Ongoing News
കഞ്ചാവ് കേസ്: പ്രതികള്‍ക്ക് അഞ്ചുവര്‍ഷം കഠിനതടവ്
കോട്ടയം മണിമല മൂക്കട കാവല്‍ പുളിക്കല്‍ വീട്ടില്‍ ബിജുമോന്‍ രാഘവന്‍ (38), മണിമല എ കെ കവല മൂക്കട കിഴക്കെപുറത്തു കുടിയില്‍ വീട്ടില്‍ കെ കെ സാബു (52 )എന്നിവരെയാണ് ശിക്ഷിച്ചത്.

പത്തനംതിട്ട | കഞ്ചാവ് കേസില്‍ പ്രതികള്‍ക്ക് അഞ്ചുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും. കോട്ടയം മണിമല മൂക്കട കാവല്‍ പുളിക്കല്‍ വീട്ടില്‍ ബിജുമോന്‍ രാഘവന്‍ (38), മണിമല എ കെ കവല മൂക്കട കിഴക്കെപുറത്തു കുടിയില്‍ വീട്ടില്‍ കെ കെ സാബു (52 )എന്നിവരെയാണ് ശിക്ഷിച്ചത്. പത്തനംതിട്ട അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി-2 ജഡ്ജി എസ് ശ്രീരാജാണ് ശിക്ഷാ ഉത്തരവ് പുറപ്പെടുവിച്ചത്. പിഴ അടച്ചില്ലെങ്കില്‍ അഞ്ചുമാസത്തെ അധിക തടവുകൂടി അനുഭവിക്കണം.
മൂന്നാം പ്രതി മണിയപ്പനെ കോടതി വെറുതെവിട്ടു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി ആര്‍ അനില്‍കുമാര്‍ ഹാജരായി. 2.900 കിലോ ഗ്രാം കഞ്ചാവ് വില്‍പനക്കായി രണ്ടാം പ്രതിയുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയില്‍ ഒന്നും രണ്ടും പ്രതികള്‍ ചേര്‍ന്ന് കൊണ്ടുപോകുന്നത് പോലീസിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. 2022 ജൂലൈ നാലിന് രാത്രി കൊല്ലമുള കൂത്താട്ടുകുളം-കാക്കനാട്ട് പടിയില്‍വച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്.
അന്നത്തെ വെച്ചൂച്ചിറ എസ് ഐ. ജി സണ്ണികുട്ടിയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പോലീസ് ഇന്‍സ്പെക്ടര്‍ ജര്‍ലിന്‍ വി സ്‌കറിയ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എ എസ് ഐ. അന്‍സാരിയും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.