punjab congress issue
സിദ്ധു മുഖ്യമന്ത്രിയാവുന്നത് പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് ക്യാപ്റ്റന്‍ അമരിന്ദര്‍ സിംഗ്
മൂന്നാഴ്ച മുമ്പ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയോട് താന്‍ സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു
ന്യൂഡല്‍ഹി | നാലുമാസത്തിനപ്പുറം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സിദ്ധുവിനെതിരെ ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത് ഏത് വിധേനയും തടയുമെന്നും മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. നവജ്യോത് സിംഗ് സിദ്ധു മുഖ്യമന്ത്രിയുവുന്നത് പല്ലും നഖവും ഉപയോഗിച്ച് തടയുമെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്നാഴ്ച മുമ്പ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയോട് താന്‍ സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു. എന്നാല്‍ അനുഭവ പരിചയമില്ലാത്ത തെറ്റിദ്ധരിക്കപ്പെട്ട രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമാണ് തന്റെ സ്ഥാനം പോയതിന് പിന്നിലെന്നും അമരിന്ദര്‍ സിംഗ് വ്യക്തമാക്കി.
അപകടകാരിയായ മനുഷ്യനാണ് സിദ്ധു. അദ്ദേഹം സംസ്ഥാനത്തിന് ആപത്താണ്. ഇത്തരത്തിലൊരാള്‍ സംസ്ഥാന മുഖ്യമന്ത്രിയാവുന്നത് തടയാന്‍ 2022 തിരഞ്ഞെടുപ്പില്‍ ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തും എന്ന് ആദ്ദേഹം പ്രതികരിച്ചു. തന്റെ രാഷ്ട്രീയ ഭാവി തുറന്നിട്ടിരിക്കുകയാണ്. തീരുമാനത്തിലെത്തും മുമ്പ് സുഹൃത്തുക്കളോട് സംസാരിക്കുകയാണ്. ഒരാള്‍ക്ക് 40-ാം വയസ്സിലും വൃദ്ധനാവാം അത് 80-ാം വയസ്സിലും വൃദ്ധനാവാമെന്ന്, തനിക്കെതിരെയുള്ള പ്രായക്കൂടുതല്‍ എന്ന പ്രചരണത്തെ എതിര്‍ത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഗാന്ധി കുഞ്ഞുങ്ങള്‍ അനുഭവ പരിചയമില്ലാത്തവരാണ്. ഉപദേശകര്‍ അവരെ വഴിതെറ്റിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.