മുടെ സൗരയൂഥത്തിലെ അഞ്ചാമത്തെ വലിയ ഗ്രഹമാണ് ഭൂമി. ഭൂമിയുടെ ഉപരിതലം കൂടുതലും പാറയും ലോഹവും കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ആഴം കൂടുന്നതിനനുസരിച്ച് ഭൂമിയുടെ താപനിലയും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഭൂമിയുടെ ഉള്‍ഭാഗത്തെ ഭൂവല്‍ക്കം മുതല്‍ കാന്പ് വരെ മൂന്ന് വ്യത്യസ്ത പാളികളായി തിരിക്കാം. ഭൂവല്‍ക്കം, മാന്റില്‍, കോര്‍ എന്നിവയാണ് ഭൂമിയുടെ ഉള്ളറകള്‍.
ഭൂമിയുടെ ഘടന
ഭൂവല്‍ക്കം
ഭൂമിയുടെ ഏറ്റവും പുറമേയുള്ള പാളിയാണ് ഭൂവല്‍ക്കം. ഇത് ദുര്‍ബലമാണ്. ശിലകളുടെയും ധാതുക്കളുടെയും കലവറയാണിത്. താരതമ്യേന നേര്‍ത്ത പുറംതോടാണ്. സമുദ്ര, ഭൂഖണ്ഡാന്തര മേഖലകളില്‍ പുറംതോടിന്റെ കനം വ്യത്യാസപ്പെടുന്നു. ഭാരമേറിയ പാറകള്‍ കൊണ്ടാണ് പുറംതോട് നിര്‍മിച്ചിരിക്കുന്നത്.
സിയാലും സിമയും
വന്‍കര ഭൂവല്‍ക്കം- ഭൂവല്‍ക്കത്തില്‍ വന്‍കര ഭാഗങ്ങളുടെ മുകള്‍തട്ട് സിയാല്‍ എന്ന് അറിയപ്പെടുന്നു.
സമുദ്ര ഭൂവല്‍ക്കം- സിയാലിന് തൊട്ട് താഴെയായി കാണപ്പെടുന്ന കടല്‍ത്തറ സിമ എന്നറിയപ്പെടുന്നു.
മാന്റില്‍
ഭൂവല്‍ക്കത്തിന് താഴെയായി കാണുന്ന പാളി. ഭൂവല്‍ക്ക ഭാഗത്തേക്കാള്‍ ഉയര്‍ന്ന സാന്ദ്രത ഇതിന് ഉണ്ട്. ഭൂമിയുടെ പിണ്ഡത്തില്‍ ഏറ്റവും കൂടുതലുള്ള ഭാഗം. മാന്റിലിന്റെ മുകള്‍ ഭാഗമാണ് അസ്‌തെനോസ്ഫിയര്‍. അഗ്‌നിപര്‍വത സ്‌ഫോടന സമയത്ത് ഉപരിതലത്തിലേക്കുള്ള വഴി കണ്ടെത്തുന്ന മാഗ്മയുടെ പ്രധാന ഉറവിടമാണിത്.
ഉപരിമാന്റില്‍, അധോമാന്റില്‍
സിലിക്കണ്‍ സംയുക്തങ്ങള്‍കൊണ്ട് നിര്‍മിതമായ ഉപരിമാന്റില്‍ ഖരാവസ്ഥയിലാണ്. ഉപരിമാന്റിലിന് താഴെയായി സ്ഥിതിചെയ്യുന്ന അധോമാന്റിലിന്റെ പദാര്‍ഥങ്ങള്‍ അര്‍ധദ്രവാവസ്ഥയിലാണ്.
കാന്പ് (കോര്‍)
ഭൂമിയുടെ കേന്ദ്ര ഭാഗമാണ് കാന്പ്. നിക്കല്‍, ഇരുന്പ് എന്നീ ധാതുക്കളാല്‍ നിര്‍മിതമായതിനാല്‍ കാന്പ് നിഫെ എന്ന് അറിയപ്പെടുന്നു.
പുറക്കാന്പും അകക്കാന്പും
പുറക്കാന്പിലെ പദാര്‍ഥങ്ങള്‍ ഉരുകിയ അവസ്ഥയിലാണ്. ഭൂമിയുടെ കേന്ദ്ര ഭാഗത്തനുഭവപ്പെടുന്ന ഉയര്‍ന്ന മര്‍ദം മൂലം അകക്കാന്പ് ഖരാവസ്ഥയില്‍ സ്ഥിതി ചെയ്യുന്നു.
ശിലാമണ്ഡലം
മാന്റിലിന്റെ ഉപരിഭാഗവും ഭൂവല്‍ക്കവും ചേര്‍ന്നതാണ് ശിലാമണ്ഡലം (ലിത്തോസ്ഫിയര്‍). ഒരു മുട്ടയുടെ പുറന്തോട് പൊട്ടിയിരിക്കുന്ന രീതിയില്‍ പല കഷ്ണങ്ങളായാണ് ശിലാമണ്ഡലം കാണപ്പെടുന്നത്.
ശിലാമണ്ഡലത്തിന്റെ മുകള്‍ ഭാഗത്ത് ഭൂവല്‍ക്കവും അതിനു താഴെ മാന്റിലിന്റെ ഉപരിഭാഗവുമാണ് സ്ഥിതിചെയ്യുന്നത്. ഈ രണ്ട് മണ്ഡലങ്ങളും കൂടിച്ചേര്‍ന്ന് ശിലാമണ്ഡലത്തെ ഉറച്ച ശിലാപാളിയാക്കി മാറ്റുന്നു.
ശിലാചക്രം
അഗ്‌നിപര്‍വത സ്‌ഫോടനങ്ങളുടെ ഫലമായി പുറത്തേക്ക് വരുന്ന മാഗ്മ തണുത്തുറഞ്ഞ് ആഗ്‌നേയ ശിലകളുണ്ടാകുന്നു. ഇവക്ക് അപക്ഷയം സംഭവിക്കുന്നത് വഴി ഉണ്ടാകുന്ന അവസാദം ഉറച്ച് അവസാദ ശിലകളായി മാറുന്നു. ഈ അവസാദശില ഉയര്‍ന്ന താപവും മര്‍ദവും കാരണം രൂപമാറ്റം സംഭവിച്ച കായാന്തരിത ശിലകളായി മാറുന്നു. അതിയായ മര്‍ദവും താപവും ലഭിക്കുമ്പോള്‍ ഇവ വീണ്ടും മാഗ്മയായി മാറുന്നു. ഈ പ്രക്രിയ തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.
വിവിധതരം ശിലകള്‍
വിവിധ ധാതുകള്‍ ചേര്‍ന്നാണ് ശിലകള്‍ രൂപം കൊള്ളുന്നത്. ശിലകള്‍ രൂപപ്പെട്ട് അതേ അവസ്ഥയില്‍ തന്നെ നില്‍ക്കാറില്ല. അവ പലവിധ മാറ്റങ്ങള്‍ക്ക് വിധേയമാകാറുണ്ട്. ശിലകള്‍ മൂന്ന് വിധമുണ്ട്.
1.ആഗ്‌നേയ ശിലകള്‍
2.അവസാദ ശിലകള്‍
3.കായാന്തരിത ശിലകള്‍
ആഗ്‌നേയ ശിലകള്‍
മാഗ്മയോ ലാവയോ തണുത്തുറഞ്ഞ് ഉണ്ടാകുന്ന ശിലകളാണിവ. ഭൂവല്‍ക്കത്തില്‍ രണ്ടില്‍ മൂന്ന് ഭാഗവും ആഗ്‌നേയ ശിലകളാണ്. മാതൃ ശില, പിതൃ ശില, അടിസ്ഥാന ശില, പ്രാഥമിക ശില എന്നിങ്ങനെ അറിയപ്പെടുന്നു.
അവസാദ ശിലകള്‍ (Sedimentaryrock)
പല രീതിയിലുള്ള അവസാദങ്ങള്‍ അടിഞ്ഞുകൂടി രൂപം കൊള്ളുന്ന ശിലകളാണ് അവസാദ ശിലകള്‍. പാളികളായി കാണപ്പെടുന്നു. ജലകൃതശിലകള്‍, സ്ഥിരിത ശിലകള്‍ എന്നിങ്ങനെ അറിയപ്പെടുന്നു. ഭാരവും കാഠിന്യവും കുറഞ്ഞ ശിലയാണ്.
കായാന്തരിത ശിലകള്‍ (Metamorphic rock)
ശക്തമായ ചൂടിന്റെയോ, മര്‍ദത്തിന്റെയോ ഫലമായി രൂപം കൊള്ളുന്ന ശിലകളാണ് കായാന്തരിത ശിലകള്‍. ഉയര്‍ന്ന ഊഷ്മാവിലോ മര്‍ദത്തിലോ ആഗ്‌നേയ ശിലക്കോ അവസാദ ശിലക്കോ രൂപമാറ്റം സംഭവിച്ചിട്ടാണ് കായാന്തരിത ശിലയായി മാറുന്നത്. കേരളത്തില്‍ കൂടുതലായി കാണപ്പെടുന്നത് ഈ ശിലകളാണ്. സമ്മര്‍ദ കായാന്തരീകരണം, താപീയ കായാന്തരീകരണം എന്നിങ്ങനെ രണ്ട് തരം കായാന്തരീകരണം ഉണ്ട്.