Connect with us

Ongoing News

പെറുവിനെ തകര്‍ത്ത് കാനറികള്‍; ജയം നാല് ഗോളിന്

ഇരു പകുതികളിലായി റാഫേല്‍ ഡയസ് റഫിഞ്ഞ നേടിയ പെനാള്‍ട്ടി ഗോളുകളാണ് മഞ്ഞപ്പടയുടെ ജയത്തില്‍ നിര്‍ണായകമായത്. ആന്‍ഡ്രിയാസ് പെരേരയുടെയും ലൂയിസ് ഹെന്റികിന്റെയും ഗോളുകള്‍ ജയത്തിന് തിളക്കമേറ്റി.

Published

|

Last Updated

ബ്രസീലിയ | കാനറികള്‍ താളം വീണ്ടെടുക്കുന്നു. കളിക്കളത്തില്‍ നൃത്ത വെക്കുന്ന പരമ്പരാഗത ശൈലിയിലേക്ക് പതിയെ തിരിച്ചെത്തുന്നു. ലോകകപ്പ് യോഗ്യതയിലെ ഇന്നത്തെ മത്സരത്തില്‍ പെറുവിനെ മറുപടിയില്ലാത്ത നാല് ഗോളിനാണ് ബ്രസീല്‍ തകര്‍ത്തെറിഞ്ഞത്.

ഇരു പകുതികളിലായി റാഫേല്‍ ഡയസ് റഫിഞ്ഞ നേടിയ പെനാള്‍ട്ടി ഗോളുകളാണ് മഞ്ഞപ്പടയുടെ ജയത്തില്‍ നിര്‍ണായകമായത്. ആന്‍ഡ്രിയാസ് പെരേരയുടെയും ലൂയിസ് ഹെന്റികിന്റെയും ഗോളുകള്‍ ജയത്തിന് തിളക്കമേറ്റി.

പെനാള്‍ട്ടിയിലൂടെയായിരുന്നു ബ്രസീലിന്റെ ആദ്യ ഗോള്‍. 38-ാം മിനുട്ടില്‍ പെറു ബോക്‌സില്‍ വച്ച് പ്രതിരോധ നിര താരം കാര്‍ലോസ് സാംപ്രാനോവിന്റെ കൈയില്‍ പന്ത് തട്ടുകയായിരുന്നു. റഫിഞ്ഞയുടെ കിടിലന്‍ പെനാല്‍ട്ടി കിക്ക് പെറു വല തുളച്ചു.

54-ാം മിനുട്ടില്‍ സാവിഞ്ഞോയെ സാംപ്രാനോ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍ട്ടിയും റഫിഞ്ഞോ വലയിലെത്തിച്ചു. പകരക്കാരനായി ഇറങ്ങിയ പെരേര 72-ാം മിനുട്ടില്‍ അക്രോബാറ്റിക് വോളിയിലൂടെ ഗോള്‍ നേട്ടം മൂന്നാക്കി. ലൂയിസ് ഹെന്‍ റികില്‍ നിന്ന് ലഭിച്ച ക്രോസാണ് പെരേര മനോഹരമായി ഗോളിലേക്ക് കണക്ട് ചെയ്തത്. രണ്ട് മിനുട്ടിനു ശേഷം ബോക്‌സില്‍ നിന്ന് പന്ത് വലയിലേക്ക് ചെത്തിയിട്ട് ലൂയിസ് ടീമിന്റെ നാലാം ഗോള്‍ സ്‌കോര്‍ ചെയ്തു.

അഞ്ച് ക്വാളിഫയറുകളില്‍ നാലും തോറ്റ് തകര്‍ച്ചയിലായിരുന്ന ബ്രസീല്‍, കഴിഞ്ഞ വ്യാഴാഴ്ച ചിലിക്കെതിരെ ജയം നേടുകയായിരുന്നു.

കഴിഞ്ഞ അങ്കത്തില്‍ ചിലിയെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ച് തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കിയ ബ്രസീല്‍, പെറുവിനെതിരായ മത്സരത്തില്‍ ജീവസ്സുറ്റ ഫുട്‌ബോള്‍ കാഴ്ചവെക്കുകയും തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തുകയും ചെയ്തു. പെറുവിനെതിരെയും ജയം നേടിയതോടെ 10 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുമായി ബ്രസീല്‍ പോയിന്റ് നിലയില്‍ നാലാം സ്ഥാനത്തേക്ക് കയറി. മൂന്നാം സ്ഥാനത്തുള്ള ഉറുഗ്വേയുമായി ഗോള്‍ വ്യത്യാസത്തില്‍ മാത്രമാണ് ബ്രസീല്‍ പിറകില്‍ നില്‍ക്കുന്നത്. അഞ്ചാമതുള്ള ഇക്വഡോറിനെക്കാള്‍ മൂന്ന് പോയിന്റ് മുന്നിലാണ് ബ്രസീല്‍. യോഗ്യതയില്‍ മുന്നിലെത്തുന്ന ആറ് ടീമുകള്‍ക്കാണ് 2026 ലോകകപ്പിലേക്ക് യോഗ്യത നേടുക.

Latest