Connect with us

International

25% തീരുവ; യുഎസുമായുള്ള എഫ് 35 ഫൈറ്റർ ജെറ്റ് കരാർ റദ്ദാക്കാൻ ഒരുങ്ങി കാനഡ

എഫ്-35 ജെറ്റുകൾക്കുള്ള കരാർ പോർച്ചുഗൽ ഉപേക്ഷിച്ചേക്കുമെന്ന് അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് സമാനമായ നടപടിയുമായി കാനഡയും രംഗത്ത് വരുന്നത്.

Published

|

Last Updated

ഒട്ടാവ | യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 25% തീരുവ ഏർപ്പെടുത്തിയതിനെ തുടർന്ന് യുഎസുമായുള്ള ഫൈറ്റർ ജറ്റ് ഇടപാട് റദ്ദാക്കാൻ ഒരുങ്ങി കാനഡ. അമേരിക്കൻ എഫ് 35 സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകൾക്ക് നൽകിയ ഓർഡർ പിൻവലിക്കാനാണ് കാനഡ ഒരുങ്ങുന്നത്. കനേഡിയൻ വ്യോമസേന യുഎസ് ഫൈറ്ററുകൾ സ്വീകരിക്കാൻ ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും മറ്റ് ഓപ്ഷനുകൾ കൂടി പരിഗണിക്കുന്നുണ്ടെന്ന് കനേഡിയൻ പ്രതിരോധ മന്ത്രി ബിൽ ബ്ലെയർ പറഞ്ഞു. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ പുതിയ മന്ത്രിസഭയുടെതാണ് തീരുമാനം.

2023 ലാണ്, കാനഡ അമേരിക്കയുമായുള്ള എഫ് 35 സ്റ്റെൽത്ത് ഫൈറ്റർ ജെറ്റിനുള്ള കരാർ അന്തിമമാക്കിയത്. അതേ വർഷം ജൂണിൽ, 88 ജെറ്റുകൾക്കായി ലോക്ക്ഹീഡ് മാർട്ടിനുമായി 19 ബില്യൺ ഡോളറിന്റെ കരാറിൽ കാനഡ ഒപ്പുവച്ചു. മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കാലത്താണ് ഈ ഇടപാട് നടന്നത്.

2026 ഓടെ കാനഡയിലേക്ക് എഫ് 35 യുദ്ധവിമാനങ്ങളുടെ ആദ്യ സെറ്റ് എത്തിക്കേണ്ടതുണ്ട്. 16 ജെറ്റുകൾക്കുള്ള പണമടയ്ക്കൽ ഇതിനകം നടത്തിയിട്ടുണ്ട്. ആദ്യ ബാച്ച് സ്വീകരിക്കാമെന്നും ബാക്കിയുള്ളവയ്ക്ക് സ്വീഡിഷ് നിർമ്മിത സാബ് ഗ്രിപെൻ പോലുള്ള യൂറോപ്യൻ നിർമ്മാതാക്കളെ ആശ്രയിക്കാമെന്നും കനേഡിയൻ പ്രതിരോധ മന്ത്രി ബിൽ ബ്ലെയർ പറഞ്ഞു.

എഫ്-35 ജെറ്റുകൾക്കുള്ള കരാർ പോർച്ചുഗൽ ഉപേക്ഷിച്ചേക്കുമെന്ന് അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് സമാനമായ നടപടിയുമായി കാനഡയും രംഗത്ത് വരുന്നത്.