Connect with us

National

ബിഹാറില്‍ കാലൊടിഞ്ഞ യുവാവിന് കാര്‍ഡ്‌ബോര്‍ഡിന്റെ പ്ലാസ്റ്റര്‍; അന്വേഷണത്തിന് ഉത്തരവിട്ട് മെഡിക്കല്‍ കോളേജ് സുപ്രണ്ട്

ബിഹാറിലെ മുസാഫര്‍പൂരിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ഗുരുതര വീഴ്ച സംഭവിച്ചത്

Published

|

Last Updated

മുസാഫര്‍പൂര്‍ | ബൈക്കില്‍ നിന്ന് വീണ് കാലൊടിഞ്ഞ യുവാവിന് പ്ലാസ്റ്ററിന് പകരം കാര്‍ഡ്‌ബോര്‍ഡ്  കെട്ടിനല്‍കി ബിഹാറിലെ ആരോഗ്യപ്രവര്‍ത്തകര്‍. ബിഹാറിലെ മുസാഫര്‍പൂരിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ഗുരുതര വീഴ്ച സംഭവിച്ചത്. ബൈക്കില്‍ നിന്ന് വീണ നിതീഷ് കുമാര്‍ എന്ന യുവാവിനാണ് ആശുപത്രിയില്‍ നിന്നും കാര്‍ഡ്‌ബോര്‍ഡ് കെട്ടിനല്‍കിയത്.

മിനാപൂരിലേക്കുള്ള യാത്രക്കിടെ നിതീഷ് കുമാര്‍ ബൈക്കില്‍ നിന്നും വീഴുകയായിരുന്നു. പരിശോധനയില്‍ കാലിന് പൊട്ടലേറ്റതായി കണ്ടെത്തിയെങ്കിലും പ്ലാസ്റ്റര്‍ ഇല്ലാത്തതിനാല്‍ കാര്‍ഡ്‌ബോര്‍ഡ് കൊണ്ട് കെട്ടിവെക്കുകയായിരുന്നു. ഇയാളെ പിന്നീട് മുസാഫര്‍പൂരിലെ ശ്രീകൃഷ്ണ ആശുപത്രിയിലേക്ക് മാറ്റി.

യുവാവ് കാര്‍ഡ്‌ബോര്‍ഡ് കാലില്‍ കെട്ടിയ നിലയില്‍ ആശുപത്രിയില്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. നികേഷ് കുമാറിന് ആവശ്യമായ ചികിത്സ ഉടന്‍ നല്‍കാന്‍ ഡോക്ടര്‍മാരോട് നിര്‍ദേശിച്ചതായി മെഡിക്കല്‍ കോളേജ് സുപ്രണ്ട് ഡോ. വിഭ കുമാരി പറഞ്ഞു. എന്ത് കൊണ്ടാണ് യുവാവിന് പ്ലാസ്റ്ററിന് പകരം കാര്‍ഡ്‌ബോര്‍ഡ് കെട്ടിനല്‍കിയതെന്ന് അന്വേഷിക്കുമെന്നും സുപ്രണ്ട് വ്യക്തമാക്കി.