Kerala
കാറിന്റെ ചില്ല് തകര്‍ത്ത് ഏഴ് ലക്ഷത്തോളം രൂപ കവര്‍ന്നു
മോഷണം പോയത് വ്യാപാര സ്ഥാപന ഉടമ സ്ഥലത്തില്ലാത്തതിനെ തുടര്‍ന്ന് ജീവനക്കാരന്‍ വീട്ടിലേക്ക് കൊണ്ടുപോയ കലക്ഷന്‍ തുക
![](https://assets.sirajlive.com/2025/02/untitled-1-9-897x538.jpg)
തൃശൂര്‍ | പേരാമംഗലത്ത് കാറിന്റെ ചില്ല് തകര്‍ത്ത് ഏഴ് ലക്ഷത്തോളം രൂപ കവര്‍ന്നു. തൃശൂരിലെ എ എസ് ട്രേഡേഴ്‌സ് സ്ഥാപനത്തിലെ ജീവനക്കാരന്‍ പേരാമംഗലം സ്വദേശി കടവി ജോര്‍ജിന്റെ വാഹനത്തില്‍ നിന്നാണ് പണം കവര്‍ന്നത്. ഇന്നലെ കടയടച്ചതിന് ശേഷം വീട്ടിലേക്ക് വരുന്നതിനിടെ രാത്രി ഒമ്പതരയോടെ പേരാമംഗലം പള്ളിയില്‍ പ്രാര്‍ഥിക്കാനായി പോയി തിരികെ വന്നപ്പോഴാണ് കാറിന്റെ ചില്ല് തകര്‍ത്ത് പണം മോഷ്ടിച്ച വിവരം ജോര്‍ജ് അറിഞ്ഞത്.
എ എസ് ട്രേഡേഴ്‌സ് സ്ഥാപന ഉടമ സ്ഥലത്ത് ഇല്ലാത്തതിനെ തുടര്‍ന്നാണ് ജീവനക്കാരന്‍ ജോര്‍ജ് അന്നത്തെ കലക്ഷന്‍ വീട്ടിലേക്ക് കൊണ്ടുവന്നത്. കാറിന്റെ ഇടതു വശത്തെ ചില്ല് തകര്‍ത്താണ് മോഷ്ടാവ് പണം കവര്‍ന്നത്. സംഭവത്തില്‍ പേരാമംഗലം പോലീസ് അന്വേഷണം തുടങ്ങി. മേഖലയിലെ സി സി ടി വി ക്യാമറകള്‍ ഉള്‍പ്പെടെ പരിശോധിക്കും.