Connect with us

Ongoing News

പത്ത് വർഷമായി കഞ്ചാവ് കടത്തുന്നയാള്‍ പിടിയില്‍

ഒന്നാം പ്രതി മണിയപ്പന്‍ വെച്ചൂച്ചിറ, റാന്നി, പെരുമ്പാവൂര്‍ പോലീസ് സ്‌റ്റേഷനുകളില്‍ കഞ്ചാവ് കടത്തിയതിന് പ്രതിയാണ്.

Published

|

Last Updated

പത്തനംതിട്ട | പത്ത് വര്‍ഷത്തോളമായി കഞ്ചാവ് കടത്തലില്‍ ഏര്‍പ്പെടുകയും നിരവധി തവണ പിടിക്കപ്പെടുകയും ചെയ്തയാള്‍ ഉള്‍പ്പെടെ മൂന്ന് പേരെ ഡാന്‍സാഫ് സംഘവും വെച്ചൂച്ചിറ പോലീസും ചേര്‍ന്ന് പിടികൂടി. വെച്ചൂച്ചിറ ചെമ്പനോലി തകിടിയില്‍ വീട്ടില്‍ മണിയപ്പന്‍ (65), കൊല്ലമുള മണ്ണടിശാല കുന്നനോലില്‍ വീട്ടില്‍ ഷെനില്‍കുമാര്‍ (40), അത്തിക്കയം നാറാണം മൂഴി പുത്തന്‍പുരയില്‍ വീട്ടില്‍ സന്തോഷ് എന്ന സെബാസ്റ്റ്യന്‍ ഡിക്രൂസ് (47) എന്നിവരാണ്  വെച്ചൂച്ചിറ പോലീസുമായി ചേര്‍ന്ന് സംയുക്തമായി നടന്ന പരിശോധനയില്‍ കൂത്താട്ടുകുളത്തു വച്ച് പിടിയിലായത്.

ഇവരില്‍ നിന്നും 222  ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇവര്‍ സഞ്ചരിച്ച ഓട്ടോയും പിടിച്ചെടുത്തു. മൂന്നാം പ്രതി സെബാസ്റ്റ്യന്‍ ഡിക്രൂസ് ആണ് ഓട്ടോ ഓടിച്ചത്. ഇയാളുടെ  ഉടമസ്ഥതയിലുള്ളതാണ് ഓട്ടോറിക്ഷ. ഒന്നാം പ്രതിയുടെ മടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. മൂന്ന് മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു. ഒന്നാം പ്രതി മണിയപ്പന്‍ വെച്ചൂച്ചിറ, റാന്നി, പെരുമ്പാവൂര്‍ പോലീസ് സ്‌റ്റേഷനുകളില്‍ കഞ്ചാവ് കടത്തിയതിന് പ്രതിയാണ്. മേഖലയില്‍ വില്‍ക്കുന്നതിനുവേണ്ടി കൊണ്ടുവന്നതാണെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു. കൂത്താട്ടുകുളം മടന്തമണ്‍ പാതയില്‍ കാക്കനാട്ടുപടിയില്‍ വച്ച് ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടുവന്ന മൂന്ന് കിലോയോളം കഞ്ചാവ് ഡാന്‍സാഫ് സംഘം പിടികൂടിയിരുന്നു. അറസ്റ്റിലായ പ്രതികളായ ബിജുമോന്‍, സാബു എന്നിവരെ ചോദ്യം ചെയ്തപ്പോള്‍, അന്ന് കടത്തിയ കഞ്ചാവ് മണിയപ്പനുവേണ്ടി കൊണ്ടുവന്നതാണെന്നും പ്രതികള്‍ സമ്മതിച്ചിരുന്നു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തില്‍ അന്നെടുത്ത കേസില്‍ മണിയപ്പനെയും പ്രതിയായി ഉള്‍പ്പെടുത്തും.

രണ്ട് മാസത്തോളം തുടര്‍ന്ന നിരീക്ഷണത്തിനൊടുവിലാണ് അന്ന് കഞ്ചാവ് പിടികൂടാനായത്. ഇതിനുശേഷം കഞ്ചാവിന്റെ ജില്ലയിലേക്കുള്ള വരവ് കുറഞ്ഞതാണ്. തമിഴ്നാട്ടില്‍ നിന്നും സംഘടിപ്പിച്ചുകൊണ്ടുവന്നതാണ് ഇപ്പോള്‍ പിടിച്ചെടുത്ത കഞ്ചാവ്. ബിജുമോനും സാബുവും അറസ്റ്റിലായതറിഞ്ഞു മുങ്ങിയ മണിയപ്പനുവേണ്ടി അന്നുമുതല്‍  ഡാന്‍സാഫ് സംഘം വലവിരിച്ച് കാക്കുകയായിരുന്നു. ഇയാള്‍ തമിഴ്നാട്ടില്‍നിന്നും കഞ്ചാവുമായി എത്തുന്നുണ്ടെന്ന രഹസ്യ വിവരം ജില്ലാ പോലീസ് മേധാവി കൈമാറിയത്തിനെതുടര്‍ന്ന് പരിശോധന ശക്തമാക്കിയപ്പോള്‍  കൂട്ടാളികള്‍ക്കൊപ്പം പോലീസിന്റെ വലയില്‍ കുടുങ്ങുകയാണുണ്ടായത്. കഴിഞ്ഞ മാസം 22ന് 36 ഗ്രാം കഞ്ചാവുമായി  മണിയപ്പനെ ഡാന്‍സാഫ് സംഘം പിടികൂടിയിരുന്നെങ്കിലും ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും സജീവമായി.

അളവ് ഒരു കിലോഗ്രാമില്‍ താഴെയുള്ളൂവെങ്കില്‍ കോടതിയില്‍ ജാമ്യം കിട്ടുമെന്നറിയാവുന്നതിനാല്‍, കഞ്ചാവ് കുറേശ്ശേയായി പലസ്ഥലങ്ങളില്‍ സൂക്ഷിച്ചുവച്ചശേഷം കടത്തിക്കൊണ്ടുവരികയാണ് പതിവ്. ഡാന്‍സാഫ് സംഘത്തിലെ എസ് ഐ അജി സാമൂവലിനെ കൂടാതെ അംഗങ്ങളായ അജികുമാര്‍, സി പി ഓമാരായ മിഥുന്‍ ജോസ്, ശ്രീരാജ്, അഖില്‍, ബിനു, എന്നിവരും വെച്ചൂച്ചിറ എസ് ഐ സണ്ണിക്കുട്ടിയ്‌ക്കൊപ്പം എസ് സി പി ഓ ജോസ്, സി പി ഓ അലക്‌സ് എന്നിവരുമാണ് റെയ്ഡില്‍ പങ്കെടുത്തത്.

Latest