Connect with us

National

ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങളുടെ റദ്ദാക്കലും,വൈകലും; സഭയില്‍ വിഷയമവതിരിപ്പിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി

വിഷയത്തില്‍ അര്‍ഹിക്കുന്ന ഗൗരവം നല്കാതെയുള്ള മറുപടിയാണ് കേന്ദ്ര വ്യോമയാന മന്ത്രി നല്‍കിയതെന്നും എംപി അറിയിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | അവധിക്കാലമായ കഴിഞ്ഞ മാസങ്ങളില്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ച പ്രവാസികള്‍ മുന്‍ കാലങ്ങളിലെ തനിയാവര്‍ത്തണമെന്നോണം നരകയാതനയാണ് അനുഭവിക്കുന്നത്. എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ ബുക്ക് ചെയ്ത യാത്രക്കാര്‍, വിശിഷ്യാ മലയാളികള്‍ ബുക്ക് ചെയ്ത് ടിക്കറ്റ് എടുത്ത് എയര്‍പോര്‍ട്ടിലെത്തിയാലാണ് ഫ്‌ലൈറ്റ് റദ്ദാക്കിയ കാര്യം അറിയുന്നത്. ഇത് മൂലം പലര്‍ക്കും വെക്കേഷന്‍ കാലയളവ് നഷ്ടപ്പെടുകയും വീണ്ടും മറ്റൊരു ടിക്കറ്റ് എടുക്കുന്നത് രണ്ടോ മൂന്നോ ഇരട്ടി സാമ്പത്തിക ബാദ്ധ്യത ഉണ്ടാകുകയും ചെയ്യുന്നു. ഇതോടെ പ്രവാസികള്‍ക്ക് കുറഞ്ഞ അവധി കാലയളവിലേക്ക് അവര്‍ കാത്തുവെച്ച കുഞ്ഞു കുഞ്ഞു പദ്ധതികളും, ആഗ്രഹിച്ച കൂടിച്ചേരലുകളും പൊടുന്നനെ അവതാളത്തിലാവുന്ന അവസ്ഥയാണ്.

ഇങ്ങനെ വിസയും, ജോലിയും നഷ്ടപ്പെട്ട, മരണം, വിവാഹം പോലുള്ള വിശിഷ്ട ചടങ്ങുകള്‍ക്ക് പങ്കെടുക്കാന്‍ കഴിയാത്ത എത്ര ഹതഭാഗ്യരാണ് പ്രവാസി സഹോദരങ്ങള്‍ക്കിടയില്‍ കാണാന്‍ സാധിക്കുന്നത്. സീസണ്‍ സമയത്ത് ഭീമമായ ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിനാല്‍ തന്നെ, കുടുംബമായി പ്രവാസത്തിലിരിക്കുന്ന മലയാളികളുടെ ഒരു വര്‍ഷത്തെ മുഴുവന്‍ മിച്ചവും മിക്കവാറും വെക്കേഷന്‍ കാലത്ത് യാത്ര ചിലവിലേക്ക് മാത്രമായി മാറ്റി വെക്കപ്പെടുകയാണ്.

മാസങ്ങള്‍ക്ക് മുമ്പ് തന്നെ ടിക്കറ്റ് ബുക്ക് ചെയ്താണ് പ്രവാസികള്‍ ബാക്കിയുള്ള കാര്യങ്ങളെല്ലാം പ്ലാന്‍ ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ യാത്രക്കാരുടേതല്ലാത്ത കാരണത്താല്‍ യാത്ര മുടങ്ങുകയോ, വൈകുകയോ ആണെങ്കില്‍ യാത്രക്കാര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ വിമാനക്കമ്പനികള്‍ പൂര്‍ണ്ണ ഉത്തരവാദിത്വത്തോടെ ഇടപെടുകയോ അല്ലെങ്കില്‍ ആ ദിവസത്തെ ടിക്കറ്റ് നിരക്ക് നഷ്ടപരിഹാരമായി നല്‍കുകയോ പകരം മറ്റൊരു സംവിധാനം കണ്ടെത്തുകയോ ചെയ്ത് കൊടുക്കേണ്ടതുണ്ട്. എയര്‍ഇന്ത്യയുടെ ഈ കെടുകാര്യസ്ഥതയും, നിരുത്തരവാദിത്വ സമീപനവും ചോദ്യം ചെയ്തു കൊണ്ട് പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിച്ചതായി രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി അറിയിച്ചു.

ഈ വക കാര്യങ്ങള്‍ കാണിച്ചു കൊണ്ട് കെ എം സി സി ഇന്‍കാസ് അടക്കമുള്ള പ്രവാസി സംഘടനകള്‍ നല്‍കിയ നിവേദനങ്ങള്‍ കൂടി പരിഗണിച്ചാണ് സഭയില്‍ രാജാമോഹന്‍ ഉണ്ണിത്താന്‍ ചോദ്യം ഉന്നയിച്ചത് . ഇത്തരം കാര്യങ്ങളുടെ ഉത്തരവാദിത്വം, വ്യോമയാന മന്ത്രാലയത്തിന്റെ പ്രസക്തി, രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ലായ പ്രവാസികളെ ദുരിതക്കയത്തിലേക്ക് തള്ളിവിടുന്ന വിമാന വൈകല്‍, നിര്‍ത്തലാക്കല്‍, സീസണ്‍ സമയത്തെ വിലക്കയറ്റം ഇത്തരം വിമാന ചൂഷണത്തെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഉടനടി നടപടികള്‍ സ്വീകരിക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ വിഷയത്തില്‍ അര്‍ഹിക്കുന്ന ഗൗരവം നല്കാതെയുള്ള മറുപടിയാണ് കേന്ദ്ര വ്യോമയാന മന്ത്രി നല്‍കിയതെന്നും എംപി അറിയിച്ചു. കേന്ദ്ര വ്യോമയാന മന്ത്രി ശ്രീ കിഞ്ചരപു റാംമോഹന്‍ നായിഡു നല്‍കിയ ഉത്തരമനുസരിച്ച് കേരളത്തിലെ വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കപ്പെടുന്നത് പ്രധാനമായും ഗള്‍ഫ് മേഖലയില്‍ ഇടയ്ക്കിടെ ഉണ്ടായിട്ടുള്ള കാലാവസ്ഥ വ്യതിയാനങ്ങളും സാങ്കേതിക തകരാറുകളും കാരണങ്ങളാല്‍ സംഭവിക്കുന്നതാണെന്നുമാണ് വ്യക്തമാക്കുന്നത്.

2024 ഏപ്രില്‍ മുതല്‍ ജൂണ്‍, വരെ കഴിഞ്ഞ മൂന്ന് മാസത്തിനിടെ കോഴിക്കോട്, കണ്ണൂര്‍, കൊച്ചി തിരുവനന്തപുരം വിമാനത്താവളങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടുമായി ഗള്‍ഫില്‍ നിന്നും മൊത്തം 861 ഫ്‌ലൈറ്റുകള്‍ റദ്ദാക്കിയതായും ഇപ്പ്രകാരം സംഭവിക്കുന്ന ഫ്‌ലൈറ്റിന്റെ കാര്യത്തില്‍ വിമാന യാത്രക്കാരുടെ ഉചിതമായ സംരക്ഷണം തടസ്സം ഇല്ലാത്ത യാത്ര , പ്രത്യേകിച്ച്, വിമാനം റദ്ദാക്കല്‍, അറിയിപ്പ് കാലതാമസം കൂടാതെ വിമാനത്തില്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് ഉറപ്പാക്കുന്നതിന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ‘ബോര്‍ഡിംഗ് നിഷേധിച്ചതിനാല്‍ യാത്രക്കാര്‍ക്ക് എയര്‍ലൈനുകള്‍ നല്‍കേണ്ട സൗകര്യങ്ങള്‍, സംബന്ധിച്ചു വ്യക്തമായ നിയമം നിലവിലുണ്ടെന്നുമാണ് മന്ത്രി അറിയിച്ചതെന്നാണ് എംപി വ്യക്തമാക്കുന്നത്.

പ്രവാസികള്‍ അനുഭവിക്കുന്ന ഇത്തരം വിമാന യാത്രാസംബന്ധമായ മധ്യവേനലവധികാലത്തും ഉത്സവ സീസണുകളിലും അനിയന്ത്രിതമായ നിരക്ക വര്‍ദ്ധന, വിമാന കമ്പനികള്‍ മുന്നറിയിപ്പില്ലാതെ ഷെഡ്യൂള്‍ ക്യാന്‍സല്‍ ചെയ്യുന്നതും അനിശ്ചിതമായ കാലതാമസം വരുത്തുന്നതിലും പ്രവാസികള്‍ക്ക് വേണ്ടി ഇനിയും ശബ്ദിക്കുമെന്നും കാസര്‍കോട്  എംപി വ്യക്തമാക്കി.