chinese diplomat expulsion
ചൈനീസ് നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കി
ഉയിഗൂര്‍ മുസ്ലിം ന്യൂനപക്ഷത്തെ ചൈന വംശഹത്യ നടത്തുകയാണെന്ന് പറഞ്ഞ പ്രതിപക്ഷ പാര്‍ലിമെന്റംഗം മിഷേല്‍ ചോംഗിനെതിരെയാണ് എംബസിയുടെ സഹായത്തോടെ ചൈന ചാരപ്രവര്‍ത്തനം നടത്തിയത്.
ഒട്ടാവ | ചൈനീസ് നയതന്ത്ര പ്രതിനിധി ഴാവോ വീയെ കാനഡ പുറത്താക്കി. ചൈനയെ വിമര്‍ശിച്ച പ്രതിപക്ഷ പാര്‍ലിമെന്റംഗത്തെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കാനഡ ആരോപിക്കുന്നത്. ഴാവോക്ക് ഇനിമുതല്‍ കാനഡ നയതന്ത്ര പരിരക്ഷ നല്‍കില്ലെന്ന് വിദേശകാര്യ മന്ത്രി മെലാനീ ജോളി അറിയിച്ചു.
രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഒരു തരത്തിലുള്ള വിദേശ ഇടപെടലും വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ തുടര്‍ന്നാല്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കുമെന്ന് കാനഡയിലെ നയതന്ത്രപ്രതിനിധികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായും മന്ത്രി ജോളി പറഞ്ഞു. ആരോപണങ്ങള്‍ ചൈന നിഷേധിച്ചു.
നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയതില്‍ ചൈന അപലപിച്ചു. കാനഡയുടെ ആഭ്യന്തര കാര്യങ്ങളില്‍ ബീജിംഗ് ഒരിക്കലും ഇടപെട്ടില്ലെന്നും ഒട്ടാവയിലെ ചൈനീസ് എംബസിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറയുന്നു. ഉയിഗൂര്‍ മുസ്ലിം ന്യൂനപക്ഷത്തെ ചൈന വംശഹത്യ നടത്തുകയാണെന്ന് പറഞ്ഞ പ്രതിപക്ഷ പാര്‍ലിമെന്റംഗം മിഷേല്‍ ചോംഗിനെതിരെയാണ് എംബസിയുടെ സഹായത്തോടെ ചൈന ചാരപ്രവര്‍ത്തനം നടത്തിയത്.