Connect with us

Health

കാന്‍സര്‍; അതിജീവനത്തിന്റെ സന്ദേശദിനം ....

കാന്‍സര്‍ രോഗികള്‍ക്കും അതിജീവിച്ചവര്‍ക്കും വേണ്ടി നമുക്ക് എന്തു ചെയ്യാനാവുമെന്ന ആലോചനയും അതിനായുള്ള പ്രവൃത്തിയുമാണ് ഈ ദിനം നമ്മോടാവശ്യപ്പെടുന്നത്.

Published

|

Last Updated

നുഷ്യ ജീവിതത്തിലേക്ക് ഇടിത്തീ പോലെ വന്നു വീഴുന്ന ഒരു രോഗാവസ്ഥയാണ് കാന്‍സര്‍. അനുഭവിക്കുന്ന വ്യക്തിയെ മാത്രമല്ല കുടുംബത്തേയും ബന്ധുക്കളേയും മാനസികമായും സാമ്പത്തികമായും തകര്‍ത്തുകളയുന്ന ഈ വ്യാധിയില്‍ നിന്നും മാനസികസമ്മര്‍ദ്ദങ്ങളില്‍ നിന്നും രക്ഷപ്പെടുകയെന്നത് പ്രയാസകരമായ കാര്യമാണ്. എന്നാല്‍ സാമൂഹ്യമായ പിന്തുണയുണ്ടെങ്കില്‍ ഇത് സാദ്ധ്യവുമാണ്.

യൂറോപ്പിനെ അപേക്ഷിച്ച് ഏഷ്യയില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം വളരെ ഉയര്‍ന്നതാണ്. ഏഷ്യയില്‍ 48.4% കാന്‍സര്‍ രോഗികളുണ്ടെന്നാണ് പഴയ കണക്കുകള്‍ പറയുന്നത്. അഞ്ചുവര്‍ഷത്തിനിടയില്‍ ഇവരുടെ എണ്ണം ഗണ്യമായി കൂടാനും സാദ്ധ്യതയുണ്ടെന്നും ഈ പഠനം പറയുന്നു.

രോഗ ചികിത്സക്കൊപ്പം പ്രാധാന്യമുള്ള ഒന്നാണ് രോഗബാധിതരുടേയും അതിജീവിച്ചവരുടേയും ആത്മവിശ്വാസം ഉയര്‍ത്തുകയെന്നത്. ഇത് സാമൂഹ്യമായ ഒരു ഉത്തരവാദിത്വവുമാണ്.
ഈയൊരു ചിന്താഗതിയില്‍ നിന്നാണ് ദേശീയ കാന്‍സര്‍ സര്‍വൈവര്‍ ദിനം എന്ന ആശയമുണ്ടാകുന്നത്.

1988 ജൂണ്‍ 5 ന് കാന്‍സറിനെ കുറിച്ച് ബോധവല്‍ക്കരണം നടത്താനും കാന്‍സറിനെ അതിജീവിച്ചവര്‍ക്ക് പിന്തുണ നല്‍കാനും ഒരു പറ്റം ആളുകള്‍ റാലികളും പരേഡുകളുമായി തെരുവിലിറങ്ങിക്കൊണ്ടാണ്  ദേശീയ കാന്‍സര്‍ സര്‍വൈവര്‍ ദിനത്തിന്റെ ആദ്യ ആഘോഷം നടന്നത്. അന്നുമുതല്‍, എല്ലാ വര്‍ഷവും ദേശീയ കാന്‍സര്‍ അതിജീവിച്ചവരുടെ ദിനം ആചരിക്കുന്നത് ആളുകളെ നേരത്തെ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും പോകാന്‍ പ്രേരിപ്പിക്കുന്നു. എല്ലാവര്‍ക്കുമായി കാന്‍സര്‍ ചികിത്സയുടെ ലഭ്യതയെക്കുറിച്ചും ഈ ദിനം അവബോധം സൃഷ്ടിക്കുന്നു.

കാന്‍സര്‍ രോഗികള്‍ക്കും അതിജീവിച്ചവര്‍ക്കും വേണ്ടി നമുക്ക് എന്തു ചെയ്യാനാവുമെന്ന ആലോചനയും അതിനായുള്ള പ്രവൃത്തിയുമാണ് ഈ ദിനം നമ്മോടാവശ്യപ്പെടുന്നത്.
ദേശീയദിനം ആചരിക്കുന്നതോടൊപ്പം അര്‍ബുദത്തെ അതിജീവിക്കുന്നവരുടെ ദിനം ആഘോഷിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം പ്രാദേശികമായി സന്നദ്ധസേവനം നടത്തുകയും  കാന്‍സര്‍ അതിജീവിക്കുന്നവരെ സഹായിക്കുകയും ചെയ്യുക എന്നതാണ്.

സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും കാന്‍സര്‍ ചികിത്സ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സഹായിക്കുന്നതിന്, രോഗത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാനും സ്വയം ബോധവല്‍ക്കരിക്കാനും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന മറ്റു സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍ എന്നിവരുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനും നമുക്ക് കഴിയും. ഈ രോഗവുമായി ബന്ധപ്പെട്ട സാമൂഹിക കളങ്കവും ഭയവും ഇല്ലാതാക്കുകയെന്നത് പ്രധാനമാണ് .അതിന് വേണ്ടി നമുക്ക് ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കാം.

ഈ രോഗത്തെക്കുറിച്ച് കൂടുതലറിയാന്‍ കാന്‍സര്‍ രോഗികളോടും അവരുടെ കുടുംബാംഗങ്ങളോടും കാന്‍സര്‍ അതിജീവിച്ചവരോടും സംസാരിക്കാം. ഡോക്ടര്‍മാരോടും പാലിയേറ്റീവ് പ്രവര്‍ത്തകരോടും  കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാം..

ഈ ദിനത്തില്‍ മലയാളികള്‍ ഓര്‍മ്മിക്കുന്നത് ഇന്നസെന്റിനെയാണ്. തനിക്കും ഭാര്യ ആലീസിനും ബാധിച്ച അര്‍ബുദത്തിന്റെ പിടിയില്‍ നിന്ന് മാനസികബലം കൊണ്ട് അതിജീവിച്ച അദ്ദേഹത്തിന്റെ അനുഭവം ഓരോ രോഗിക്കും രോഗത്തെ അതിജീവിച്ചവര്‍ക്കും ഒരു പാഠപുസ്തകമാണ്.

കീമോ തെറാപ്പിയുടെ ക്ഷീണം, മുടികൊഴിച്ചില്‍ തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെട്ടിട്ടും ഇന്നസെന്റ് ഒരിക്കലും തന്റെ ആത്മവിശ്വാസം കൈവിട്ടില്ല. പകരം, പുസ്തകങ്ങള്‍ വായിക്കുന്നതിലും സിനിമ കാണുന്നതിലും കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സമയം ചെലവഴിക്കുന്നതിലും മുഴുകുകയായിരുന്നു അദ്ദേഹം. ഇടപഴകുന്നതില്‍ പോലും അദ്ദേഹത്തിന്റെ പോസിറ്റിവിറ്റിയും നര്‍മ്മവും ഡോക്ടര്‍മാരേയും നഴ്‌സുമാരേയും പോലും അതിശയിപ്പിച്ചു.
കാന്‍സറുമായുള്ള പോരാട്ടം ശക്തമായി തുടരാന്‍ അദ്ദേഹത്തിനെ സഹായിച്ചത്  ആത്മവിശ്വാസവും നര്‍മ്മബോധവും തന്നെയാണ്.

പാര്‍ലമെന്റേറിയനും നടനുമായിരുന്ന അദ്ദേഹം കാലയവനികക്കുള്ളില്‍ മറഞ്ഞെങ്കിലും ‘ കാന്‍സര്‍ വാര്‍ഡിലെ ചിരി ‘ എന്ന അദ്ദേഹത്തിന്റെ പുസ്തകം അതിജീവനം ആഗ്രഹിക്കുന്നവര്‍ക്കുള്ള പാഠപുസ്തകമായി ഇവിടെയുണ്ട്.

 

Latest