Connect with us

asia cup

ശ്രീലങ്കയോടും തോല്‍വി; ഏഷ്യാകപ്പില്‍ ഇന്ത്യൻ സാധ്യത മങ്ങി

ആറ് വിക്കറ്റിനാണ് ലങ്കന്‍ ജയം.

Published

|

Last Updated

ദുബൈ | നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയോട് തോറ്റ് ഇന്ത്യ ഏഷ്യാ കപ്പില്‍ നിന്ന് പുറത്താകലിൻ്റെ വക്കിൽ. അവസാനം വരെ സാധ്യത മാറിമറിഞ്ഞ മത്സരത്തിൽ ആറ് വിക്കറ്റിനാണ് ലങ്കന്‍ ജയം. ശ്രീലങ്കയുടെ പഥും നിസ്സങ്ക, കുശാല്‍ മെന്‍ഡിസ് എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. എട്ട് വിക്കറ്റ് നഷ്ടത്തിൽ 173 റണ്‍സാണ് ഇന്ത്യയെടുത്തത്. ശ്രീലങ്ക ഒരു ബോൾ ബാക്കി നിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്ത് ലക്ഷ്യംകണ്ടു.

ലങ്കന്‍ ഓപണിംഗ് കൂട്ടുകെട്ടില്‍ 97 റണ്‍സാണ് പിറന്നത്. നിസ്സങ്ക 52ഉം മെന്‍ഡിസ് 57ഉം റണ്‍സെടുത്തു. ഇരുവര്‍ക്കും ശേഷം രണ്ട് വിക്കറ്റുകള്‍ തുടരെ വീണെങ്കിലും ക്യാപ്റ്റന്‍ ദാസുന്‍ ശനകയും ഭാനുക രജപക്‌സെയും ചേര്‍ന്ന് ലങ്കക്ക് വിജയം സമ്മാനിക്കുകയായിരുന്നു. രജപക്‌സെ 25ഉം ശനക 33ഉം റണ്‍സെടുത്തു. യുസ്വേന്ദ്ര ചാഹല്‍ മൂന്ന് വിക്കറ്റെടുത്തു. അശ്വിനാണ് ഒരു വിക്കറ്റ്.

ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. രോഹിത് ശര്‍മ അര്‍ധ സെഞ്ചുറി (41 ബോളില്‍ 72 റണ്‍സ്) നേടി. സൂര്യകുമാര്‍ യാദവ് 29 ബോളില്‍ 34 റണ്‍സെടുത്തു. ഓപണര്‍ കെ എല്‍ രാഹുല്‍ ആറ് റണ്‍സ് മാത്രമാണെടുത്തത്. ഏഷ്യാ കപ്പില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ച വിരാട് കോലി പക്ഷേ സംപൂജ്യനായി. ഹര്‍ദിക് പാണ്ഡ്യ 17ഉം റിഷഭ് പന്ത്  17ഉം ആർ അശ്വിൻ  15ഉം റണ്‍സെടുത്തു. പതിവുപോലെ മധ്യനിര നിരാശപ്പെടുത്തി.

ലങ്കന്‍ ബോളിംഗ് നിരയില്‍ ദില്‍ഷന്‍ മാദുശങ്ക മൂന്നും ദാസുന്‍ ശനക, ചാമിക കരുണരത്‌നെ എന്നിവര്‍ രണ്ട് വീതവും വിക്കറ്റെടുത്തു. മഹീഷ് തീക്ഷണ ഒരു വിക്കറ്റ് വീഴ്ത്തി. സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനോട് പരാജയപ്പെട്ടിരുന്നു.

Latest