Kerala
ലക്ഷദ്വീപിലെ സ്വൈര ജീവിതം തകർക്കുന്നതിനെതിരെ ജാഗ്രത വേണം: മുസ്‌ലിം ജമാഅത്ത് ലക്ഷദ്വീപ് ചാപ്റ്റർ പ്രതിനിധി സമ്മേളനം
ദ്വീപ് തല അംഗത്വകാല പ്രവർത്തനങ്ങൾക്ക് അന്തിമരൂപമായി
കൊച്ചി | പരസ്പര സ്നേഹത്തോടെയും ഒരുമയോടെയും കഴിയുന്ന ലക്ഷദ്വീപ് നിവാസികളുടെ സ്വൈര ജീവിതം തകരാൻ കാരണമാകുന്ന തരത്തിലുള്ള തെറ്റായ പ്രവണതകൾക്കെതിരെ ജാഗ്രത സൂക്ഷിക്കണമെന്ന് മുസ്‌ലിം ജമാഅത്ത് ലക്ഷദ്വീപ് ചാപ്റ്റർ പ്രതിനിധി സമ്മേളനം ആഹ്വാനം ചെയ്തു.
ദ്വീപുകളുടെ പൈതൃകവും പാരമ്പര്യവും സാംസ്കാരിക തനിമയും കാത്തുസൂക്ഷിക്കപ്പെടണം. കരയിൽ നിന്നും ദ്വീപ സമൂഹങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര സൗകര്യങ്ങൾ വർധിപ്പിക്കുകയും യാത്രാ നടപടിക്രമങ്ങൾ സുതാര്യമാക്കുകയും വേണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
ചേരാനല്ലൂർ ജാമിഅ അശ്അരിയ്യ:യിൽ നടന്ന സമ്മേളനം ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം എൻ അലി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. വി എച്ച് അലി ദാരിമി അധ്യക്ഷത വഹിച്ചു. സയ്യിദ് ഫത്ഹുദ്ദീൻ ആറ്റക്കോയ തങ്ങൾ ആന്ത്രോത്ത് പ്രാർഥന നടത്തി. വിവിധ സെഷനുകൾക്ക് മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിമാരായ പ്രൊഫ. യു സി അബ്ദുൽ മജീദ്, മുസ്ത്വഫ കോഡൂർ, എസ് വൈ എസ് സെക്രട്ടറിമാരായ മുഹമ്മദ് പറവൂർ, പി എ അബ്ദുൽ ജബ്ബാർ സഖാഫി, എസ് എസ് എഫ് സംസ്ഥാന സെക്ര. ഇല്യാസ് സഖാഫി കൂമണ്ണ നേതൃത്വം നൽകി.
പി എ ഹൈദ്രോസ് ഹാജി, ശാജഹാൻ സഖാഫി കാക്കനാട് പ്രസംഗിച്ചു. സമാപന സംഗമത്തിന് സയ്യിദ് സഹീർ ജീലാനി കവരത്തി നേതൃത്വം നൽകി.
കവരത്തി, അഗത്തി, ആന്ത്രോത്ത്, കടമത്ത്, അമിനി, കിൽത്താൻ, ചെത്‌ലത്ത്, കൽപേനി ദ്വീപുകളിൽ നിന്നായി മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ഘടകങ്ങളെ പ്രതിനിധീകരിച്ച് നൂറ് പേർ സംബന്ധിച്ചു.
പ്രസ്ഥാനത്തിൻ്റെ ദ്വീപ് തല അംഗത്വകാല പ്രവർത്തനങ്ങൾക്ക് സമ്മേളനം അന്തിമ രൂപം നൽകി.