Connect with us

Business

അര്‍ബുദ പരിചരണത്തില്‍ വന്‍ കുതിപ്പേകും; ബുര്‍ജീല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അബൂദബിയില്‍ തുറന്നു

ലോകോത്തര ആരോഗ്യ സേവനങ്ങള്‍ നല്‍കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് യു എ ഇ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

ബുര്‍ജീല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് യു എ ഇയിലെ സഹിഷ്ണുത-സഹവര്‍ത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ ഉദ്ഘാടനം ചെയ്യുന്നു. ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍ സമീപം.

അബൂദബി | സമഗ്രവും നൂതനവുമായ അര്‍ബുദ പരിചരണത്തിനായി അബൂദബിയില്‍ ബുര്‍ജീല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (ബി സി ഐ) ആരംഭിച്ച് യു എ ഇയിലെ ഏറ്റവും വലിയ കാന്‍സര്‍ കെയര്‍ നെറ്റ് വര്‍ക്കുകളില്‍ ഒന്നായ ബുര്‍ജീല്‍. അബൂദബി, അല്‍ ഐന്‍, അല്‍ ദഫ്ര, ഷാര്‍ജ, ദുബൈ എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ബുര്‍ജീലിന്റെ കാന്‍സര്‍ കെയര്‍ സൗകര്യങ്ങള്‍ ഏകീകരിക്കുന്ന ശൃംഖലയുടെ കേന്ദ്രമാണ് മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ തുടങ്ങിയ ബി സി ഐ.

മെനയിലെ പ്രമുഖ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹെല്‍ത്ത്‌കെയര്‍ സേവന ദാതാക്കളായ ബുര്‍ജീല്‍ ഹോള്‍ഡിങ്‌സിന്റെ ഏറ്റവും വലിയ ആശുപത്രിയായ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് യു എ ഇയിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലുമുള്ളവര്‍ക്ക് വിപുലമായ കാന്‍സര്‍ ചികിത്സകള്‍ വാഗ്ദാനം ചെയ്യുന്നു. രോഗനിര്‍ണയം മുതല്‍ പാലിയേറ്റീവ് കെയര്‍ വരെയുള്ള ഓങ്കോളജി സേവനങ്ങള്‍ നല്‍കാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സജ്ജമാണ്.

യു എ യിലെ സഹിഷ്ണുത-സഹവര്‍ത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തു. ബുര്‍ജീല്‍ ഹോള്‍ഡിങ്സിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍, സി ഇ ഒ. ജോണ്‍ സുനില്‍, സി ഒ ഒ. സഫീര്‍ അഹമ്മദ് ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

പ്രശസ്ത എമിറാത്തി ഓങ്കോളജിസ്റ്റ് പ്രൊഫ. ഹുമൈദ് അല്‍ ഷംസിയുടെ നേതൃത്വത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. യു എ ഇ യില്‍ ലോകോത്തര അര്‍ബുദ പരിചരണം നല്‍കാനുള്ള ലക്ഷ്യത്തിലെ സുപ്രധാന നാഴികക്കല്ലാണ് ബി സി ഐയുടെ സമാരംഭമെന്ന് ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍ പറഞ്ഞു. അര്‍ബുദ ഗവേഷണ രംഗത്തെ പുതിയ കണ്ടെത്തലുകള്‍ ചികിത്സയായി ലഭ്യമാക്കുന്നതില്‍ നേരിടുന്ന കാലതാമസം പരിഹരിക്കേണ്ടത് അനിവാര്യമാണെന്ന് ചടങ്ങില്‍ ഷെയ്ഖ് നഹ്യാന്‍ പറഞ്ഞു.

അര്‍ബുദ പരിചരണത്തിലെ നാഴികക്കല്ല്
പ്രതിവര്‍ഷം, 5,000-ലധികം അര്‍ബുദ രോഗികളെ ചികിത്സിക്കുന്ന ബുര്‍ജീലിന്റെ ശൃംഖല പതിനായിരത്തിലധികം സ്‌ക്രീനിംഗുകള്‍, റേഡിയോ തെറാപ്പി സെഷനുകള്‍ എന്നിവ അമ്പതിലധികം വിദഗ്ധരുടെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. നാല് നിലകളിലായി പ്രവര്‍ത്തിക്കുന്ന ബുര്‍ജീല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്വകാര്യ കീമോതെറാപ്പി സ്യൂട്ടുകള്‍, സ്‌പെഷ്യാലിറ്റി ക്ലിനിക്കുകള്‍, സ്തനാര്‍ബുദ യൂണിറ്റ്, രോഗി കേന്ദ്രീകൃത സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. കീമോതെറാപ്പി, ഇമ്മ്യൂണോ തെറാപ്പി, സര്‍ജിക്കല്‍ ഓങ്കോളജി, സ്റ്റീരിയോടാക്റ്റിക് റേഡിയോ സര്‍ജറി (SRS), സ്റ്റീരിയോടാക്റ്റിക് ബോഡി റേഡിയോ തെറാപ്പി, ടാര്‍ഗെറ്റഡ് തെറാപ്പി (SBRT), പ്രിസിഷന്‍ മെഡിസിന്‍, അഡ്വാന്‍സ്ഡ് സര്‍ജിക്കല്‍ ടെക്‌നിക്കുകള്‍, അത്യാധുനിക റേഡിയേഷന്‍ തെറാപ്പി, എ ഐ ഉപയോഗിച്ചുള്ള കാന്‍സര്‍ രോഗ നിര്‍ണയം തുടങ്ങിയ അത്യാധുനിക ചികിത്സകളും പ്രദാനം ചെയ്യുന്നു.

പ്രത്യേക പരിശോധനകള്‍ പ്രാദേശികമായി നടത്താനും ഉയര്‍ന്ന നിലവാരമുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്താനും ബി സി ഐ സജ്ജമാണ്. അന്താരാഷ്ട്ര കാന്‍സര്‍ ഗവേഷണ സ്ഥാപനങ്ങളുമായും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായും സഹകരിക്കുന്നതിലൂടെ കാന്‍സര്‍ പരിചരണത്തിലെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങള്‍ കാലതാമസമില്ലാതെ രോഗികള്‍ക്ക് ലഭ്യമാക്കാന്‍ ബി സി ഐ വഴിയൊരുക്കും.

 

Latest