Connect with us

തെളിയോളം

പറഞ്ഞു ജയിക്കാനാകുമോ?

കുട്ടിക്കാലത്ത്, നമ്മുടെ മാതാപിതാക്കളോട് എന്തെങ്കിലും ആവശ്യപ്പെടുന്നതിന് മുമ്പ് അവരോട് ആദ്യം നല്ല വർത്തമാനം എന്തെങ്കിലും പറഞ്ഞ് മനസ്സൊരുക്കിയിരുന്നത് ഓർമയില്ലേ? ചെറുപ്പത്തിൽപ്പോലും, മറ്റുള്ളവർ നമ്മുടെ വഴിക്ക് വരാൻ വേണ്ട മുൻകരുതലുകൾ വളരെ കൃത്യമായി കൈക്കൊള്ളാൻ നാം ശ്രദ്ധപുലർത്തിയിരുന്നുവെന്നർഥം.

Published

|

Last Updated

ളുകൾ എങ്ങനെ സംസാരിക്കുന്നുവെന്നത് ശ്രദ്ധയോടെ വീക്ഷിച്ച് അവർ ഏത് ടോണിലാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത് എന്ന് നിരീക്ഷിച്ച് പ്രതികരണങ്ങൾ ആസൂത്രണം ചെയ്താൽ ആശയ വിനിമയം നമ്മുടെ വഴിക്ക് കൊണ്ടുവന്ന് ഫലം കൊയ്യാനത് സഹായിക്കും. അവർ നടത്തുന്ന പദപ്രയോഗങ്ങൾ ഏതു തരമാണ്, അവർ തമാശകൾ പറയുകയും യോജിപ്പിന്റെ സമീപനങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ടോ തുടങ്ങി നമുക്ക് അനുകൂലമായ മനോനിലയിൽ തന്നെയാണോ അവർ ഉള്ളത് എന്ന് ഉറപ്പു വരുത്തണം. കുട്ടിക്കാലത്ത്, നമ്മുടെ മാതാപിതാക്കളോട് എന്തെങ്കിലും ആവശ്യപ്പെടുന്നതിന് മുമ്പ് അവരോട് ആദ്യം നല്ല വർത്തമാനം എന്തെങ്കിലും പറഞ്ഞ് മനസ്സൊരുക്കിയിരുന്നത് ഓർമയില്ലേ? ചെറുപ്പത്തിൽപ്പോലും, മറ്റുള്ളവർ നമ്മുടെ വഴിക്ക് വരാൻ വേണ്ട മുൻകരുതലുകൾ വളരെ കൃത്യമായി കൈക്കൊള്ളാൻ നാം ശ്രദ്ധപുലർത്തിയിരുന്നുവെന്നർഥം.

സംസാരത്തിൽ മറുവശത്തുള്ളയാളുടെ മൂഡ് തിരിച്ചറിയാനും നമുക്ക് കൈമാറാനുള്ള ആശയങ്ങളിലേക്ക് അവരെ പിടിച്ചിരുത്തുവാൻ പാകത്തിൽ അനുയോജ്യമായ മൂഡിലേക്ക് അവരെ കൊണ്ടുവരാനും ബോധപൂർവമായ ഇടപെടലിലൂടെ സാധിക്കും. നമ്മുടെ വഴിയിലേക്ക് അവരെ എത്തിക്കാൻ ഇടിച്ചു കയറുന്ന രീതി ഒരിക്കലും അനുഗുണമാകില്ല. നമുക്കു ശരിയായി തോന്നാത്ത വീക്ഷണങ്ങളും അഭിപ്രായ പ്രകടനങ്ങളും നടത്തുന്നതിനെ പോലും കർക്കശ ഭാവത്തിൽ പ്രതിരോധിക്കാൻ ശ്രമിക്കാതിരിക്കുക എന്നത് ഏറെ പ്രധാനമാണ്.

കാരണം, താൻ എപ്പോഴും ശരിയാണെന്ന് തെളിയിക്കാനുള്ള ഒരു അഭിവാഞ്ഛ മനുഷ്യനിൽ അന്തർലീനമാണ്. താൻ ശരിയാണെന്ന് സ്ഥാപിക്കാൻ വാദങ്ങൾ കണ്ടുപിടിക്കുക എന്നത് ഏതൊരാളുടെയും അഹംബോധത്തിൽ അലിഞ്ഞ ഭാവമാണ്. അവരുടെ ശരികളെ ക്രോസ് ചെയ്യാനുള്ള ഏത് ശ്രമവും സംസാരത്തിന്റെ ഒഴുക്കിനെ വഴിതിരിച്ചുവിടും. ഒരു തർക്ക അവസ്ഥയിൽ നിന്ന് ചർച്ച അവസ്ഥയിലേക്ക് സംഭാഷണം എത്തിക്കാൻ കഴിയണം.

സംസാരത്തിൽ ഒരാളെ അനുനയിപ്പിക്കാൻ ഉന്മേഷദായകവും എന്നാൽ ശാന്തവുമായ ശൈലിയിൽ അത് ആരംഭിക്കുക എന്നതാണ് ആദ്യപടി. നിങ്ങൾ വിഷയം ചർച്ച ചെയ്യാൻ തുടങ്ങുമ്പോൾ, നിങ്ങൾ സംസാരിക്കുന്ന കാര്യങ്ങളിൽ ക്രമേണ കൂടുതൽ ആവേശം വളർത്താം. ആ വ്യക്തിക്ക് നിങ്ങൾ ഒരു ഉപകാരം ചെയ്യുന്നതായുള്ള ഒരനുഭവമായി ക്രമേണ അത് മാറണം. നിങ്ങൾ അവരെ എന്തോ ബോധിപ്പിക്കാൻ ശ്രമിക്കുന്നു എന്ന തോന്നൽ അവർക്കുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. “ആരെയും പഠിപ്പിക്കാൻ കഴിയില്ല, പഠിക്കാൻ അവരെ സഹായിക്കാൻ മാത്രമേ കഴിയൂ! ‘ എന്ന തത്വം ഇവിടെ ബാധകമാണ്. നമ്മൾ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നു എന്ന് തോന്നിയാൽ മറുവശത്തുള്ളവർ പ്രതിരോധ മോഡിലേക്ക് വേഗം മാറാൻ സാധ്യതയുണ്ട്.

നമുക്ക് സംവേദനം ചെയ്യേണ്ടത് അടിച്ചേൽപ്പിക്കുന്ന രീതിയിലാകരുത്. ജയിക്കുക, പറഞ്ഞു സ്ഥാപിക്കുക എന്നീ ശൈലികളിൽ നമുക്ക് ഒരാളിൽ സ്വാധീനം ചെലുത്താൻ കഴിയില്ല. നമ്മൾ എന്തോ വിശ്വസിപ്പിക്കാൻ നോക്കുന്നു എന്ന വിചാരം ഉള്ളിൽ കടന്നാൽ പൂർണ ബോധ്യമുള്ള കാര്യം പോലും അംഗീകരിക്കാൻ അവർ തയ്യാറാകില്ല. ഒരാൾ തന്റെ മനസ്സ് മാറ്റി എന്ന് സമ്മതിക്കാൻ ആരും ഒരുക്കമാകില്ല. ഒരു ക്രഡിറ്റ് ലക്ഷ്യമാക്കാതെ നമ്മുടെ ആശയ ഗതിയിലേക്ക് അവർക്ക് സ്വയം നടന്നടുക്കാനുള്ള പ്രേരണ മനസ്സിൽ കണ്ടു കൊണ്ടു മാത്രമേ സംസാരം മൂന്നോട്ടു കൊണ്ടു പോകാവൂ. ഒരാളെ തിരുത്താനാണ് നിങ്ങളുടെ ശ്രമമെങ്കിൽ നിങ്ങൾ മുഖേന തിരുത്തുന്നു എന്ന ഒരു വികാരം അവരിൽ ഉണരാതിരിക്കാൻ നമ്മുടെ ഭാഷണ രീതി ക്രമീകരിക്കണം.

പറയുന്നതിനേക്കാൾ അവരെ കേൾക്കാനും അവരുടെ പദങ്ങളെ നമ്മളായി പൂരിപ്പിക്കുന്നതിന് പകരം സ്വയം എടുക്കുന്ന പുതിയ തീരുമാനങ്ങളായി തിരുത്തുകൾ പ്രഖ്യാപിക്കാൻ പാകത്തിന് അവരുടെ ഈഗോയെ സംരക്ഷിച്ചു തന്നെ മുന്നോട്ടു പോകാൻ അവസരം നൽകുകയും വേണം. അവരുടെ കാഴ്ചപ്പാടുകൾ നമ്മൾ തന്നെ അവതരിപ്പിച്ച് അത് നാം മനസ്സിലാക്കി എന്ന് അവരിൽ മതിപ്പുണ്ടാക്കാം. നമ്മുടെ വിയോജിപ്പ് നേരിട്ട് പ്രകടിപ്പിക്കുകയല്ല മറിച്ച് അവരുടെ ചിന്താഗതികൾ തിരുത്തപ്പെടേണ്ടതാണ് എന്ന് അവർ തന്നെ തുറന്നു പറയാൻ സന്നദ്ധരാകുന്ന അന്തരീക്ഷം സംസാരത്തിലൂടെ ഒരുക്കിയെടുക്കാം. നമുക്ക് സ്വാധീനിക്കേണ്ട ഒരാളോടുള്ള സംഭാഷണത്തിന്റെ ഒരു ഘട്ടത്തിലും അവക്ക് പ്രതിരോധിക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാവാതിരിക്കുക എന്നതു തന്നെയാണ് നാം ഉദ്ദേശിക്കുന്ന ഫലപ്രാപ്തിയിലേക്ക് ആശയവിനിമയം എത്തിക്കാനുള്ള എളുപ്പ മാർഗം.