Kerala
കൊടുവള്ളിയില്‍ റോഡരികില്‍ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി; എക്‌സൈസ് കേസെടുത്തു
ഇതുവഴി ബൈക്കില്‍ സഞ്ചരിച്ച യുവാക്കളാണ് ചെടികള്‍ കണ്ട് പോലീസിനെ വിവരം അറിയിച്ചത്. തൊണ്ടിമുതലായ ചെടികള്‍ കസ്റ്റഡിയിലെടുത്തു.

കോഴിക്കോട്|കോഴിക്കോട് കൊടുവള്ളി ദേശീയപാതയോരത്ത് നിന്നും പൂര്‍ണ വളര്‍ച്ചയെത്തിയ രണ്ട് കഞ്ചാവ് ചെടികള്‍ കണ്ടെത്തി. ഇതുവഴി ബൈക്കില്‍ സഞ്ചരിച്ച പ്രഫുലും സുഹൃത്തായ ഫായിസുമാണ് ചെടികള്‍ കണ്ടത്. കഞ്ചാവ് ചെടികള്‍ തന്നെയാണെന്ന് നെറ്റില്‍ സെര്‍ച്ച് ചെയ്ത് ഉറപ്പാക്കിയശേഷം ഇവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വെണ്ണക്കാട് തൂക്കുപാലത്തിന് സമീപം റോഡരികിലാണ് 130 സെന്റി മീറ്റര്‍ വരെ വളര്‍ച്ചയെത്തിയ ചെടികള്‍ കണ്ടെത്തിയത്.
ചെടി നട്ടുവളര്‍ത്തിയതല്ലെന്നാണ് നിഗമനം. വളമിട്ടതായോ പരിപാലിച്ചതോ ആയി തെളിവില്ലെന്ന് അധികൃതര്‍ അറിയിച്ചു. റോഡരികില്‍ ഉപേക്ഷിച്ച കഞ്ചാവ് വിത്ത് മുളച്ചതോ പക്ഷികള്‍ കൊണ്ടിട്ടതോ ആകാമെന്നാണ് നിഗമനം. അതേസമയം പ്രതികള്‍ ഇല്ലെങ്കിലും താമരശ്ശേരി എക്‌സൈസ് കേസെടുത്തു. തൊണ്ടിമുതലായ ചെടികള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.