puthuppalli bye election
സ്ഥാനാർഥികൾ വോട്ട് രേഖപ്പെടുത്തി; ജനങ്ങളുടെ കോടതി തീരുമാനിക്കുമെന്ന് ചാണ്ടി, പുതിയ പുതുപ്പള്ളിയെ സൃഷ്ടിക്കുമെന്ന് ജെയ്ക്ക്
പുതുപ്പളളിയുടെ വികസനം തടസ്സപ്പെടുത്തിയത് ഈ സർക്കാറാണെന്നും ചാണ്ടി ഉമ്മൻ. വികസന സംവാദത്തിൽ നിന്ന് ഒളിച്ചോടിയത് യു ഡി എഫ് ആണെന്ന് ജെയ്ക്ക്
കോട്ടയം | പുതുപ്പളളി ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രധാന മുന്നണികളുടെ സ്ഥാനാർഥികൾ വോട്ട് രേഖപ്പെടുത്തി. എൽ ഡി എഫ് സ്ഥാനാർഥി ജെയ്ക് സി തോമസ് മണർക്കാട് എൽ പി സ്കൂളിൽ എത്തി ആദ്യം വോട്ട് രേഖപ്പെടുത്തി. 50 മിനുട്ടോളം വരിയിൽ നിന്ന ശേഷമാണ് അദ്ദേഹം വോട്ട് ചെയ്തത്. പുതുപ്പള്ളി പഞ്ചായത്തിലെ ജോര്‍ജിയന്‍ സ്‌കൂളിലെ 126ാം ബൂത്തിലെത്തിയാണ് ചാണ്ടി ഉമ്മൻ കുടുംബത്തോടൊപ്പം വോട്ട് ചെയ്തത്. എൻ ഡി എ സ്ഥാനാർഥിക്ക് പുതുപ്പള്ളിയിൽ വോട്ടില്ല.
മണർക്കാട് പളളിയിലെത്തി പിതാവിന്റെ കല്ലറയിൽ പോയി പ്രാർഥിച്ച ശേഷമാണ് ജെയ്ക്ക് വോട്ട് ചെയ്യാനെത്തിയത്. വികസന സംവാദത്തിൽ നിന്ന് ഒളിച്ചോടിയത് യു ഡി എഫ് ആണെന്ന് അദ്ദേഹം പറഞ്ഞു. ഈ വോട്ടെടുപ്പ് പുതിയ പുതുപ്പളളിയെ സൃഷ്ടിക്കും. തികഞ്ഞ വിജയ പ്രതീക്ഷയുണ്ട്. ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദത്തിലെ ഓഡിയോ ക്ലിപ്പിനെതിരെ പരാതി കൊടുക്കാൻ യു ഡി എഫ് തയ്യാറാണോയെന്നും കോൺഗ്രസ് നേതാക്കൾ തന്നെയാണ് ഓഡിയോ ചോർത്തിയതെന്നും കോൺഗ്രസ് നേതാക്കളുടെ സംഭാഷണമാണെന്നും ജെയ്ക് പറഞ്ഞു.
അതിരാവിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തിയും പുതുപ്പളളി പളളിയിലെത്തിയും പ്രാർഥിച്ചാണ് ചാണ്ടി ഉമ്മൻ്റെ പോളിംഗ് ദിവസം തുടങ്ങിയത്. തുടർന്ന് ഏതാനും ബൂത്തുകൾ സന്ദർശിച്ചു. ഉമ്മൻ ചാണ്ടിയുടെ പാത പിന്തുടരാൻ ശ്രമിക്കുമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. എന്നാൽ അദ്ദേഹത്തെ പോലെയാകാൻ പറ്റുമോയെന്ന് അറിയില്ല. ജനങ്ങളുടെ കോടതിയിൽ ഇന്ന് എല്ലാം തീരുമാനിക്കും. വികസനം ചർച്ച ചെയ്യണമെന്ന് പറഞ്ഞവർ എന്താണ് ചെയ്തത്. വ്യക്തി അധിക്ഷേപത്തിലേക്ക് അധഃപതിച്ചതെന്തിനെന്നും ചാണ്ടി ഉമ്മൻ ചോദിച്ചു. പുതുപ്പളളിയുടെ വികസനം തടസ്സപ്പെടുത്തിയത് ഈ സർക്കാറാണെന്നും ചാണ്ടി ഉമ്മൻ കുറ്റപ്പെടുത്തി.