Kerala
വാഹനാപകടം; അവകാശികള്‍ക്ക് അപേക്ഷിച്ചതിലും കൂടുതല്‍ നഷ്ടപരിഹാരം വിധിച്ച് കോടതി
ന്യായമായ നഷ്ടപരിഹാരം എന്നത് സാഹചര്യമനുസരിച്ച് ഹരജിക്കാര്‍ക്കുണ്ടായ നഷ്ടത്തിന് സമാനമായിരിക്കണമെന്ന് കേരള ഹൈക്കോടതി 2020 ല്‍ പുറപ്പെടുവിച്ച വിധിയുടെ തത്വങ്ങള്‍ പാലിച്ചുകൊണ്ടാണ് ഉയര്‍ന്ന നഷ്ടപരിഹാരത്തിന് കോടതി ഉത്തരവിട്ടത്.
പത്തനംതിട്ട | വാഹനാപകടത്തില്‍ മരിച്ച അലൂമിനിയം ഫേബ്രിക്കേഷന്‍ ജോലിക്കാരന്‍ കിരണ്‍കുമാറിന്റെബന്ധുക്കള്‍ 26.92 ലക്ഷം ആവശ്യപ്പെട്ട ഹരജിയില്‍ 36.28 ലക്ഷം നഷ്ടപരിഹാരം അനുവദിച്ചുകൊണ്ട് പത്തനംതിട്ട മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ ജഡ്ജി ജി പി ജയകൃഷ്ണന്‍ ഉത്തരവിട്ടു. ന്യായമായ നഷ്ടപരിഹാരം എന്നത് സാഹചര്യമനുസരിച്ച് ഹരജിക്കാര്‍ക്കുണ്ടായ നഷ്ടത്തിന് സമാനമായിരിക്കണമെന്ന് കേരള ഹൈക്കോടതി 2020 ല്‍ പുറപ്പെടുവിച്ച വിധിയുടെ തത്വങ്ങള്‍ പാലിച്ചുകൊണ്ടാണ് ഉയര്‍ന്ന നഷ്ടപരിഹാരത്തിന് കോടതി ഉത്തരവിട്ടത്.
2019 സെപ്റ്റംബറില്‍ വെണ്ണിക്കുളത്തുണ്ടായ വാഹനാപകടത്തില്‍ മരിച്ച കിരണ്‍കുമാറി(22)ന്റെ അവകാശികളായ അമ്മയും രണ്ടു സഹോദരിമാരും ചേര്‍ന്ന് അഡ്വ. പീലിപ്പോസ് തോമസ്, അഡ്വ. റ്റി എം വേണുഗോപാല്‍ എന്നിവര്‍ മുഖേന നല്‍കിയ അപേക്ഷയിലാണ് കോടതിവിധി. ന്യൂ ഇന്‍ഡ്യാ ഇന്‍ഷ്വറന്‍സ് കമ്പനി പലിശ ഉള്‍പ്പെടെ 57.62 ലക്ഷം കെട്ടിവയ്ക്കാന്‍ എം എ സി റ്റി കോടതി നിര്‍ദ്ദേശിച്ചു.