Kerala
കൃഷി ഓഫീസുകളിലെ ഒഴിവുകള്‍ നികത്തുന്നതും കാത്ത് ഉദ്യോഗാര്‍ഥികള്‍, ഒപ്പം കര്‍ഷകരും
കൃഷി ഓഫീസര്‍ തസ്തികയില്‍ 269 പ്രതീക്ഷിത ഒഴിവുകള്‍ ഉള്‍പ്പടെ 310 ഒഴിവുകളാണ് പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കൃഷി ഓഫീസര്‍ തസ്തികയുടെ മൂന്നിലൊന്നും ഒഴിഞ്ഞുകിടക്കുകയാണെന്ന് ഉദ്യോഗാര്‍ഥികളും വ്യക്തമാക്കുന്നു.
പത്തനംതിട്ട | സംസ്ഥാനത്തെ കൃഷി ഓഫീസുകളിലെ ഒഴിവുകള്‍ നികത്തുന്നതും കാത്തിരിക്കുകയാണ് ഉദ്യോഗാര്‍ഥികള്‍, ഒപ്പം കര്‍ഷകരും. കൃഷി ഓഫീസര്‍ തസ്തികയില്‍ 269 പ്രതീക്ഷിത ഒഴിവുകള്‍ ഉള്‍പ്പടെ 310 ഒഴിവുകളാണ് പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കൃഷി ഓഫീസര്‍ തസ്തികയുടെ മൂന്നിലൊന്നും സംസ്ഥാനത്ത് ഒഴിഞ്ഞുകിടക്കുകയാണെന്ന് ഉദ്യോഗാര്‍ഥികളും വ്യക്തമാക്കുന്നു. പി എസ് സി റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് എംപ്ലോയ്‌മെന്റ് മുഖേന 179 ദിവസത്തേക്ക് നിയമനം നടത്തിവരികയായിരുന്നു. ഈ കാലാവധി അവസാനിച്ചതോടെ ജോലി ചെയ്തിരുന്ന താത്ക്കാലികക്കാരെല്ലാം പിരിഞ്ഞുപോയി. വിവിധ ജില്ലകളില്‍ നിന്നുള്ളവര്‍ സ്വന്തം നാട്ടിലേക്ക് തിരികെപ്പോവുകയും ചെയ്തു. ഇതിനു തൊട്ടുപിന്നാലെ മൂന്ന് മാസംകൂടി ജോലി നീട്ടി നല്‍കിയ ഉത്തരവിറങ്ങിയെങ്കിലും പലരും ജോലിയില്‍ തിരികെക്കയറാന്‍ വിമുഖത കാണിച്ചു. ഇക്കാരണത്താലാണ് ഒഴിവുകള്‍ നിലനില്‍ക്കുന്നത്. ഡയറക്ടറേറ്റില്‍ ഇവ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ഒഴിവുകള്‍ നികത്താനായിട്ടില്ല.
കൃഷി ഓഫീസര്‍ തസ്തികയിലേക്ക് (കാറ്റഗറി നമ്പര്‍ -പി എസ് സി 475/2020 ) നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ ചുരുക്ക പട്ടിക ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ എ പ്രഭാകരന്‍ എം എല്‍ എയുടെ ചോദ്യത്തിന് മറുപടിയായി നല്‍കിയ രേഖയിലും പറയുന്നു. ഇതോടെ പി എസ് സി പരീക്ഷ കഴിഞ്ഞെങ്കിലും പുതിയ നിയമനം ആകുന്നതു വരെ കൃഷി ഓഫീസുകളില്‍ കസേരകള്‍ ഒഴിഞ്ഞുകിടക്കും. കര്‍ഷകരുടെ അപേക്ഷകളുടെ എണ്ണവും കുമിഞ്ഞുകൂടും. ഇപ്പോള്‍ ഒഴിവുകളുള്ള ഓഫീസുകളിലെ ചുമതല മറ്റു കൃഷി ഓഫീസര്‍മാര്‍ക്ക് നല്‍കിയിരിക്കുകയാണ്. സ്വന്തം ചുമതലയ്ക്കു പുറമേ ഒന്നും രണ്ടും ഓഫീസുകളുടെ കൂടെ ചുമതലയാണ് മിക്ക ഓഫീസര്‍മാര്‍ക്കുമുള്ളത്. രാവിലെയും ഉച്ചക്കുമായി മാറിമാറി ജോലി ചെയ്യേണ്ട അവസ്ഥയാണെന്ന് ഓഫീസര്‍മാര്‍ പറയുന്നു. ഇതിനിടയിലും ഇടക്കിടെയുള്ള ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കര്‍ഷകരും. കടലാസില്‍ മാത്രം ഒതുങ്ങുകയാണ് കര്‍ഷകരുടെ മിക്ക അപേക്ഷകളും. കനത്ത മഴയിലും വേനലിലും കൃഷി നശിച്ചാല്‍പോലും അവ പരിശോധിച്ചു കണക്കു രേഖപ്പെടുത്താന്‍ ആരുമില്ലാത്ത അവസ്ഥയാണ്. ഇനിയെങ്കിലും കൃഷി ഓഫീസില്‍ സ്ഥിരമായി ഉദ്യോഗസ്ഥര്‍ ഉണ്ടാകുമോ എന്നാണ് കര്‍ഷകര്‍ ഉറ്റുനോക്കുന്നത്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും പി എസ് സിയുടെ മെല്ലെപ്പോക്കു കാരണം പരീക്ഷ എഴുതിയ ഉദ്യോഗാര്‍ഥികള്‍ ഇപ്പോഴും പെരുവഴിയിലാണ്.