International
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും സംഘവും തിരികെ പുറപ്പെട്ടു
ജി20യുടെ സമാപന ദിവസം കാനഡയിലേക്ക് പുറപ്പെടാന്‍ ഇരിക്കവെ വിമാനത്തിന് സാങ്കേതിക തകരാറുണ്ടായതിനെ തുടര്‍ന്ന് ട്രൂഡോയുടെ യാത്ര മാറ്റിവെക്കുകയായിരുന്നു.

ന്യൂഡല്‍ഹി| ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തി 36 മണിക്കൂറിലധികം രാജ്യത്ത് കുടുങ്ങിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും സംഘവും തിരികെ പുറപ്പെട്ടു. കനേഡിയന്‍ പ്രധാനമന്ത്രിയുടെ വിമാനത്തിന് സാങ്കേതിക തകരാര്‍ മൂലമാണ് ട്രൂഡോയും സംഘവും ഇന്ത്യയില്‍ കുടുങ്ങിയത്. അതേസമയം ജസ്റ്റിന്‍ ട്രൂഡോയുടെ മടക്കയാത്രയ്ക്കായി ഇന്ത്യ, എയര്‍ ഇന്ത്യ വണ്ണിന്റെ സേവനം വാഗ്ദാനം ചെയ്തതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
ഇന്ത്യന്‍ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും അവരുടെ അന്താരാഷ്ട്ര യാത്രകള്‍ക്കായി ഉപയോഗിക്കുന്ന ബോയിംഗ് 777 വിമാനങ്ങളാണ് എയര്‍ ഇന്ത്യ വണ്‍. എന്നാല്‍ നിര്‍ദ്ദേശം സമര്‍പ്പിച്ച് ഏകദേശം ആറ് മണിക്കൂറിനുശേഷം കാനഡ ഈ വാഗ്ദാനം നിരസിക്കുകയും അവരുടെ വിമാനത്തിനായി കാത്തിരിക്കുകയാണെന്ന് സര്‍ക്കാരിനോട് പ്രതികരിക്കുകയും ചെയ്തു.