National
ഛത്തീസ്ഗഡില്‍ ചരക്ക് ലോറി മിനിട്രക്കുമായി കൂട്ടിയിടിച്ച് അപകടം; എട്ട് മരണം
അപകടത്തില്‍ 23 പേര്‍ക്ക് പരുക്കേറ്റു. നാലുപേരുടെ നില ഗുരുതരം.

ന്യൂഡല്‍ഹി|ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയില്‍ ചരക്ക് ലോറി റോഡരികില്‍ നിര്‍ത്തിയിട്ട മിനി ട്രക്കുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം എട്ട് പേര്‍ മരിച്ചു. മരിച്ചവരില്‍ അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളുമാണുള്ളത്. അപകടത്തില്‍ 23പേര്‍ക്ക് പരുക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച രാത്രി കാതിയ ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്.
ഭൂരി നിഷാദ് (50), നീര സാഹു (55), ഗീത സാഹു (60), അഗ്നിയ സാഹു (60), ഖുശ്ബു സാഹു (39), മധു സാഹു (5), റികേഷ് നിഷാദ് (6), ട്വിങ്കിള്‍ നിഷാദ് (6) എന്നിവരാണ് മരിച്ചത്. മരിച്ചവരെല്ലാം പത്താര ഗ്രാമത്തിലുള്ളവരാണ്. തിരയ്യ ഗ്രാമത്തിലെ കുടുംബ ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയവരാണ് അപകടത്തില്‍പ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
പരുക്കേറ്റവരെ രണ്ട് ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഗുരുതരമായി പരുക്കേറ്റ നാല് പേരെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് റായ്പൂരിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.