icf international
എയര്‍ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കല്‍; യാത്ര മുടങ്ങിയവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കണം: ഐ സി എഫ്
ആയിരക്കണക്കിന് പ്രവാസികളുടെ യാത്രയും തൊഴിലും പ്രതിസന്ധിയിലായി
മക്ക | ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് കാരണം എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകള്‍ മുടങ്ങിയത് ആയിരക്കണക്കിന് പ്രവാസികളുടെ യാത്രയും തൊഴിലും പ്രതിസന്ധിയിലാക്കിയെന്ന് ഐ സി എഫ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു.
വലിയ തുക നല്‍കി ടിക്കറ്റ് സ്വന്തമാക്കിയാണ് സാധാരണക്കാരായ പ്രവാസികള്‍ യാത്രക്കൊ രുങ്ങുന്നത്. ദൂരങ്ങള്‍ താണ്ടിയും മണിക്കൂറുകള്‍ യാത്ര ചെയ്തുമാണ് പലരും വിമാനത്താവളങ്ങളില്‍ എത്തുന്നത്. ഇങ്ങിനെ എത്തി വിമാനം കയറാന്‍ കാത്തുനില്‍ക്കുന്നവരുടെ യാത്ര മുടക്കുന്ന നടപടി നീതീകരിക്കാനാകാത്തതാണ്.
മിന്നല്‍ പണിമുടക്ക് കാരണം യാത്ര മുടങ്ങിയവര്‍ക്ക് അടിയന്തര യാത്രാസൗകര്യങ്ങളും ന്യായമായ നഷ്ടപരിഹാരവും ലഭ്യമാക്കണം. കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണം. വരാനിരിക്കുന്ന വേനല്‍ അവധിക്കാലത്തേക്കുള്ള നിരക്കുയര്‍ത്തിയ നടപടികള്‍ പിന്‍വലിക്കാന്‍ വിമാന കമ്പനികള്‍ തയാറാകണമെന്നും ഐ സി എഫ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.