Editors Pick
2050 ഓടെ പുരുഷൻമാരിൽ കാൻസർ കേസുകൾ വർദ്ധിക്കുമെന്ന് പഠനം
അമേരിക്കൻ ക്യാൻസർ സൊസൈറ്റിയുടെ പിയർ റിവ്യൂഡ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
2050 ഓടെ പുരുഷ ക്യാൻസർ രോഗനിർണയത്തിലും മരണ നിരക്കിലും ആഗോളതലത്തിൽ വർധന ഉണ്ടാകുമെന്ന് പഠന റിപ്പോർട്ട്. 2022നും 2050 നുമിടയിൽ ക്യാൻസർ രോഗ നിർണയത്തിൽ 84 ശതമാനം വർദ്ധനക്കും പുരുഷന്മാരിൽ കാൻസർ മരണങ്ങളിൽ 93% വർദ്ധനക്കുമുള്ള സാധ്യത ഗവേഷകർ പഠനത്തിലൂടെ കണ്ടെത്തി. 2022ലെ കണക്കായ 5.4 ദശലക്ഷത്തിൽ നിന്ന് 2050 ഓടെ ഇത് 10.5 ദശലക്ഷമായി ഉയരും എന്ന് പ്രതീക്ഷിക്കുന്നതായാണ് ഗവേഷകരുടെ വെളിപ്പെടുത്തൽ.
അമേരിക്കൻ ക്യാൻസർ സൊസൈറ്റിയുടെ പിയർ റിവ്യൂഡ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 185 രാജ്യങ്ങളിൽ നിന്നുള്ള പ്രദേശങ്ങളിൽ നിന്നാണ് ജനസംഖ്യാ വിവരങ്ങളും 30 ക്യാൻസർ വിഭാഗങ്ങളും ഗവേഷകർ പരിശോധിച്ചത്. പുരുഷന്മാരിൽ സ്ത്രീകളെക്കാൾ കൂടുതൽ മദ്യപാനവും പുകവലിയും കാണപ്പെടുന്നത് തന്നെയാണ് ക്യാൻസറിനുള്ള പ്രധാന കാരണമായി കണക്കാക്കുന്നത്.65 വയസ്സും അതിനു മുകളിലും പ്രായമുള്ള പുരുഷന്മാർക്ക് യുവാക്കളെ അപേക്ഷിച്ച് അതിജീവന നിരക്ക് കുറവാണ്. പ്രത്യേകിച്ച് അവർക്ക് ക്യാൻസർ തെറാപ്പിയോട് പിടിച്ചുനിൽക്കാനുള്ള ശാരീരികശേഷിയും കുറവായിരിക്കും.
വിവിധ രാജ്യങ്ങളുടെ സാമ്പത്തിക നിലയ്ക്കനുസരിച്ച് ക്യാൻസർ ഫലങ്ങളിലെ വ്യത്യാസങ്ങളും ഗവേഷകർ പഠനത്തിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ട്. 2050ൽ ആഗോളതലത്തിൽ ക്യാൻസർ കേസുകളുടെയും മരണങ്ങളുടെയും പ്രധാനകാരണം ശ്വാസകോശ അർബുദം ആണെന്നും റിസർച്ചിൽ പ്രവചിക്കുന്നു. മാത്രമല്ല 2050 ഓടെ മൂത്രാശയ അർബുദം കൂടുതൽ സാധാരണവും മാരകവും ആവും എന്നും ഈ പഠനത്തിൽ പറയുന്നു.