First Gear
അടുത്ത വർഷത്തോടെ ഇന്ത്യയിലെ കാറുകൾ എഐ ടെക്നോളജിയിലേക്ക്: റിപ്പോർട്ട്
2025 മുതൽ, ഇന്ത്യയിലെ പാസഞ്ചർ കാറുകളിൽ 5G M2M കണക്റ്റിവിറ്റി, GenAI, ക്ലൗഡ് കണക്റ്റിവിറ്റി എന്നിവ സജ്ജീകരിക്കും
ന്യൂഡൽഹി | 5G മെഷീൻ ടു മെഷീൻ (M2M) കണക്റ്റിവിറ്റിയും നൂതന എഐ സാങ്കേതികവിദ്യകളും ഉൾക്കൊള്ളുന്ന വാഹനങ്ങൾ അവതരിപ്പിക്കുന്നതോടെ 2025-ൽ ഇന്ത്യ കാറുകൾ “സ്മാർട്ട് യുഗത്തിലേക്ക്” പ്രവേശിക്കുമെന്ന് ടെച്ചാർക്കിൻ്റെ ഇന്ത്യ കണക്റ്റഡ് കൺസ്യൂമർ റിപ്പോർട്ട്. ഓട്ടോമോട്ടീവ് മേഖല 4G ഒഴിവാക്കുമെന്നും ഏറ്റവും പുതിയ 5G സെല്ലുലാർ സാങ്കേതികവിദ്യ ഉപയോഗിച്ച് കണക്റ്റിവിറ്റി പ്രാപ്തമാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. കാറുകളിൽ നിരവധി സ്മാർട്ട് ഫീച്ചറുകൾക്കുപകരം മികച്ച ഗുണമേന്മയും അനുഭവവും നൽകുന്നവയ്‌ക്കാകും ഉപഭോക്താക്കൾ പ്രധാന്യം നൽകുകയെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്‌മാർട്ട്/കണക്‌റ്റഡ് കാറുകൾക്ക് ഉപഭോക്താക്കൾക്കിടയിൽ വലിയ താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത് കണക്കിലെടുത്താണ് കമ്പനികൾ സ്‌മാർട്ട് കാർ കോൺസപ്‌റ്റുകളിലേക്ക് കടക്കുന്നത്. 2025 മുതൽ, ഇന്ത്യയിലെ പാസഞ്ചർ കാറുകളിൽ 5G M2M കണക്റ്റിവിറ്റി, GenAI, ക്ലൗഡ് കണക്റ്റിവിറ്റി എന്നിവ സജ്ജീകരിക്കും. ഇൻ-വെഹിക്കിൾ കമ്പ്യൂട്ടിംഗും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും (GenAI), ക്ലൗഡ് ആപ്ലിക്കേഷനുകൾക്കൊപ്പം, കാറുകളുടെ അവശ്യ ഘടകങ്ങളായി മാറുമെന്നും റിപ്പോർട്ടിലുണ്ട്.
20 ലക്ഷം രൂപയോ അതിൽ കൂടുതലോ വിലയുള്ള മിക്ക കാറുകളും ഈ സാങ്കേതികവിദ്യകൾ സ്റ്റാൻഡേർഡായി അവതരിപ്പിക്കും. ഓഡിയോ/വീഡിയോ കോൺഫറൻസിംഗ്, OTT വിനോദ ആപ്പുകൾ, മ്യൂസിക് സ്ട്രീമിംഗ്, പോഡ്‌കാസ്റ്റുകൾ, ഓൺലൈൻ ഷോപ്പിംഗ്, വാഹന അറ്റകുറ്റപ്പണികൾ, സേവനങ്ങൾ എന്നിവയ്ക്കായുള്ള കമ്മ്യൂണിക്കേഷൻ ആപ്പുകളും ഡ്രൈവിംഗ് സമയത്ത് ഉപഭോക്താക്കൾക്ക് ഉപയോഗിക്കാനാകുന്ന പരിചിതമായ ചില ആപ്ലിക്കേഷനുകളിൽ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ടിൽ ഉള്ളത്.
ഇന്ത്യയിൽ കണക്റ്റഡ് കാറുകൾ ലഭ്യമാക്കുന്നതിൽ എംജി മോട്ടോഴ്‌സ് മുന്നിലാണെന്നും കിയ മോട്ടോഴ്‌സ് 18 ശതമാനവും ടാറ്റ മോട്ടോഴ്‌സ് 15 ശതമാനവും ആണെന്നും പ്രതികരിച്ചവരിൽ 21 ശതമാനം പേരും പറഞ്ഞു.