Connect with us

Education

നീറ്റ് നീറ്റായി തന്നെ എഴുതാം

ഇന്ത്യയിലെവിടെയും എം ബി ബി എസ് കോഴ്‌സ് പഠിക്കണമെങ്കിലും ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ വിദേശത്ത് ഈ കോഴ്‌സ് പഠിക്കണമെങ്കിലും നിർബന്ധമായും എഴുതേണ്ട പരീക്ഷയാണ് നീറ്റ്

Published

|

Last Updated

എനിക്ക് കേരളത്തിലെ മെഡിക്കൽ കോളജുകളിൽ എം ബി ബി എസ് പഠിക്കാനാണ് ആഗ്രഹം. അപ്പോൾ ഞാൻ നീറ്റ് പരീക്ഷ എഴുതേണ്ടതുണ്ടോ? |

ഷഹൽ ആസിഫ് സി കെ മലപ്പുറം

നീറ്റ് അഥവാ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് യു ജി പരീക്ഷ ഇന്ത്യയിലെവിടെയും എം ബി ബി എസ് കോഴ്‌സ് പഠിക്കണമെങ്കിലും ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ വിദേശത്ത് ഈ കോഴ്‌സ് പഠിക്കണമെങ്കിലും നിർബന്ധമായും എഴുതേണ്ട പരീക്ഷയാണ്.

നീറ്റ് വഴിയുള്ള കോഴ്സുകൾ
നീറ്റ് എക്‌സാമിനേഷൻ വഴി എം ബി ബി എസിന് പുറമേ ബി ഡി എസ്, ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി, വെറ്ററിനറി മെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കും കേരളത്തിലെ ബി എസ് സി അഗ്രികൾച്ചർ, ഫോറസ്റ്ററി, ഫിഷറീസ്, വെറ്ററിനറി, ബി ടെക് ബയോടെക്‌നോളജി, ബി എസ് സി ഹോണർസ് കോർപറേഷൻ ആൻഡ് ബേങ്കിംഗ്, ബി എസ് സി ഹോണർസ് ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവിയോൺമെന്റൽ സയൻസ് എന്നീ കോഴ്‌സുകളിലേക്കും നീറ്റ് വഴിയാണ് പ്രവേശനം. കൂടാതെ, ജിപ്മർ നൽകിവരുന്ന പാരാമെഡിക്കൽ കോഴ്‌സുകളിലേക്കും ഡൽഹി യൂനിവേഴ്‌സിറ്റിയുടെ കീഴിൽ വരുന്ന നഴ്‌സിംഗ് കോളജുകളിലെ ബി എസ് സി നഴ്‌സിംഗ് സീറ്റുകൾക്കും നീറ്റ് വഴിയാണ് പ്രവേശനം.

പ്രധാന സ്ഥാപനങ്ങൾ
ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ജിപ്മർ, ആംഡ് ഫോഴ്‌സ് മെഡിക്കൽ കോളജ്, സെൻട്രൽ യൂനിവേഴ്‌സിറ്റി ഗണത്തിലുള്ള ഡൽഹി യൂനിവേഴ്‌സിറ്റിക്ക് കീഴിൽ വരുന്ന മെഡിക്കൽ കോളജുകൾ, ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റി മെഡിക്കൽ കോളജ്, അലിഗർ മുസ്‌ലിം യൂനിവേഴ്‌സിറ്റി മെഡിക്കൽ കോളജ്, ആൾ ഇന്ത്യയിലെ ഗവ. മെഡിക്കൽ കോളജുകളിലെ സീറ്റ്, പ്രൈവറ്റ് ഡീംഡ് മെഡിക്കൽ കോളജുകളിലെ സീറ്റുകൾ, ഇ എസ്‌ ഐ മെഡിക്കൽ കോളജുകളിലെ ഇ എസ്‌ ഐ റിസർവേഷൻ സീറ്റുകൾ ഇവയെല്ലാം നീറ്റ് പരീക്ഷ വഴിയാണ് നികത്തപ്പെടുന്നത്.

പ്രവേശനം എങ്ങനെ
ആൾ ഇന്ത്യ ക്വാട്ടയിലേക്ക് വരുന്ന സീറ്റുകളിലേക്ക് മെഡിക്കൽ കൗൺസിൽ കമ്മിറ്റി നടത്തുന്ന കോമൺ കൗൺസിലിംഗ് പ്രോസസ് വഴിയും അതാത് സംസ്ഥാനങ്ങളിലെ ഗവൺമെന്റ് സീറ്റുകളിലേക്കും പ്രൈവറ്റ് ഡീംഡ് സീറ്റുകളിലേക്കും അതാത് സംസ്ഥാനങ്ങളുടെ ആരോഗ്യ സർവകലാശാലകളുടെ വെബ്‌സൈറ്റ് മുഖാന്തരവുമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ദേശീയ തലത്തിലെ ആയുർവേദ, യോഗ സയൻസ്, യുനാനി, സിദ്ധ, ഹോമിയോ കോഴ്‌സുകൾക്ക് ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസിലിംഗ് കമ്മിറ്റി, വെറ്ററിനറി കോഴ്സുകൾക്ക് വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ വഴിയും നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിൽ പ്രത്യേകം അപേക്ഷിക്കണം.

കേരളത്തിലെ പ്രവേശനം
ആൾ ഇന്ത്യ റാങ്ക് ലിസ്റ്റിൽ നിന്ന് കേരളത്തിൽ പ്രവേശനത്തിന് അർഹതയുള്ളവരെ മാത്രം തിരഞ്ഞെടുത്ത് അവർ ഉൾക്കൊള്ളുന്ന ഒരു സംസ്ഥാന റാങ്ക് ലിസ്റ്റ് കമ്മീഷണർ ഓഫ് എൻട്രൻസ് എക്‌സാമിനേഷൻ കേരള തയ്യാറാക്കും. ഈ റാങ്കിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ മുകളിൽ പറഞ്ഞ കോഴ്‌സുകളിലേക്കുള്ള പ്രവേശനം. അതിനായി നീറ്റ് പരീക്ഷ എഴുതുന്ന ഒരു കുട്ടി കമ്മീഷണർ ഓഫ് എൻട്രൻസ് എക്‌സാമിനേഷൻ www.cee.kerala.gov.inവെബ്‌സൈറ്റ് വഴി അപേക്ഷാ സമർപ്പണം സമയത്ത് നടത്തേണ്ടതുണ്ട്.

2023ലെ പ്രവേശനത്തിന് നാഷനൽ ടെസ്റ്റിംഗ് ഏജൻസി അപേക്ഷ സമർപ്പണത്തിനായി ഉത്തരവിറക്കിയിട്ടുണ്ട്. വെബ്‌സൈറ്റ് www.neet.nta.nic.in ഏപ്രിൽ ആറിന് രാത്രി ഒന്പത് വരെ ഈ വെബ്‌സൈറ്റിലൂടെ അപേക്ഷാ സമർപ്പണം നടത്താവുന്നതാണ്. പേനയും കടലാസും ഉപയോഗിച്ചുള്ള പേപ്പർ പരീക്ഷയാണ് നടത്തുന്നത്.
ഫിസിക്‌സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി എന്നീ വിഷയങ്ങളിൽ 45 വീതം ആകെ 180 ചോദ്യങ്ങൾക്ക് ഒബ്ജക്റ്റീവ് മാതൃകയിലുള്ള പരീക്ഷയാണ് നടത്തപ്പെടുക. ഒരു ചോദ്യത്തിന് നാല് മാർക്ക് വീതം ആകെ 180 ചോദ്യങ്ങൾക്ക് 720 മാർക്ക് ആണ്. തെറ്റിന് ഒരു മാർക്ക് എന്ന വീതം നെഗറ്റീവ് മാർക്കിംഗ് സിസ്റ്റവും ഉണ്ട്.

യോഗ്യത
പ്ലസ് ടു തലത്തിൽ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കിൽ ബയോടെക്‌നോളജി മൊത്തം 50 ശതമാനം മാർക്കോടെ വിജയിച്ചവർക്ക് പരീക്ഷ എഴുതാം. സംവരണ ആനുകൂല്യങ്ങൾ ലഭ്യമാണ്. 2023 ഡിസംബർ 31ന് 17 വയസ്സ് തികഞ്ഞിരിക്കണം എന്നതാണ് കുറഞ്ഞ പ്രായപരിധി. നിലവിൽ നീറ്റ് എഴുതാൻ ഉയർന്ന പ്രായപരിധി ഇല്ല.
ഓപൺ സ്‌കൂൾ വിദ്യാർഥികളെയും ബയോളജി, ബയോടെക്‌നോളജി വിഷയങ്ങൾ അധികമായി എടുത്ത് പഠിച്ചവരെയും അതാത് സമയത്ത് നിയമവിധിക്കനുസരിച്ച് പരീക്ഷ എഴുതാൻ അനുവദിക്കും. ഇതനുസരിച്ച് ഈ പ്രാവശ്യവും ഈ പറഞ്ഞ വിഭാഗക്കാർക്ക് അപേക്ഷിക്കാവുന്നതാണ്.

അപേക്ഷിക്കുമ്പോൾ
സാധാരണ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ, ഇ മെയിൽ ഐ ഡി എന്നിവയായിരിക്കണം അപേക്ഷയിൽ കൊടുക്കേണ്ടത്.കൃത്യമായി ഓർത്തുവെക്കുന്ന ഒരു പാസ്‌വേർഡ് കൊടുക്കുന്നതോടൊപ്പം എഴുതി കൈയിൽ സൂക്ഷിക്കുന്നത് നല്ലതാണ്.

അപ്‌ലോഡ് ചെയ്യേണ്ടവ
വിദ്യാർഥിയുടെ 80 ശതമാനം മുഖം വ്യക്തമായി കാണുന്ന തരത്തിലുള്ള പാസ്സ്പോർട്ട് സൈസ് ഫോട്ടോ, പോസ്റ്റ് കാർഡ് സൈസ് ഫോട്ടോ, ഇടതു വലതു കൈയിലെ തള്ളവിരൽ അടക്കമുള്ള കൈവിരലുകളുടെ പതിപ്പ്, മൂന്നും 10 / 200 കെ ബിക്ക് ഇടയിൽ വരുന്ന ജെ പി ജി ഫോർമാറ്റ്, വിദ്യാർഥിയുടെ ഒപ്പ് 4/30 കെ ബിക്ക് ഇടയിൽ വരുന്ന ജെ പി ജി ഫോർമാറ്റ്, വിദ്യാർഥിയുടെ പത്താം ക്ലാസ്സ് സർട്ടിഫിക്കറ്റ്, വിലാസം തെളിയിക്കുന്നതിനുള്ള തെളിവ് സർട്ടിഫിക്കറ്റ്, പ്രത്യേക സംവരണം ഉള്ള വിഭാഗക്കാർ സംവരണം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, 50/300 കെ ബിക്ക് ഇടയിൽ വരുന്ന പി ഡി എഫ് ഫോർമാറ്റ് എന്നിവ കൃത്യമായ അളവിൽ അപേക്ഷാ സമയത്ത് അപ്‌ലോഡ് ചെയ്യുന്നതിനായി കൈയിൽ കരുതേണ്ടതാണ്.

അപേക്ഷാ സമർപ്പണത്തിന് ശേഷം തിരുത്തൽ പ്രയാസമായത് കൊണ്ട് സബ്മിറ്റ് ബട്ടൺ അമർത്തുന്നതിന് മുമ്പ് എല്ലാം ശരിയാണെന്ന് ഉറപ്പുവരുത്തണം.

കൺഫർമേഷൻ പേജിന്റെ ഒരു പ്രിന്റൗട്ട് എടുത്തു വെക്കുന്നത് അപേക്ഷാ നമ്പറിനും പണം അടച്ചതിന്റെ തെളിവായും സൂക്ഷിക്കാം. ഇവ ഡൗൺലോഡ് ചെയ്‌തെടുക്കുന്നതിനായി യു എം എ എൻ ജി, ഡിജി ലോക്കർ എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ വർഷത്തെ നീറ്റ് പരീക്ഷ മെയ് ഏഴിന് ഇന്ത്യൻ സമയം ഉച്ചക്ക് രണ്ട് മുതൽ 5.20 വരെയാണ്. എല്ലാവർക്കും വിജയാശംസകൾ.

ഉന്നത പഠനം, പരീക്ഷകൾ, പ്രവേശനം, തൊഴിൽ സംബന്ധമായ സംശയങ്ങളുമായി ബന്ധപ്പെട്ട നിങ്ങളുടെ ചോദ്യങ്ങൾക്ക്‌ മറുപടി പറയുന്നു.
ചോദ്യങ്ങൾ ഇ മെയിൽ, വാട്സ്ആപ്പ് വഴി അയക്കാം.
9349918816

ചീഫ് കരിയർ കൗൺസിലർ, സിജി ചേവായൂർ

---- facebook comment plugin here -----

Latest