National
സവർക്കറെ വിമർശിച്ച കേസ്: കോടതിയിൽ ഹാജരാകുന്നതിന് രാഹുൽ ഗാന്ധിക്ക് സ്ഥിരം ഇളവ്
രാഹുൽ ലോക്സഭാ പ്രതിപക്ഷ നേതാവാണെന്നും അദ്ദേഹത്തിന് നിരവധി യോഗങ്ങളിൽ പങ്കെടുക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

പുണെ | സവർക്കറെ വിമർശിച്ചതുമായി ബന്ധപ്പെട്ട മാനനഷ്ട കേസിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സ്ഥിരമായി കോടതിയിൽ ഹാജരാകേണ്ടതില്ലെന്ന് കോടതി. പൂനെയിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി ജഡ്ജി അമോൽ ഷിന്റെയുടെതാണ് ഉത്തരവ്. രാഹുൽ ലോക്സഭാ പ്രതിപക്ഷ നേതാവാണെന്നും അദ്ദേഹത്തിന് നിരവധി യോഗങ്ങളിൽ പങ്കെടുക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
കോടതിയിൽ ഹാജരാകുന്നതിൽ ഇളവ് തേടി രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ മിലിന്ദ് പവാർ നൽകിയ ഹരജി പരിഗണിച്ചാണ് കോടതി നടപടി. സവർക്കറുടെ ബന്ധുവാണ് ഈ കേസിൽ പരാതിക്കാരൻ. കേസിൽ രാഹുൽ ഗാന്ധിക്ക് ഇതിനകം ജാമ്യം ലഭിച്ചിട്ടുണ്ട്.
സെ-പ്ലസ് സുരക്ഷ ഉള്ള രാഹുൽ ഗാന്ധി കോടതിയിൽ ഹാരാകുമ്പോൾ ഉണ്ടാകുന്ന ചെലവുകളും സുരക്ഷാ ക്രമീകണങ്ങളും കണക്കിലെടുക്കുന്നതായും കോടതി വ്യക്തമാക്കി.