Kasargod
മഞ്ചേശ്വരം വാമഞ്ചൂരില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്
നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

കാസര്‍കോട് | മഞ്ചേശ്വരം വാമഞ്ചൂരില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ബായിക്കട്ട സ്വദേശി ജനാര്‍ദനന്‍, മകന്‍ അരുണ്‍, മംഗലാപുരം സ്വദേശി കിരണ്‍ എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരുക്കേറ്റ കര്‍ണാടക ഉപ്പിനങ്ങാടി സ്വദേശി രത്തനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ മംഗല്‍പാടി ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ രാത്രി 10.45 ഓടെയാണ് അപകടം. ചെക്ക് പോസ്റ്റിനു സമീപത്തുള്ള പാലത്തിന്റെ കൈവരിയിലേക്കും ഡിവൈഡറിലേക്കും നിയന്ത്രണം വിട്ട കാര്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍പ്പെട്ട കാറിനുള്ളില്‍ ഉണ്ടായിരുന്നവര്‍ മംഗളൂരുവിലേക്ക് പോവുകയായിരുന്നു എന്നാണ് വിവരം. 50 മീറ്റോളം ദൂരം കൈവരി ഇടിച്ച് തകര്‍ത്ത് കാര്‍ മുന്നോട്ട് പോയി.
റോഡില്‍ കാറിന്റെ ഭാഗങ്ങള്‍ ചിതറിക്കിടക്കുകയാണ്. അപകടത്തില്‍ മരിച്ച മൂന്ന് പേരും കാറില്‍ നിന്ന് റോഡിലേക്ക് തെറിച്ച് വീണ നിലയിലായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി.