Uae
അനധികൃത ഉഴിച്ചിൽ കേന്ദ്രങ്ങളുടെ കാർഡ് അച്ചടി: നാല് പ്രസ്സുകൾ പൂട്ടി
മസാജ് കാർഡുകളുമായി ബന്ധപ്പെട്ട രീതികളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അന്വേഷിക്കുന്നതിന് ജനറൽ ഡിപ്പാർട്ട്മെന്റ്ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഒരു സംഘത്തെ രൂപീകരിച്ചിരുന്നു.

ദുബൈ | അനധികൃത ഉഴിച്ചിൽ കേന്ദ്രങ്ങളുടെ വിസിറ്റിംഗ് കാർഡുകൾ അച്ചടിച്ചു നൽകിയതിന് നാല് പ്രിന്റിംഗ് പ്രസ്സുകൾ അടച്ചുപൂട്ടുകയും കാർഡ് വിതരണം ചെയ്യ്തവരെ അറസ്റ്റു ചെയ്തതായും ദുബൈ പോലീസ് അറിയിച്ചു.
ഈ പ്രിന്റിംഗ് പ്രസ്സുകളുമായി ബന്ധപ്പെടുന്നവർക്ക് നിയമപരമായ ശിക്ഷകൾ നേരിടേണ്ടിവരുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.മസാജ് കാർഡുകളിൽ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടരുതെന്ന് അധികൃതർ നിർദേശിച്ചു.അങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് മാത്രമല്ല അപകടകരവുമാണ്. മോഷണം അല്ലെങ്കിൽ പിടിച്ചുപറി പോലുള്ള അപകടസാധ്യതകൾക്ക് വ്യക്തികളെ വിധേയരാക്കും. മസാജ് കാർഡുകളുമായി ബന്ധപ്പെട്ട രീതികളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അന്വേഷിക്കുന്നതിന് ജനറൽ ഡിപ്പാർട്ട്മെന്റ്ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഒരു സംഘത്തെ രൂപീകരിച്ചിരുന്നു.
ഇവ റിപ്പോർട്ട് ചെയ്ത കമ്മ്യൂണിറ്റി അംഗങ്ങളുടെ സഹകരണത്തെ പോലീസ് അഭിനന്ദിച്ചു. ലൈസൻസില്ലാത്തതും നിയമവിരുദ്ധവുമായ മസാജ് സേവനങ്ങൾ പരസ്യപ്പെടുത്തുന്ന ഈ കാർഡുകളിൽ പലപ്പോഴും സ്ത്രീകളുടെയും നടിമാരുടെയും അശ്ലീല ഫോട്ടോകൾ ഉണ്ടാകും. ഒമ്പത് വയസ്സുള്ള മകന്റെ സ്‌കൂൾ ബാഗിൽ നിന്ന് മസാജ് കാർഡുകളുടെ ഒരു കൂട്ടം മാതാവ് കണ്ടെത്തി.
വർഷങ്ങളായി അനധികൃത മസാജ് കാർഡുകളുടെ കൂമ്പാരം നഗരസഭ കണ്ടുകെട്ടാറുണ്ട്. എന്നിരുന്നാലും ചില പ്രദേശങ്ങളിൽ നടപ്പാതകളിലും തെരുവുകളിലും താമസ സ്ഥലങ്ങളിലും ചിതറിക്കിടക്കുന്നതായി കാണപ്പെടുന്നു. കുട്ടികളുമായി, ഈ അനുചിതമായ കാർഡുകളെക്കുറിച്ചും അവ എന്തുകൊണ്ട് എടുക്കരുതെന്നതിനെക്കുറിച്ചും തുറന്ന സംഭാഷണങ്ങൾ നടത്തണമെന്ന് വിദഗ്ധരും അധികാരികളും അഭ്യർഥിച്ചിട്ടുണ്ട്.
“പോലീസ് ഐ’ ആപ്പ് ഉപയോഗിക്കുക, പൊതുസ്ഥലങ്ങളിൽ മസാജ് സേവനങ്ങൾക്കായി പ്രൊമോഷണൽ കാർഡുകൾ വിതരണം ചെയ്യുന്നതോ പോസ്റ്റ് ചെയ്യുന്നതോ പോലുള്ള നെഗറ്റീവ് പെരുമാറ്റങ്ങൾ ഉടൻ റിപ്പോർട്ട് ചെയ്യുക എന്നിവ പോലീസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. 901 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കുകയോ അല്ലെങ്കിൽ ദുബൈ പോലീസ് ആപ്പിൽ ലഭ്യമായ “പോലീസ് ഐ’ സേവനം ഉപയോഗിക്കുകയോ ചെയ്യാം. സമൂഹത്തിന്റെ സുരക്ഷക്ക് ഭീഷണിയായേക്കാവുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുക എന്നതാണ് ലക്ഷ്യം.