Connect with us

National

ഇന്ത്യയെ സൈബര്‍ ശത്രുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കാനഡ

ഇന്ത്യയെ രാജ്യാന്തരതലത്തില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

Published

|

Last Updated

ന്യൂഡല്‍ഹി |  ഇന്ത്യ-കാനഡ തര്‍ക്കം പുതിയ തലത്തിലേക്ക്. സൈബര്‍ സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യയെ ശത്രുരാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കാനഡ. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപ്രശ്‌നങ്ങള്‍ അതിരൂക്ഷമായി തുടരുന്നതിനിടെയാണ് കാനഡയുടെ നീക്കം. അതേ സമയം ഇന്ത്യയെ രാജ്യാന്തരതലത്തില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട കാനഡയുടെ പുതിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയെ സൈബര്‍ ശത്രുക്കളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചൈന, റഷ്യ, ഇറാന്‍, ഉത്തരകൊറിയ എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ അഞ്ചാമതായാണ് സൈബര്‍ഭീഷണി ഉയര്‍ത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ പേരും കാനഡ ചേര്‍ത്തിരിക്കുന്നത്

ഇന്ത്യന്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ ചാരപ്രവര്‍ത്തനത്തിനായി കാനഡയുടെ ഔദ്യോഗിക നെറ്റ്വര്‍ക്കുകള്‍ ലക്ഷ്യമിടുകയാണെന്നാണ് റിപ്പോര്‍ട്ടിലെ ആരോപണം. ആഗോളതലത്തില്‍ പുതിയ അധികാരകേന്ദ്രങ്ങളാകാന്‍ ശ്രമിക്കുന്ന ഇന്ത്യയെപോലുള്ള രാജ്യങ്ങള്‍ കാനഡയ്ക്ക് ഭീഷണിയാകുന്ന സൈബര്‍ പ്രോഗ്രാമുകള്‍ നിര്‍മിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.

ഇന്ത്യയെ ആക്രമിക്കാനുള്ള കാനഡയുടെ മറ്റൊരു തന്ത്രമാണിത്. തെളിവുകളില്ലാതെയാണ് സ്ഥിരമായി കാനഡ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്-വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. നേരത്തെ നിജ്ജര്‍ വധത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പങ്കുണ്ടെന്ന ആരോപണത്തില്‍ കാനഡയെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.കനേഡിയന്‍ ഹൈക്കമ്മിഷന്‍ പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് ഇന്ത്യ ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിച്ചത്.

 

Latest