Kerala
ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ കാര്‍ കണ്ടെത്തിയില്ല
കാറിന്റെ ഡോറില്‍ കൈകുടുക്കി മാതനെ റോഡിലൂടെ വലിച്ചിഴയ്ക്കുന്ന നടുക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു.
മാനന്തവാടി | ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ കാര്‍ കണ്ടെത്തിയില്ല. കൂടല്‍കടവ് ചെമ്മാട് നഗറിലെ മാതനെ അരകിലോമീറ്ററോളം റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. കാറിന്റെ ഡോറില്‍ കൈകുടുക്കി മാതനെ റോഡിലൂടെ വലിച്ചിഴയ്ക്കുന്ന നടുക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു.
സംഭവത്തില്‍ കാറിന്റെ ആര്‍ സി ഉടമയെ തിരിച്ചറിഞ്ഞിട്ടുണ്ട്. കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റിയാസാണ് വാഹനത്തിന്റെ ആര്‍ സി ഉടമയെന്നാണ് രേഖകളില്‍ നിന്ന് വ്യക്തമായത്. എന്നാല്‍ സംഭവം നടക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് റിയാസ് ആണോ എന്നതില്‍ വ്യക്തതയില്ല. അഞ്ച് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. മൂന്നുപേര്‍ പിറകിലും രണ്ട് പേര്‍ മുന്‍സീറ്റിലുമായിരുന്നുവെന്നാണ് വിവരം.
മാനന്തവാടി പുല്‍പള്ളി റോഡില്‍ ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കെ എല്‍ 52 എച്ച് 8733 കാറിലാണ് സംഘമെത്തിയത്. ഇവരെ പിടികൂടാനായിട്ടില്ല. സംഭവത്തില്‍ അരയ്ക്കും കൈകാലുകള്‍ക്കും സാരമായി പരിക്കേറ്റ മാതനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
കൂടല്‍ കടവ് ചെക്ക് ഡാം കാണാന്‍ എത്തിയ വിനോദ സഞ്ചാരികളുമായുണ്ടായ വാക്ക് തര്‍ക്കമാണ് മാതനെ റോഡിലൂടെ വലിച്ചിഴക്കാന്‍ കാരണമെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.രണ്ട് കാറുകളില്‍ എത്തിയ വിനോദ സഞ്ചാരികളാണ് വലിച്ചിഴച്ചതെന്നും നാട്ടുകാര്‍ പറയുന്നു.