National
ക്യാപ്റ്റന്‍ വരുണ്‍ സിംഗിന്റെ ആരോഗ്യ നിലയില്‍ പുരോഗതി; ശുഭസൂചനയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി കര്‍ണാടക മുഖ്യമന്ത്രി
നിലവില്‍ ബെംഗളുരു എയര്‍ഫോഴ്‌സ് കമാന്‍ഡ് ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് വരുണ്‍ സിങ്.
ബെംഗളുരു| സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയതായി റിപ്പോര്‍ട്ട്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് ശുഭവാര്‍ത്ത മാധ്യമങ്ങളെ അറിയിച്ചത്. വരുണ്‍ സിങ്ങിന്റെ ആരോഗ്യനിലയിലുണ്ടായ പുരോഗതി വലിയ ശുഭസൂചനയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി ബസവരാജ് ബൊമ്മൈ വ്യക്തമാക്കി. നിലവില്‍ ബെംഗളുരു എയര്‍ഫോഴ്‌സ് കമാന്‍ഡ് ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് വരുണ്‍ സിങ്.
ഹെലികോപ്ടര്‍ അപകടത്തെ തുടര്‍ന്ന് ഊട്ടി വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വരുണ്‍ സിങ്ങിന് 80 ശതമാനം പൊള്ളലേറ്റതായാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍, 80 ശതമാനം പൊള്ളലേറ്റിട്ടില്ലെന്നും വരുണ്‍ സിങ്ങിന് ജീവിതത്തിലേക്ക് തിരികെ എത്താന്‍ സാധിക്കുമെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹ് ലോട്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവര്‍ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി ആരോഗ്യ വിവരങ്ങള്‍ ആരാഞ്ഞിരുന്നു. കൂടാതെ, വരുണ്‍ സിങ്ങിന്റെ പിതാവും റിട്ട. കേണലുമായ കെ.പി. സിങ്ങും സഹോദരനും നാവിക ഉദ്യോഗസ്ഥനുമായ തനൂജും ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ബുധനാഴ്ചയാണ് കുനൂരിന് സമീപം സൈനിക ഹെലികോപ്ടര്‍ തകര്‍ന്നു വീണത്. ഹെലികോപ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ വരുണ്‍ സിങ്ങിനെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മെച്ചപ്പെട്ട ചികിത്സക്കായി ബെംഗളുരു എയര്‍ഫോഴ്‌സ് കമാന്‍ഡ് ഹോസ്പിറ്റലിലേക്ക് മാറ്റി. അപകടത്തില്‍ രാജ്യത്തിന്റെ പ്രഥമ സംയുക്ത സേന മേധാവി ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും ഉള്‍പ്പെടെ 13 പേരാണ് മരിച്ചത്.