Health
മധുരക്കിഴങ്ങ് കഴിച്ചാല്‍ ഇരട്ടക്കുട്ടികള്‍ ഉണ്ടാകുമോ?
മധുരക്കിഴങ്ങ് സ്ത്രീകളുടെ പ്രത്യുല്‍പാദന ശേഷിയും അണ്ഡോത്പാദന പ്രക്രിയയും മെച്ചപ്പെടുത്താന്‍ സഹായിക്കും.
ധാരാളം പോഷകങ്ങളും ആന്റി ഓക്‌സിഡന്റുകളും കൊണ്ട് സമ്പന്നമാണ് മധുരക്കിഴങ്ങ്. മധുരക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം കാരണം ഇത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ആരോഗ്യകരമായ ഹൃദയ സിസ്റ്റത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കണ്ണിന്, ഹൃദയത്തിന്, രക്തയോട്ടത്തിന് തുടങ്ങി ശരീരത്തിന് നിരവധി ഗുണങ്ങള്‍ മധുരക്കിഴങ്ങ് പ്രദാനം ചെയ്യുന്നു. എന്നാല്‍ മധുരക്കിഴങ്ങ് കഴിച്ചാല്‍ ഇരട്ടക്കുട്ടികള്‍ ഉണ്ടാകുമെന്ന് എപ്പോഴെങ്കിലും നാം കേട്ടിട്ടുണ്ടാകും. അതില്‍ സത്യമുണ്ടോ? ഇല്ല എന്നതാണ് ഉത്തരം.
മധുരക്കിഴങ്ങ് സ്ത്രീകളുടെ പ്രത്യുല്‍പാദന ശേഷിയും അണ്ഡോത്പാദന പ്രക്രിയയും മെച്ചപ്പെടുത്താന്‍ സഹായിക്കും. എന്നാല്‍ മധുരക്കിഴങ്ങ് കഴിച്ചതിന് ശേഷം ഇരട്ടക്കുട്ടികള്‍ ഉണ്ടാകുന്നതിന് ശാസ്ത്രീയ തെളിവുകളോ പഠനങ്ങളോ ബന്ധപ്പെടുത്താനാവില്ല. അതേസമയം ഗര്‍ഭകാലത്ത് മധുരക്കിഴങ്ങ് കഴിക്കുന്നത് അത്യുത്തമമാണ്. ഗര്‍ഭിണികള്‍ക്ക് പ്രതിദിനം കുറഞ്ഞത് 800 മൈക്രോഗ്രാം വിറ്റാമിന്‍ എ ആവശ്യമുള്ളതിനാല്‍ അരക്കപ്പില്‍ താഴെ മധുരക്കിഴങ്ങില്‍ നിന്ന് ഇത് ലഭിക്കും.
ഹൃദയം, ശ്വാസകോശം, കരള്‍, രക്തം, വൃക്കകള്‍ തുടങ്ങിയ അവയവങ്ങളുടെ വളര്‍ച്ചയെ സഹായിക്കുന്നതിനാല്‍ ഗര്‍ഭപിണ്ഡത്തിന്റെ വികാസത്തിന് വിറ്റാമിന്‍ എ നിര്‍ണായകമാണ്. മാത്രമല്ല ഇത് കുഞ്ഞിന്റെ എല്ലുകളുടെ വളര്‍ച്ചയ്ക്കും കാഴ്ചശക്തിക്കും ചര്‍മത്തിനും സഹായമാകും. മധുരക്കിഴങ്ങ് നാരുകളുടെ നല്ല ഉറവിടമായതിനാല്‍ ഗര്‍ഭിണികളില്‍ സാധാരണയായി ഉണ്ടാകുന്ന മലബന്ധത്തിന് പരിഹാരമാണ്. പിറിഡോക്‌സിന്‍ (വിറ്റാമിന്‍ ബി 6) അടങ്ങിയ ഭക്ഷണം കൂടിയാണ് മധുരക്കിഴങ്ങ്. കുട്ടിയുടെ തലച്ചോറിന്റെയും നാഡീവ്യവസ്ഥയുടെയും പ്രവര്‍ത്തനത്തിന് പിറിഡോക്‌സിന്‍ അത്യന്താപേക്ഷിതമാണ്. ഇത് ഗര്‍ഭിണികളിലെ ഓക്കാനം തടയാനും സഹായിക്കുന്നു.