Connect with us

International

വിദേശ വിദ്യാർത്ഥികൾക്കായുള്ള അതിവേഗ വിസ പ്രോസസിംഗ് നിർത്തി കാനഡ

ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് തിരിച്ചടി

Published

|

Last Updated

ന്യൂഡൽഹി | വിദ്യാര്‍ഥികള്‍ക്ക് വീസ നടപടികള്‍ എളുപ്പമാക്കുന്ന സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (SDS) വിസ പരിപാടി കാനഡ നിർത്തലാക്കി. 20 ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കുന്ന പദ്ധതിയാണ് നിർത്തിയത്. ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് ഏറെ ഗുണകരമായിരുന്നു പദ്ധതി. രാജ്യത്ത് വർധിച്ചുവരുന്ന വിഭവ, ഭവന പ്രതിസന്ധി നേരിടുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എസ് ഡി എസ് നിർത്തലാക്കിയതെന്ന് കനേഡിയൻ വൃത്തങ്ങൾ അറിയിച്ചു.

2018-ൽ ഇമിഗ്രേഷൻ, റഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ് കാനഡ (IRCC) ആണ് പദ്ധതി നടപ്പിലാക്കിയത്. ബ്രസിൽ, ചൈന, കൊളംബിയ, കോസ്റ്റാറിക്ക, ഇന്ത്യ, മൊറോക്കോ, പാകിസ്ഥാൻ, പെറു, ഫിലിപ്പൈൻസ്, വിയറ്റ്നാം എന്നിവയുൾപ്പെടെ 14 രാജ്യങ്ങളിൽ നന്നുള്ള വിദ്യാർഥികളുടെ പഠന വിസ നടപടികൾ ത്വരിതപ്പടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തുടങ്ങിയത്.

എല്ലാ വിദ്യാർത്ഥികൾക്കും അപേക്ഷാ പ്രക്രിയയിൽ തുല്യവും നീതിയുക്തവുമായ പ്രവേശനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് എസ് ഡി എസ് നിർത്തലാക്കുന്നതെന്ന് കാനഡ സർക്കാർ അതിന്റെ വെബ്സൈറ്റിൽ അറിയിച്ചു. നവംബർ 8-ന് രാത്രി 2 മണി വരെ ലഭിച്ച അപേക്ഷകൾ എസ് ഡി എസ് വഴി പ്രോസസ്സ് ചെയ്യും. അതിനുശേഷമുള്ള എല്ലാ അപേക്ഷകളും സാധാരണ പഠന അനുമതി സ്ട്രീമിലൂടെയാകും പ്രോസസ്സ് ചെയ്യുക.

രാജ്യത്ത് കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ നീങ്ങുന്നത്. ഒരുകാലത്ത് വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വാതായനം തുറന്നിട്ട കാനഡ കുടിയേറ്റക്കാരുടെ എണ്ണം വർധിച്ചതോടെ നിലപാട് മാറ്റുകയായിരന്നു.

2025 ഒക്ടോബർ വരെ നടക്കാനിരിക്കുന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ ചൂടേറിയ വിഷയങ്ങളിൽ ഒന്നാണ് കുടിയേറ്റ പ്രതിസന്ധി.

Latest