Business
2022 ഏപ്രില്‍ മുതല്‍ കാര്‍ വില വര്‍ധിക്കും: മാരുതി സുസുക്കി ഇന്ത്യ
വിവിധ ഇന്‍പുട്ട് ചെലവുകളിലെ വര്‍ധനയാണ് വാഹന വില വര്‍ധിപ്പിക്കാന്‍ കാരണം.
ന്യൂഡല്‍ഹി| രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ, 2022 ഏപ്രിലില്‍ വാഹന വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ (ബിഎസ്ഇ) റെഗുലേറ്ററി ഫയലിംഗ് അനുസരിച്ച്, ഈ മാസം അവസാനത്തോടെ കാര്‍ നിര്‍മ്മാതാവ് വില വര്‍ധന ആസൂത്രണം ചെയ്തിട്ടുണ്ട്. വിലയിലെ വര്‍ധന എത്രയായിരിക്കുമെന്ന് മാരുതി വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, വിവിധ മോഡലുകള്‍ക്ക് വര്‍ധനവ് വ്യത്യാസപ്പെടുമെന്ന് കമ്പനി അറിയിച്ചു. വിവിധ ഇന്‍പുട്ട് ചെലവുകളിലെ വര്‍ധനയാണ് വാഹന വില വര്‍ധിപ്പിക്കാന്‍ കാരണമെന്ന് ഇന്തോ-ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.
2022ല്‍ കമ്പനി പ്രഖ്യാപിക്കുന്ന രണ്ടാമത്തെ വില വര്‍ധനയാണിത്. ജനുവരിയില്‍, മാരുതി സുസുക്കി ഇന്ത്യയില്‍ അതിന്റെ മോഡല്‍ ലൈനപ്പിലുടനീളം കാര്‍ വില 1.7 ശതമാനം വര്‍ധിപ്പിച്ചിരുന്നു. മാരുതി സുസുക്കി നിലവില്‍ ഇലക്ട്രോണിക് ഘടകങ്ങളുടെ ക്ഷാമം നേരിടുന്നുണ്ട്. അത് വാഹന ഉല്‍പ്പാദനത്തെ ബാധിക്കുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ മൊത്തം വില്‍പ്പന 16,52,653 യൂണിറ്റായിരുന്നു. 2020-21 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 13.4 ശതമാനം വളര്‍ച്ചയാണ് കമ്പനി കൈവരിച്ചത്. 2022 മാര്‍ച്ചില്‍, മാരുതി സുസുക്കിയുടെ മൊത്തം വില്‍പ്പന 170,395 യൂണിറ്റായിരുന്നു.