Connect with us

National

ആത്മാഭിമാനത്തിന് വിരുദ്ധമായി പ്രവർത്തിക്കാൻ കഴിയില്ല; തുറന്ന കോടതിയിൽ രാജിവെച്ച് ബോംബെ ഹൈക്കോടതി ജഡ്ജി

നാഗ്പൂർ ബെഞ്ചിലെ ജഡ്ജി ജസ്റ്റിസ് രോഹിത് ദിയോയാണ് രാജിവച്ചത്.

Published

|

Last Updated

മുംബൈ | ബോംബെ ഹൈക്കോടതിയിലെ മുതിർന്ന രണ്ടാമത്തെ ജഡ്ജി തുറന്ന കോടതിയിൽ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചു. നാഗ്പൂർ ബെഞ്ചിലെ ജഡ്ജി ജസ്റ്റിസ് രോഹിത് ദിയോയാണ് രാജിവച്ചത്. ജസ്റ്റിസ് എം.ഡബ്ല്യു ചാന്ദ്വാനിക്കൊപ്പം ഡിവിഷൻ ബെഞ്ച് അധ്യക്ഷനായ ജസ്റ്റിസ് ഡിയോ ഉച്ചയ്ക്ക് 12 മണിക്ക് തുറന്ന കോടതിയിൽ രാജി പ്രഖ്യാപിക്കുകയായിരുന്നു. ആത്മാഭിമാനത്തിന് വിരുദ്ധമായി പ്രവർത്തിക്കാൻ തനിക്ക് കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ജഡ്ജിയുടെ രാജി പ്രഖ്യാപനമെന്ന് ആ സമയം കോടതിയിൽ ഹാജരായ അഭിഭാഷകർ പറഞ്ഞു.

“കോടതിയിൽ ഹാജരായവരേ, നിങ്ങളോരോരുത്തരോടും ഞാൻ മാപ്പ് ചോദിക്കുന്നു. നിങ്ങൾ നന്നാവണം എന്നാഗ്രഹിച്ചതുകൊണ്ടാണ് ഞാൻ നിങ്ങളെ ശകാരിച്ചത്. നിങ്ങളിൽ ആരെയും വേദനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, കാരണം നിങ്ങളെല്ലാവരും എനിക്ക് ഒരു കുടുംബം പോലെയാണ്, ഞാൻ രാജി സമർപ്പിച്ചുവെന്ന് നിങ്ങളോട് പറയുന്നതിൽ ഖേദമുണ്ട്. എന്റെ ആത്മാഭിമാനത്തിന് വിരുദ്ധമായി പ്രവർത്തിക്കാൻ എനിക്ക് കഴിയില്ല. നിങ്ങൾ കഠിനാധ്വാനം ചെയ്യുന്നു” – ജഡ്ജി പറഞ്ഞതായി അഭിഭാഷകർ പറഞ്ഞു. ജസ്റ്റിസ് ദിയോ തുറന്ന കോടതിയിൽ നടത്തിയ പ്രസ്താവനകൾ നാഗ്പൂരിലെ ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വക്കേറ്റ് അതുൽ പാണ്ഡെ സ്ഥിരീകരിച്ചു.

മാവോയിസ്റ്റ് ബന്ധം സംബന്ധിച്ച കേസിൽ ഡൽഹി സർവകലാശാല മുൻ പ്രൊഫസർ ജിഎൻ സായിബാബയേയും മറ്റ് അഞ്ച് പേരെയും ജസ്റ്റിസ് ഡിയോയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് വെറുതെവിട്ടിരുന്നു. എന്നാൽ വിഷയം മറ്റൊരു ബെഞ്ചിന് വിടാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു.

1963 ഡിസംബർ 5 ന് ജനിച്ച ജസ്റ്റിസ് ദേവ്, 2017 ജൂണിൽ ഹൈക്കോടതി ജഡ്ജിയാകുന്നതിന് മുമ്പ് മഹാരാഷ്ട്രയുടെ അഡ്വക്കേറ്റ് ജനറലായി സേവനമനുഷ്ഠിച്ചു. 2025 ഡിസംബർ നാല് വരെ അദ്ദേഹത്തിന് സർവീസ് ബാക്കിയുണ്ടായിരന്നു.

 

 

Latest