International
കാനഡയുടെ പുതിയ പ്രധാനമന്ത്രി മാര്‍ക് കാര്‍ണി ഇന്ന് അധികാരമേല്‍ക്കും
85.9 ശതമാനം വോട്ടാണ് കാര്‍ണിക്ക് ലഭിച്ചത്.

ഒട്ടാവ | കാനഡയില്‍ പുതിയ പ്രധാനമന്ത്രിയായി മാര്‍ക് കാര്‍ണി (59) ഇന്ന് അധികാരമേല്‍ക്കും. കാനഡയുടെ 24ാം പ്രധാനമന്ത്രിയാണ് മാര്‍ക് കാര്‍ണി. പ്രാദേശിക സമയം രാവിലെ 11ന് (ഇന്ത്യന്‍ സമയം രാത്രി 8.30ന് ) കാര്‍ണിയുടെ നേതൃത്വത്തില്‍ ആദ്യ മന്ത്രിസഭാ യോഗം ചേരും.2015 മുതല്‍ കനേഡിയന്‍ പ്രധാനമന്ത്രി പദം വഹിച്ച ജസ്റ്റിന്‍ ട്രൂഡോ ജനുവരിയില്‍ രാജി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സാമ്പത്തിക വിദഗ്ദ്ധനും ബാങ്ക് ഒഫ് ഇംഗ്ലണ്ട്, ബാങ്ക് ഒഫ് കാനഡ എന്നിവയുടെ മുന്‍ ഗവര്‍ണറുമായ കാര്‍ണിയെ ലിബറല്‍ പാര്‍ട്ടിയുടെ നേതാവായി തിരഞ്ഞെടുത്തത്.
ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മുന്‍ ധനമന്ത്രി ക്രിസ്റ്റ്യ ഫ്രീലാന്‍ഡിനെ ബഹുദൂരം പിന്നിലാക്കിയാണ് കാര്‍ണി പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയത്. 85.9 ശതമാനം വോട്ടാണ് കാര്‍ണിക്ക് ലഭിച്ചത്.
കടുത്ത ട്രംപ് വിമര്‍ശകന്‍ കൂടിയാണ് കാര്‍ണി എന്നത് ശ്രദ്ധേയമാണ്.കാനഡ- അമേരിക്ക വ്യാപര തര്‍ക്കം രൂക്ഷമാണ്. അതിനിടെയാണ് അദ്ദേഹത്തിന്റെ സ്ഥാനാരോഹണമെന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.